Top

ദിവസവും നാല് ബലാത്സംഗമോ കൂട്ട ബലാത്സംഗങ്ങളോ നടക്കുന്ന സംസ്ഥാനം; മാസം 152 കേസുകള്‍ വരെ; ബീഹാറില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

ഇരകള്‍ നല്‍കുന്ന 90 ശതമാനം പരാതികള്‍ക്കും മേല്‍ അന്വേഷണം നടക്കുന്നില്ലെന്നും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

20 Dec 2020 11:12 PM GMT

ദിവസവും നാല് ബലാത്സംഗമോ കൂട്ട ബലാത്സംഗങ്ങളോ നടക്കുന്ന സംസ്ഥാനം; മാസം 152 കേസുകള്‍ വരെ; ബീഹാറില്‍ നിന്നുള്ള കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്
X

ബീഹാറില്‍ സ്ത്രീസുരക്ഷ വളരെ അപകടകരമായ അവസ്ഥയിലാണെന്ന് തെളിയിക്കുന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ദിവസവും കുറഞ്ഞത് നാല് ബലാത്സംഗങ്ങളോ കൂട്ടബലാത്സംഗമോ ബീഹാറില്‍ നക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ബീഹാറില്‍ ഈ നിരക്കില്‍ ബലാത്സംഗങ്ങള്‍ നടന്നത്. ബീഹാറിലെ 43 പൊലീസ് സ്റ്റേഷനുകളിലായി 1106 ബലാത്സക്കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായാണ് ആഭ്യന്തരവകുപ്പിന്റെ കണക്ക്. നടക്കുന്ന ബലാത്സംഗങ്ങളില്‍ വലിയൊരു ശതമാനം സംഭവങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നുമില്ല. മാസം 152ഓളം ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം ജനുവരി മാസത്തില്‍ 88 ബലാത്സംഗക്കേസുകളും ഫെബ്രുവരിയില്‍ 105 കേസുകളും മാര്‍ച്ചില്‍ 129 കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഏപ്രിലില്‍ 82 കേസുകള്‍ ആയിരുന്നെങ്കില്‍ പിന്നീട് മെയ് മാസമാകുമ്പോഴേക്കും കേസുകള്‍ 120 ആയി ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ കേസുകള്‍ ബലാത്സംഗക്കേസുകള്‍ 142ല്‍ അധികമായി. ജൂലൈയില്‍ 152 കേസുകളാണ് ബീഹാറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ഇക്കാലയളവില്‍ 1800 പരാതികളാണ് പൊലീസ് കണ്ട്രോള്‍ റൂമില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഢനങ്ങളും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ബീഹാറില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരകള്‍ നല്‍കുന്ന 90 ശതമാനം പരാതികള്‍ക്കും മേല്‍ അന്വേഷണം നടക്കുന്നില്ലെന്നും എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബലാത്സംഗക്കേസുകള്‍ കൂടാതെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന മറ്റ് അതിക്രമങ്ങളുടെ കാര്യത്തിലും ബീഹാര്‍ മുന്നിലാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.

Next Story