Top

ഓക്സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാമെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങരുത്, അപകടം വിളിച്ച് വരുത്തരുത്: മുഖ്യമന്ത്രി

വൈറസില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡബിള്‍ മാസ്‌കിങ്ങ് രീതി പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

1 May 2021 8:13 AM GMT

ഓക്സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാമെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങരുത്, അപകടം വിളിച്ച് വരുത്തരുത്: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഓക്‌സിജന്‍ നിര്‍മ്മാണം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചാരണത്തില്‍ മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്‌സിജന്‍ വീട്ടില്‍ ഉത്പാദിപ്പിക്കാം എന്ന് പറഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പടര്‍ത്തുന്ന സന്ദേശങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും അപകടം വിളിച്ചു വരുത്തുന്നവയുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

തീര്‍ത്തും അശാസ്ത്രീയമായ അത്തരം വ്യാജപ്രചരണങ്ങള്‍ ആരും തന്നെ കുടുങ്ങരുതെന്നും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വൈറസില്‍ നിന്ന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഡബിള്‍ മാസ്‌കിങ്ങ് രീതി പാലിക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

മാസ്‌ക് ധരിക്കുക എന്ന ഏറ്റവും പ്രധാന സുരക്ഷ എല്ലാവരും സ്വയം സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ അക്കാര്യം ബോധവല്‍ക്കരിക്കാനും എല്ലാവരും തയ്യാറാവുക. അതുപോലെ വാല്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ധരിക്കുന്നത് പരിപൂര്‍ണമായും ഒഴിവാക്കണം. എക്‌സ്ഹലേഷന്‍ വാള്‍വുള്ള മാസ്‌കുകള്‍ നിരോധിക്കപ്പെട്ടതാണ്. എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിനു മുകളില്‍ തുണി മാസ്‌കു ധരിക്കുകയോ ആണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഇന്നും 35,000 ന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ശതമാനത്തിലെത്തി.

35,636 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് 5554, എറണാകുളം 5002, തൃശൂര്‍ 4070, മലപ്പുറം 3354, തിരുവനന്തപുരം 3111, ആലപ്പുഴ 2536, കോട്ടയം 2515, പാലക്കാട് 2499, കൊല്ലം 1648, കണ്ണൂര്‍ 1484, പത്തനംതിട്ട 1065, കാസര്‍ഗോഡ് 1006, ഇടുക്കി 978, വയനാട് 814 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read: ‘അവരുടെ മനോധൈര്യമാണ് നമ്മുടെ അതിജീവനം’; മെയ് ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി

Next Story