Top

ചരിത്രം തിരുത്തി എഴുതിയ ജനകീയ നേതാവ് – പി രാജീവ്

പൊതുപ്രവര്‍ത്തന രംഗത്ത് നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള രാജീവിന് പുതിയ ചുമതലയിലും അതേ മികവ് ആവര്‍ത്തിക്കാനാകും എന്ന വിശ്വാസത്തോടെയാണ് എറണാകുളത്തിന്റെ ജനകീയ നേതാവിനെ ഇടതുമുന്നണി മന്ത്രിപദമേല്‍പ്പിക്കുന്നത്.

19 May 2021 5:51 AM GMT

ചരിത്രം തിരുത്തി എഴുതിയ ജനകീയ നേതാവ് – പി രാജീവ്
X

യുഡിഎഫ് കോട്ടയില്‍, വി കെ ഇബ്രാഹിം കുഞ്ഞിന്റെ സ്വന്തം മണ്ഡലത്തില്‍, അദ്ദേഹത്തിന്റെ മകനെ പരാജയപ്പെടുത്തിയ തിളങ്ങുന്ന വിജയവുമായാണ് പി രാജീവ് നിയമസഭയില്‍ എത്തിയത്. എന്നാല്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും സംഘടന പ്രവര്‍ത്തകന്‍ എന്ന നിലയിലുമുള്ള രാജീവിന്റെ പ്രവര്‍ത്തന മികവ് കന്നിവിജയത്തോടെ തന്നെ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയിലേക്കാണ്.

പൊതുപ്രവര്‍ത്തന രംഗത്ത് നിരവധി ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുള്ള രാജീവിന് പുതിയ ചുമതലയിലും അതേ മികവ് ആവര്‍ത്തിക്കാനാകും എന്ന വിശ്വാസത്തോടെയാണ് എറണാകുളത്തിന്റെ ജനകീയ നേതാവിനെ ഇടതുമുന്നണി മന്ത്രിപദമേല്‍പ്പിക്കുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പി രാജീവ് പൊതുരംഗത്തെത്തുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ തെളിഞ്ഞ അദ്ദേഹം 2009-ലാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി പാര്‍ലമെന്റിലെത്തുന്നത്.

അവിടുന്ന് 2015-ല്‍ വിരമിക്കുന്നതുവരെയുള്ള രാജ്യസഭാ കാലഘട്ടമാണ് പി രാജീവിന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചത്. ഇക്കാലയളവില്‍ രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്‍മാന്‍ പാനലിലും പാര്‍ലമെന്ററി കമ്മിറ്റികളായ അഡൈ്വസറി കമ്മിറ്റി, പെറ്റിഷന്‍സ് കമ്മിറ്റി, ഫിനാന്‍സ് കമ്മിറ്റി, ഇന്‍ഫര്‍മേഷന്‍ കമ്മിറ്റി, ഇന്‍ഷൂറന്‍സ് ബില്ല് സെലക്ട് കമ്മിറ്റി, ബി എസ് എന്‍ എല്‍ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി, ഹൈക്കോടതി വാണിജ്യ ഡിവിഷന്‍ ബില്ല് സെലക്ട് കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു പി രാജീവ്.

2011-ല്‍ സ്വീഡന്‍ ഡെന്‍മാര്‍ക്ക് രാജ്യങ്ങള്‍ സന്ദര്‍ശിച്ച ലോകസഭാ സ്പീക്കറിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ സംഘത്തില്‍ അംഗമായിരുന്നു പി രാജീവ്. 2013-ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലി, സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്തു സംസാരിച്ചു. 2014-ലെ രാജ്യസഭാ ചെയര്‍മാന്‍ ഡോക്ടര്‍ ഹമീദ് അന്‍സാരിയും ചൈനീസ് വൈസ് പ്രസിഡന്റും തമ്മിലുള്ള ഉപയകക്ഷി ചര്‍ച്ചയ്ക്കുള്ള സംഘത്തില്‍ അംഗമായിരുന്നു. 2015 കോമണ്‍വെല്‍ത്ത് പാര്‍ലമെന്റ് അസോസിയേഷന്‍ പി രാജീവിനെ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കും ക്ഷണിച്ചു.

