‘യുഡിഎഫിന് മൊത്തത്തില്‍ പരാജയം, അതിന്റെ ദോഷം ലീഗിനുമുണ്ട്’; തിരിച്ചടിയില്‍ പ്രതികരിച്ച് പി കെ കുഞ്ഞാലിക്കുട്ടി
അതേസമയം, ഇത്ര വലിയ ഒരു തരംഗം എല്‍ഡിഎഫിന് അനുകൂലമായുണ്ടെന്ന് കണ്ടിരുന്നില്ലെന്നും സര്‍വ്വേകളില്‍ പോലും അങ്ങനെ വന്നിട്ടില്ലായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട തിരിച്ചടിയില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജനവിധി മാനിക്കുന്നുവെന്നും വളരെ വ്യക്തമായ ഒരു ജനവിധി ഇടതുപക്ഷത്തിന് അനുകൂലമായി ഉണ്ടായെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിന് മുഴുവനായുണ്ടായ തോല്‍വിയില്‍ ലീഗിനും ദോഷമുണ്ടായി. അതിനെക്കുറിച്ച് തങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന് മൊത്തത്തില്‍ തോല്‍വിയുണ്ടാകുമ്പോള്‍ അത് ലീഗിനെയും ബാധിക്കുമല്ലോ. ലീഗ് ഇപ്പോള്‍ 27 സീറ്റില്‍ 15 സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. അതല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്. യുഡിഎഫിന് മൊത്തത്തില്‍ പരാജയമുണ്ടായിട്ടുണ്ട്. അതിന്റെ ദോഷം പാര്‍ട്ടിക്കുമുണ്ട്. അത് ഞങ്ങള്‍ വിശദമായി പരിശോധിക്കും.
ജനാധിപത്യത്തില്‍ ഇത് സാധാരണമാണ്. ഇതിലും വലിയ പരാജയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളവും യുഡിഎഫിനെ സംബന്ധിച്ചിടത്തോളവുമൊക്കെ ഉണ്ടായിട്ടുണ്ട്. അതൊക്കെ അതിജീവിച്ച് പിന്നെ യുഡിഎഫ് അധികാരത്തില്‍ വന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ജനവിധിയെ മാനിക്കുന്നു എന്നു മാത്രമേ പറയുന്നുള്ളൂ. ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ ആലോചിച്ചതിനുശേഷം, മീറ്റിംഗുകളും മറ്റ് കാര്യങ്ങളും കഴിഞ്ഞതിനുശേഷം വിശദമായി വിലയിരുത്തിയതിന് ശേഷം പറയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇത്ര വലിയ ഒരു തരംഗം എല്‍ഡിഎഫിന് അനുകൂലമായുണ്ടെന്ന് കണ്ടിരുന്നില്ലെന്നും സര്‍വ്വേകളില്‍ പോലും അങ്ങനെ വന്നിട്ടില്ലായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിന് എവിടെയാണ് തിരിച്ചടി നേരിട്ടതെന്ന് വിശദമായി പരിശോധിക്കണം. യുഡിഎഫ് യോഗം ചേര്‍ന്ന് പരിശോധിക്കണം. വിശദമായ പരിശോധന നടത്തി ധീരമായി യുഡിഎഫ് മുന്നോട്ടുപോകും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ആ കാര്യമേ ഇപ്പോള്‍ പറയുന്നുള്ളൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.