
വെറും ഒരാഴ്ച്ചയ്ക്കിടെ ഗംഗാനദിയില്‍ നിന്ന് രണ്ടായിരത്തിലധികം മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ദി ഏഷ്യന്‍ ഏജ് മാധ്യമത്തിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലേയും ബിഹാറിലേയും ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ മാത്രം കണ്ടെടുത്ത മൃതദേഹങ്ങളുടെ കണക്കാണിത്. കേന്ദ്രആഭ്യന്തരമന്ത്രാലയം തന്നെയാണ് ഈ കണക്കുകള്‍ ഏഷ്യന്‍ ഏജിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഗംഗാനദിയോട് ചേര്‍ന്നുകിടക്കുന്ന വിദൂര ഗ്രാമങ്ങളില്‍ മരണപ്പെട്ട ആളുകളുടെ മൃതദേഹങ്ങളാണിതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതായി ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഭൂരിഭാഗവും കൊവിഡ് രോഗികളുടേതാണെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
നദിയോട് ചേര്‍ന്നുകിടക്കുന്ന ദരിദ്രഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മൃതദേഹങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നതെന്നാണ് പ്രാഥമിക നിഗമനം. ഉത്തര്‍പ്രദേശിലും ബിഹാറിലുമായി ഏകദേശം 1400 കിലോമീറ്റര്‍ ഗംഗാതീരമുണ്ട്. കാണ്‍പൂര്‍, ഗാസിപൂര്‍, ഉന്നാവോ, ബാലിയ ജില്ലകളില്‍ നിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗയിലേക്ക് തള്ളപ്പെടുത്തതെന്നാണ് വിവരം. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളടക്കം നദിയിലേക്ക് എറിയുന്നത് വരുംദിവസങ്ങളില്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ബുക്സറിലെ ചൗസ്യ ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വാര്‍ത്തയാകുന്നത്. മൃതദേഹങ്ങള്‍ കൊവിഡ് മരണം സംബന്ധിച്ച് മറച്ചുവെച്ച കണക്കുകള്‍ വ്യക്തമാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം ബുക്സറില്‍ കണ്ടെടുത്ത 71 മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയതായി ബുക്സര്‍ എസ് പി നീരജ് കുമാര്‍ അറിയിച്ചു. ഗംഗയില്‍നിന്നും കണ്ടെടുത്ത എല്ലാ മൃതദേഹങ്ങളും കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്ക്കരിച്ചതായും ബക്സര്‍ എസ് പി അറിയിച്ചു. എന്നാല്‍ മൃതദേഹങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ, കൊവിഡ് പരിശോധനകള്‍ക്ക് അയച്ചതായി എസ് പി നീരജ് കുമാര്‍ വ്യക്തമാക്കി. പരിശോധനാ ഫലം ഇതുവരെ അറിവായിട്ടില്ലെന്ന് ബുക്സര്‍ എസ്പി വ്യക്തമാക്കി. മൃതദേഹങ്ങള്‍ പ്രദേശത്തു നിന്ന് ഗംഗയില്‍ നിക്ഷേപിച്ചതാണോയെന്നത് അന്വേഷിച്ചുവരികയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബുക്സറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നും ഒഴുകിയെത്തിയതാകാമെന്ന് എസ്പി നീരജ് കുമാര്‍ സംശയം പ്രകടിപ്പിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടെ അന്വേഷണപരിധിയില്‍ ഇക്കാര്യവും ഉള്‍പ്പെടുമെന്നും ബുക്സര്‍ എസ് പി നീരജ് കുമാര്‍ പറഞ്ഞു.