ഇതിനുപുറമെ ഇന്ത്യന്‍ കയര്‍ബോര്‍ഡ് അംഗം, രാജ്യസഭയിലെ സിപിഐഎം ചീഫ് വിപ്പ്, സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. 2015-ല്‍ രാജ്യസഭാ അംഗത്വത്തില്‍ നിന്ന് വിരമിച്ച ശേഷം 2015, 16 വര്‍ഷങ്ങളില്‍ നവ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപക പാനലിലും പി രാജീവുണ്ടായിരുന്നു.

രാജ്യസഭാംഗത്വത്തില്‍ നിന്ന് വിരമിക്കുമ്പോള്‍, അരുണ്‍ ജെയ്റ്റ്‌ലിയും ഗുലാംനബി ആസാദും അടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ രാജീവിനെ രണ്ടാംവട്ടവും രാജ്യസഭയില്‍ എത്തിക്കണമെന്ന ആവശ്യമുയര്‍ത്തിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള തെളിവായിരുന്നു.

പാര്‍ലമെന്റിലേക്ക് നല്‍കിയ സംഭാവനയ്ക്ക് സന്‍സദ് രത്‌ന പുരസ്‌കാരം നല്‍കിയാണ് 2016-ല്‍ രാജ്യസഭ പി രാജീവിനെ യാത്രയാക്കിയത്.

എംപിയായിരിക്കെ നടപ്പിലാക്കിയ ശുചി അറ്റ് സ്‌കൂള്‍ പദ്ധതിക്ക് 2011 ലെ മുഖ്യമന്ത്രിയുടെ നവ വികസന പുരസ്‌കാരം, 2014 ലെ മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനുള്ള മുന്‍ മുഖ്യമന്ത്രി പി കെ വാസുദേവന്‍ നായര്‍ സ്മാരക പുരസ്‌കാരം, 2014 ലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള എ സി ഷണ്‍മുഖദാസ് പുരസ്‌കാരം, 2010 ല്‍ സി പി മമ്മു സ്മാരക പുരസ്‌കാരം, 2006 ല്‍ മികച്ച എഡിറ്റോറിയനുള്ള പന്തളം കേരള വര്‍മ്മ പുരസ്‌കാരം, 2017 ലെ സഫ്ദര്‍ ഹാഷ്മി പുരസ്‌കാരം, എന്നിങ്ങനെ പി രാജീവിനെ തേടിയെത്തിയ പുരസ്‌കാരങ്ങള്‍ ഏറെയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ ഫണ്ട്, പൊതുമേഖല സ്വകാര്യമേഖല സ്ഥാപനങ്ങളുടെ സിഎസ്ആര്‍ഫണ്ട്, വ്യക്തികളുടെ സംഭാവനകള്‍ എന്നിവ ചേര്‍ത്ത് നടപ്പിലാക്കിയ എം പി ഫണ്ട് പദ്ധതി രാജ്യത്തിന് മാതൃകയാവുകയും ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം സിപിഐഎം സെക്രട്ടേറിയേറ്റ് അംഗം ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു രാജീവ്.

ആഗോളവല്‍ക്കരണകാലത്തെ ക്യാമ്പസ്, വിവാദങ്ങളില്‍ വ്യതിയാനങ്ങള്‍, കാഴ്ചവട്ടം, പുരയ്ക്കു മേല്‍ ചാഞ്ഞ മരം, 1957 ചരിത്രവും വര്‍ത്തമാനവും, എന്തുകൊണ്ട് ഇടതുപക്ഷം, സത്യാനന്തര കാലത്തെ പ്രതീതി നിര്‍മ്മാണം, ഭരണഘടന ചരിത്രവും വര്‍ത്തമാനവും എന്നിവ പി രാജീവിന്റെ പ്രധാന കൃതികളാണ്.

1967 ല്‍ തൃശൂര്‍ ജില്ലയിലെ മേലഡൂരില്‍ പി വാസുദേവന്റെയും രാധ വാസുദേവന്റെയും മകനായി ജനിച്ചു. ബി എ, എല്‍എല്‍ബി, ഡിപ്ലോ ഇന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എന്നിവയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊച്ചി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കളാണ്.

Also Read: ആദ്യ വരവ് തന്നെ നാഥന്റെ കസേരയിലേക്ക്

Next Story