പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അന്തരിച്ചു; വിട പറഞ്ഞത് മനുഷ്യ സ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവ്
മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ (75) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ആശുപത്രി ചികില്‍സയിലായിരുന്ന കാതോലിക്ക ബാവയുടെ ആരോഗ്യ നില കഴിഞ്ഞ ദിവസം ഗുരതരമായിരുന്നു. പിന്നാലെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് മിഷന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.35ന് ആയിരുന്നു അന്ത്യം. 21 മത്തെ മലങ്കര മെത്രാപ്പോലീത്തായാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. 2020 ജനുവരിയിലാണ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ […]
11 July 2021 7:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ (75) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ആശുപത്രി ചികില്‍സയിലായിരുന്ന കാതോലിക്ക ബാവയുടെ ആരോഗ്യ നില കഴിഞ്ഞ ദിവസം ഗുരതരമായിരുന്നു. പിന്നാലെയാണ് പരുമല സെന്റ് ഗ്രിഗോറിയസ് മിഷന് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.35ന് ആയിരുന്നു അന്ത്യം. 21 മത്തെ മലങ്കര മെത്രാപ്പോലീത്തായാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
2020 ജനുവരിയിലാണ് അദ്ദേഹത്തിന് അര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അര്‍ബുദ ചികിത്സയില്‍ തുടരുകയായിരുന്നു. പിന്നാലെയാണ് ആരോഗ്യ നില മോശമാവുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വെന്റിലേറ്റര്‍ സഹായത്തോടെ ആയിരുന്നു ജീവന് നിലനിര്‍ത്തിവന്നത്. ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഭൗതികശരീരം 13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും.
സഭയില്‍ പുരോഗമന ആശയങ്ങള്‍ നടപ്പാക്കിയ സഭാ തലവന്‍ എന്ന നിലയിലായിരിക്കും സമൂഹം കാതോലിക്ക ബാവയെ അനുസ്മരിക്കുക. മനുഷ്യസ്നേഹത്തിന്റെയും സമത്വത്തിന്റെയും വക്താവായിരുന്നു അ്ദ്ദേഹം. അശരണരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുകയും അവര്‍ക്കുവേണ്ടി പദ്ധതികള്‍ നടപ്പാക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. സഭാഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു പങ്കാളിത്തം ഉറപ്പാക്കിയതും ബാവയുടെ ഇടപെടലിലൂടെയായിരുന്നു. ഇടവകകളില്‍ സ്ത്രീകള്‍ക്കും വോട്ടവകാശം ഏര്‍പ്പെടുത്തിയ 2011 ലെ തീരുമാനമായിരുന്നു ബാവായുടെ ഭരണപരിഷ്കാരങ്ങളില്‍ പ്രധാനം.
പരുമല തിരുമേനിക്ക് ശേഷം മെത്രാന് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ സഭാ തലവനായി നിയോഗിക്കപ്പെടുന്നത്. തൃശ്ശൂര്‍ കുന്നംകുളത്ത് 1946 ആഗസ്റ്റ് 30നായിരുന്നു ജനനം. 1972ല്‍ ശെമ്മാശപ്പട്ടവും 1973ല്‍ കശീശ സ്ഥാനം നേടി. 1982ല്‍ എപ്പിസ്കോപ്പയായി. പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേര് സ്വീകരിച്ചു. 1985ല്‍ മെത്രാപ്പോലീത്തയായി കുന്നംകുളം ഭദ്രാസനത്തിന്റെ ആദ്യ സാരഥിയുമായിരുന്നു അദ്ദേഹം. കുന്നംകുളത്തു നിന്നുളള മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയാണ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. 2010 നവംബര്‍ ഒന്നിനാണ് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടുന്നത്.