ഓക്സ്ഫോർഡ് വാക്സിൻ: കൊവിഡ് മൂന്നാം വകഭേദത്തെയും ചെറുത്തേക്കുമെന്ന് ആസ്ട്രസെനെക

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഓക്സ്ഫോർഡ് വാക്സിന് കഴിഞ്ഞേക്കുമെന്ന് ആസ്ട്രാസെനെക. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രാസെനെക ഇത്തരമൊരു പരാമർശം നടത്തിയിട്ടുള്ളത്. ജനിതകമാറ്റം നടന്നിട്ടുള്ള കൊറോണ വൈറസിനെയും അത് മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയുമുള്ള പഠനങ്ങൾ നടന്നുവരികയാണെന്നും ആസ്ട്രാസെനെക അറിയിച്ചു.

കൊവിഡ് തടയുന്നതിനുള്ള വാക്സിനുകൾ പരീക്ഷണത്തിന്റെയും വിതരണത്തിന്റെയും അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് വൈറസിന്റെ പുതിയ വകഭേദം രംഗപ്രവേശം ചെയ്തിട്ടുള്ളത്. ബ്രിട്ടനിലാണ് അതിവേഗം പടരുന്ന രൂപാന്തരം സംഭവിച്ച വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

B.1.1.7 എന്നറിയപ്പെടുന്ന ജനിതകമാറ്റം 70% വരെ കൂടുതൽ ശക്തിയാർജ്ജിച്ചതും കുട്ടികളെ അപകടകരമാം വിധം ബാധിച്ചേക്കുമെന്ന ആശങ്കയുമാണ് ഉയർത്തുന്നത്. വാർത്തയെ തുടർന്ന് യാത്രാവിലക്കുകളും, ലോക് ഡൗണുകളുമായി പല രാജ്യങ്ങളും മുൻകരുതലുകൾ എടുത്തുതുടങ്ങിയിട്ടുണ്ട്.

വികസ്വര രാജ്യങ്ങൾക്കും ഉഷ്‌ണ കാലാവസ്ഥയിലുള്ള രാജ്യങ്ങൾക്കും ഒഴിവാക്കാവുന്നതല്ല ആസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് വാക്സിൻ. പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന മറ്റ് വാക്സിനുകളെ അപേക്ഷിച്ചു ഓക്സ്ഫോർഡ് വാക്സിൻ താങ്ങാവുന്നതും സുരക്ഷിതവും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കാവുന്നതും ആണ്.

അധികൃതർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ നൽകിയതിനെത്തുടർന്ന് അടുത്തയാഴ്ച്ചയോടെ ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി ഓക്സ്ഫോർഡ് വാക്സിൻ അംഗീകരിച്ചേക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് മെഡിസിൻ റെഗുലേറ്ററുടെ പരിശോധനയിരിക്കുന്ന വാക്സിന് അനുമതി നൽകുന്ന ആദ്യരാജ്യം ഒരുപക്ഷെ ഇന്ത്യയാകാം. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ‘കോവിഷീൽഡ് ‘ എന്ന ഓക്സ്ഫോർഡ് വാക്സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത്.

ഓക്‌സ്‌ഫോർഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും 2021 ഫെബ്രുവരിയോടെ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അഡാർ പൂനാവാല അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളിലേക്ക് വാക്സിൻ ഏപ്രിൽ മാസത്തോടെ എത്തിക്കുമെന്നും 2 ഡോസിന്റെ പരമാവധി വില 1,000 രൂപയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest News