Top

തമിഴ്‌നാട്ടില്‍ കണ്ണുവെച്ച് ഉവൈസി, കമല്‍ഹാസനുമായി കൈ കോര്‍ത്തേക്കും, നിര്‍ണായക നീക്കങ്ങള്‍

തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അസദുദീന്‍ ഉവൈസിയുടെ എഐഎംഐഎം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കൈകോര്‍ത്ത് മത്സര രംഗത്തിറങ്ങുന്നതുള്‍പ്പെടെ ഉവൈസി പരിഗണിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 25 സീറ്റുകളിലോളം എഐഎംഐഎം മത്സരിച്ചേക്കും. 2021 ല്‍ ഏപ്രിലിലോ മെയ് മാസത്തിലോ ആയിരിക്കും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഹൈദരാബാദില്‍ തമിഴ്‌നാട്ടിലെ മജ്‌ലിസ് പാര്‍ട്ടി പ്രവര്‍ത്തകരമായി ചര്‍ച്ച നടത്തി വരികയാണ് ഉവൈസി. ജനുവരിയില്‍ ചെന്നൈയിലും ട്രിച്ചിയിലും തെരഞ്ഞെടുപ്പ് നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള […]

14 Dec 2020 5:59 AM GMT

തമിഴ്‌നാട്ടില്‍ കണ്ണുവെച്ച് ഉവൈസി, കമല്‍ഹാസനുമായി കൈ കോര്‍ത്തേക്കും, നിര്‍ണായക നീക്കങ്ങള്‍
X

തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി അസദുദീന്‍ ഉവൈസിയുടെ എഐഎംഐഎം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി കൈകോര്‍ത്ത് മത്സര രംഗത്തിറങ്ങുന്നതുള്‍പ്പെടെ ഉവൈസി പരിഗണിക്കുന്നുണ്ട്.

ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 25 സീറ്റുകളിലോളം എഐഎംഐഎം മത്സരിച്ചേക്കും. 2021 ല്‍ ഏപ്രിലിലോ മെയ് മാസത്തിലോ ആയിരിക്കും തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഹൈദരാബാദില്‍ തമിഴ്‌നാട്ടിലെ മജ്‌ലിസ് പാര്‍ട്ടി പ്രവര്‍ത്തകരമായി ചര്‍ച്ച നടത്തി വരികയാണ് ഉവൈസി. ജനുവരിയില്‍ ചെന്നൈയിലും ട്രിച്ചിയിലും തെരഞ്ഞെടുപ്പ് നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അന്തിമ യോഗം വിളിച്ചു ചേര്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉവൈസിയും കമല്‍ഹാസനും തമ്മില്‍ കൈകോര്‍ക്കാനുള്ള സാധ്യത ഇരുവരുടെയും രാഷ്ട്രീയ നയം സംബന്ധിച്ച് കൂടുതലാണ്. നേരത്തെ മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്ന നാഥുറാം വിനായക് ഗോഡസെയെ തീവ്രവാദി എന്ന് വിളിക്കണമെന്ന കമല്‍ഹാസന്റെ പ്രസ്താവനയെ ഔവൈസി പിന്തുണച്ചിരുന്നു.

തമിഴ്‌നാട്ടില്‍ വ്യത്യസ്ത പക്ഷത്ത് നില്‍ക്കുന്ന മുസ്‌ലിം പാര്‍ട്ടികളെ ഒരുകുടക്കീഴില്‍ നിര്‍ത്തിയായിരിക്കും മജ്‌ലിസ് മത്സരിക്കുക എന്നാണ് സൂചന. 2011 കണക്കെടുപ്പ് പ്രകാരം തമിഴ്‌നാട് ജനസംഖ്യയുടെ 5.86 ശതമാനമാണ് മുസ്‌ലിം വിഭാഗം.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, മനിതനെയ മക്കള്‍ കാച്ചി, മനിതനെയ ജനനയാഗ കാച്ചി, ഓള്‍ ഇന്ത്യ മുസ്‌ലിം ലീഗ്, തമിഴ്‌നാട് തൗവീദ് ജമാഅത്ത് തുടങ്ങിയ മുസ്‌ലിം പ്രാതിനിധ്യ പാര്‍ട്ടികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇവയില്‍ പലതും ഡിഎംകെയിലും എഐഎഡിഎംകെയിലുമായി ചേരി തിരിഞ്ഞ് നില്‍ക്കുകയാണ്.

മജ്‌ലിസിന്റെ തമിഴ്‌നാട് യൂണിറ്റ് പ്രസിഡന്റായ വകീല്‍ അഹമ്മദ് സഖ്യ സാധ്യതകളുടെ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നേരത്തെ ഡിഎംകെയുമായി ഒരു സഖ്യ സാധ്യതയും ഇവര്‍ തേടിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിഎംകെയില്‍ നിന്നും അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ബിജെപിയുമായുള്ള ബന്ധം കാരണം എഐഎഡിഎംകെയുമായി സഖ്യത്തിന് മജ്‌ലിസ് മുതിരില്ല.

ബിഹാര്‍ നിയമ സഭാ തെരഞ്ഞെടുപ്പ്, ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് എന്നിവിടങ്ങളില്‍ മജ്‌ലിസ് കാഴ്ച വെച്ച പ്രകടനം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചിരിക്കെയാണ് തമിഴ്‌നാട്ടിലേക്കുള്ള വരവ്. ബിഹാറില്‍ അഞ്ച് നിര്‍ണായക സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി വിജയിച്ചത്. പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിലനിന്ന ഈ അഞ്ച് മണ്ഡലങ്ങളും ഇത്തവണ എഐഎംഐക്കൊപ്പം ചേര്‍ന്നത് ചര്‍ച്ചയായിരുന്നു. ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ശക്തമായ മത്സരം കാഴ്ച വെച്ചു കൊണ്ട് 44 സീറ്റുകളാണ് പാര്‍ട്ടി നേടിയത്.

Next Story

Popular Stories