ബാഡ്മിന്റനിൽ ചരിത്രംകുറിച്ച് ഇന്ത്യൻ പുരുഷ ടീം; ഡെൻമാർക്കിനെ തകർത്ത് തോമസ് കപ്പ് ഫെെനലിൽ
ഫൈനലിൽ ജപ്പാൻ – ഇന്തൊനീഷ്യ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക
13 May 2022 7:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബാങ്കോക്: അവസാന സിംഗിൾസിൽ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ പോരാട്ടവീര്യത്തിന്റെ പിൻബലത്തിൽ ഡെൻമാർക്കിനെ തകർത്ത് ഇന്ത്യൻ പുരുഷ ടീം തോമസ് കപ്പ് ഫെെനലിലേക്ക്. ഡെൻമാർക്കിനെ 3-2 എന്ന നിലയിൽ തകർത്താണ് ഇന്ത്യ ഫെെനലിലേക്ക് കടന്നത്. ഡെൻമാർക്കിന്റെ റാസ്മസ് ഗെംകെയായിരുന്നു നിർണായക പോരാട്ടത്തിൽ പ്രണോയിയുടെ എതിരാളി. ഫൈനലിൽ ജപ്പാൻ – ഇന്തൊനീഷ്യ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക.
1979 നു ശേഷം ഇന്ത്യ ഒരിക്കൽപോലും സെമി ഫെെനലിലേക്ക് കടന്നിട്ടില്ല. എന്നാൽ 2016 ലെ വിജയികളായ ഡെൻമാർക്കിനെ മറികടന്നത് ഫെെനലിൽ ഇന്ത്യക്ക് ആത്മവിശ്വാസം വർധിപ്പിക്കും. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ ജേതാവായ കിഡംബി ശ്രീകാന്തും, ലോക എട്ടാം നമ്പർ ഡബിൾസ് ജോഡിയായ സാത്വിക്സായ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മത്സരം 2-2 എന്ന സമനിലയിലെത്തിച്ചു. പിന്നീട് മുന്നേറാനുള്ള ദൗത്യം എച്ച്.എസ് പ്രണോയിക്ക് വന്നുചേരുകയായിരുന്നു.
നീണ്ട 43 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യൻ ടീം അഞ്ച് തവണ ചാമ്പ്യൻമാരായ മലേഷ്യയെ 3-2 ന് പരാജയപ്പെടുത്തി സെമിയിലെത്തിയത്.
Story Highlights: Historic moment for Indian badminton; Men's Team enters into Thomas cup final