Top

‘ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’; ലീഗ് പ്രവര്‍ത്തകന്റെ കൊലയെ ന്യായീകരിച്ച മകനെ തള്ളി പി ജയരാജന്‍

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ മകന്‍ ജയിന്‍ രാജിനെ തള്ളി സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി. മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി ജയരാജന്റെ വാക്കുകള്‍: ”ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി […]

7 April 2021 3:16 AM GMT

‘ഇരന്ന് വാങ്ങുന്നത് ശീലമായി പോയി’; ലീഗ് പ്രവര്‍ത്തകന്റെ കൊലയെ ന്യായീകരിച്ച മകനെ തള്ളി പി ജയരാജന്‍
X

പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തെ ന്യായീകരിച്ച് പരാമര്‍ശം നടത്തിയ മകന്‍ ജയിന്‍ രാജിനെ തള്ളി സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.
ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്നും പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് താന്‍ യോജിക്കുന്നില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി. മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി ജയരാജന്റെ വാക്കുകള്‍: ”ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണെങ്കില്‍ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന്‍ യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്‍ട്ടി അനുഭാവികള്‍ ഏര്‍പ്പെടേണ്ടത്.”

പാനൂര്‍ കൊലപാതകത്തിന് പിന്നാലെ ജയിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇരന്ന് വാങ്ങുന്നത് ശീലമായി പോയി എന്ന പരാമര്‍ശമാണ് വിവാദമായത്. ആസൂത്രിത കൊലപാതകമാണെന്നതിന്റെ തെളിവാണ് ജയിന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പറഞ്ഞു.

ഇതിനിടെ കൊല ആസൂത്രിതമല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ വ്യക്തമാക്കി. പ്രതികളെ ഒരിക്കലും സിപിഐഎം സംരക്ഷിക്കില്ലെന്നും പൊലീസ് നീതിയുക്തമായ അന്വേഷണം നടത്തണമെന്നും എംവി ജയരാജന്‍ പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ സംഘര്‍ഷം അവിടെ ഉണ്ടാവാന്‍ പാടില്ലായിരുന്നു. എല്ലാവര്‍ക്കും അറിയാം 150ാം ബൂത്ത് ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലമാണ്. സാധാരണ 900, 1000 വോട്ടൊക്കെ ആ ബൂത്തില്‍ ലീഗിന് ഭൂരിപക്ഷം കിട്ടും. ഇവിടെ സിപിഐഎമ്മിന്റെ വോട്ട് വളരെ പരിമിതമാണ്. സിപിഐഎം പ്രവര്‍ത്തകര്‍ മറ്റൊരു സംഘര്‍ഷം പ്രതീക്ഷിക്കുന്നില്ല. സംഘര്‍ഷം അവിടെ ഉണ്ടായി, ആസൂത്രതമല്ലാത്ത കൊലപാതകം നടന്നു. പൊലീസ് നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ കണ്ടെത്തുകയാണ് വേണ്ടത്. ഒപ്പം ഈ സംഘര്‍ഷത്തെ തുടര്‍ന്ന് ഇനിയൊരു സംഘര്‍ഷം ഉണ്ടാവാത്ത തരത്തില്‍ സമാധാനം ഊട്ടിയുറപ്പിക്കാന്‍ കഴിയണം. അതിനു സിപിഐഎം മുന്‍കൈയെടുക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവര്‍ നാട്ടില്‍ സമാധാനം ഉണ്ടാക്കാന്‍ വേണ്ടി സഹകരിക്കുക,’ എംവി ജയരാജന്‍ പറഞ്ഞു.

ഒപ്പം സംഭവത്തില്‍ പൊലീസ് പിടിയാലായ സിപിഐഎം പ്രവര്‍ത്തകനായ പ്രതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിനെയും ജയരാജന്‍ തള്ളിപ്പറഞ്ഞു. ‘സോഷ്യല്‍മീഡിയയിലൂടെ ഇത്തരം പ്രചരണങ്ങള്‍ നല്ലതല്ല. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും അക്രമത്തില്‍ ആവേശം കൊള്ളുക എന്ന് പറയുന്ന മനോഭാവം വളര്‍ത്തിക്കൊണ്ടു വരുന്നതും നല്ലതല്ല,’ എംവി ജയരാജന്‍ പറഞ്ഞു. ‘മുസ്ലിം ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്’ എന്നാണ് പിടിയിലായ പ്രതി വാട്‌സ്ആപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

വോട്ടെടുപ്പിനു ശേഷം ഇന്നലെ രാത്രി 8 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില ഗുരുതരമായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയിരുന്നെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്.

Next Story