
ന്യൂഡല്‍ഹി: പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പ്പാദിപ്പിക്കുന്ന, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും സംയോജിച്ച് വികസിപ്പിച്ച വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അംഗീകാരം നല്‍കാന്‍ വിദഗ്ദ സമിതി ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിന്‍, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍, ഫൈസര്‍ വാക്‌സിന്‍ എന്നിവയാണ് അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്കായി വിദഗ്ദ സമിതിയെ സമീപിച്ചത്. ഇതില്‍ നിന്നും കൊവിഷീല്‍ഡ് വാക്‌സിനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വാക്‌സിന് അംഗീകാരം ലഭിച്ചുകൊണ്ടുള്ള അന്തിമ തീരുമാനം പുറത്തുവന്നാല്‍ ഈ മാസം തന്നെ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിക്കും. ശനിയാഴ്ച്ച രാജ്യവ്യാപകമായി കൊവിഷീല്‍ഡ് വാക്‌സിന്റെ ഡ്രൈ റണ്‍ നടക്കും. 700 ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. നേരത്തെ ബ്രിട്ടണിലും അര്‍ജന്റീനയിലും കൊവിഷീല്‍ഡ് വാക്‌സിന് അനുമതി നല്‍കിയിരുന്നു.
വാക്‌സിന്റെ 75 മില്ല്യണ്‍ ഡോസ് ഇതുവരെ ഉല്‍പാദിപ്പിച്ചിട്ടുണ്ടെന്നും ഒരാഴ്ച്ചയ്ക്കകം ഇത് 100 മില്ല്യണായി ഉയര്‍ത്തുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അതികൃതര്‍ അറിയിച്ചു. വാക്സിന്‍ ഉപയോഗം കൊണ്ട് 80 ശതമാനവും രോഗ സാധ്യതയെ പിടിച്ച് നിര്‍ത്താനാകുമെന്നൈാണ് പ്രതീക്ഷിക്കുന്നതെന്ന ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലപം തെരഞ്ഞെടുക്കപ്പെടുത്ത സ്ഥ്ലങ്ങളിലായിരിക്കും ഡ്രൈ റണ്‍ നടത്തുന്നത്. രോഗബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങളും ഡ്രൈ റണ്ണിനായി തെരഞ്ഞെടുക്കാം.
രാജ്യത്തിന് പുതുവത്സര സമ്മാനമായി കൊവിഡ് വാക്‌സിനുള്ള അംഗീകാരം ലഭിച്ചേക്കും എന്ന സൂചന നല്‍കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സോമിനി നേരത്തെ രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച്ച ചേര്‍ന്ന വിദഗ്ദ സമിതിയുടെ വെബിനാറിന് ശേഷമായിരുന്നു ഡോ. സോമിനിയുടെ പ്രതികരണം. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച്ചയോടെ വ്യക്തതവരുമെന്നും അവര്‍ പറഞ്ഞു.
ഇതിനിടെ രാജ്യം അധികം വൈകാതെ വാക്‌സിനേഷനിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. അതിന്റെ അവസാന ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോള്‍ കടന്ന് പോയികൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച വാക്‌സിന്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.