‘ഇതുവരെ കണ്ട ആളുതന്നെയാണോ ഇത് എന്നു തോന്നിപ്പോയി’; കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുന്ന ആളായിരുന്നു ഇ ശ്രീധരനെന്ന് പി രാജീവ്
അഴിമതിയുടെ ഒരു പിന്തുടര്ച്ച വേണോ അതോ ഭരണമികവിന് തുടര്‍ച്ച വേണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഏതു തരത്തിലും കാര്യങ്ങള്‍ കൊണ്ടുപോകാമെന്നു കരുതിയാല്‍ ജനം അത് അംഗീകരിക്കില്ല.

കളമശ്ശേരി: ബിജെപി പ്രവേശത്തോടെ ഇ ശ്രീധരനെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം തകര്‍ന്നുപോയെന്ന് മുന്‍ എംപിയും സിപിഐഎമ്മിന്റെ കളമശ്ശേരി സ്ഥാനാര്‍ത്ഥിയുമായ പി രാജീവ്. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ശക്തമായി ഞങ്ങള്‍ എല്ലാം ഇടപെട്ടിരുന്നു. അന്നു മുതല്‍ നല്ല ബന്ധം അദ്ദേഹവുമായി എനിക്കുണ്ടായി. എന്നാല്‍ ബിജെപി പ്രവേശനത്തിനുശേഷമുള്ള ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഇതുവരെ കണ്ടിരുന്ന ആള് തന്നെയാണോ ഇത് എന്നുതോന്നിപ്പോയെന്നും പി രാജീവ് പറഞ്ഞു.
മലയാള മനോരമക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പി രാജീവന്റെ പ്രതികരണം.
അദ്ദേഹത്തെക്കുറിച്ചുള്ള മുന്‍ധാരണകളെല്ലാം പെട്ടെന്നു തകര്‍ന്നുപോയി. അതിനുശേഷമുള്ള ചില പ്രതികരണങ്ങള്‍ കൂടി കണ്ടപ്പോള്‍ ഇതുവരെ കണ്ടിരുന്ന ആള് തന്നെയാണോ ഇത് എന്നുതോന്നിപ്പോയി. സാധാരണ ഗതിയില്‍ കാര്യങ്ങള്‍ ആലോചിച്ച് ചെയ്യുന്നയാള്‍ ഇങ്ങനെ തീരുമാനിച്ചപ്പോള്‍ അതിശയം തോന്നി. ഇങ്ങനെ വേണ്ടിയിരുന്നോ എന്ന് ആലോചിക്കേണ്ടത് അദ്ദേഹമാണ്.
പി രാജീവ്
അദ്ദേഹത്തിന്റെ മേഖലയില്‍ നല്കിയ സംഭാവനകള്‍ ആര്‍ക്കും കുറച്ചുകാണാന്‍ പറ്റില്ല. കാര്യങ്ങള്‍ വഴിതെറ്റിപ്പോകുന്നു എന്നതു സംബന്ധിച്ച അന്ന് അദ്ദേഹം നല്കിയ വിവരങ്ങളും പ്രധാനമായിരുന്നു. അങ്ങനെ എല്ലാവരുടെയും ആളായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും പി രാജീവ് പ്രതികരിച്ചു.
കളമശ്ശേരിയിലെ സ്ഥാനാര്‍ത്ഥി മാറ്റത്തില്‍ ഇടതുപക്ഷമുന്നണിക്കുള്ളില് തര്‍ക്കങ്ങളില്ലെന്നും പ്രത്യേക മാനദണ്ഡങ്ങള്‍ പ്രകാരം എംഎല്‍എമാരെ മാറ്റിനിര്‍ത്തുന്ന പതിവ് മുസ്ലിം ലീഗിനില്ലെന്നിരിക്കെ വി കെ ഇബ്രാഹിംകുഞ്ഞ് എന്തുകൊണ്ട് ഒഴിവായെന്ന് ചോദ്യമാണുയരുന്നതെന്നും പി രാജീവ് അഭിമുഖത്തില്‍ പരാമര്‍ശിച്ചു.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ചില എംഎല്‍എമാരെ മാറ്റി നിര്‍ത്തിയിട്ടുണ്ട് പക്ഷേ ലീഗ് അങ്ങനെ സാധാരണ ചെയ്യാറില്ല. അപ്പോള്‍ ഒഴിവായതിന് അതല്ല കാരണം. സമൂഹത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന പ്രശ്നത്തെ അവര്‍ മനസിലാക്കി. ഇബ്രാഹിംകുഞ്ഞ് മത്സരിച്ചാല്‍ എല്‍ഡിഎഫിന് കുറച്ചുകൂടി മെച്ചം ഉണ്ടാകുമെന്ന് കരുതിയാകും അദ്ദേഹത്തെ മാറ്റിയത്.
പി രാജീവ്
അഴിമതിയുടെ ഒരു പിന്തുടര്ച്ച വേണോ അതോ ഭരണമികവിന് തുടര്‍ച്ച വേണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഏതു തരത്തിലും കാര്യങ്ങള്‍ കൊണ്ടുപോകാമെന്നു കരുതിയാല്‍ ജനം അത് അംഗീകരിക്കില്ല. രണ്ടും ഒന്നു തന്നെ ആയിട്ടാണ് ജനം കാണുന്നത്. അതുകൊണ്ട് സ്ഥാനാര്‍ത്ഥി മാറിയതില്‍ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.