Top

‘മുഖ്യമന്ത്രിയുടേത് ഫാസിസം, രാഷ്ട്രീയമറുപടി പാര്‍ട്ടി ഓഫീസില്‍ മതി, സഭയോട് വേണ്ട’; വീണ്ടും വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

മതവര്‍ഗ്ഗീയതയേക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്നതെന്ന് മെത്രോപ്പൊലീത്ത ആരോപിച്ചു.

1 Jan 2021 10:18 PM GMT

‘മുഖ്യമന്ത്രിയുടേത് ഫാസിസം, രാഷ്ട്രീയമറുപടി പാര്‍ട്ടി ഓഫീസില്‍ മതി, സഭയോട് വേണ്ട’; വീണ്ടും വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
X

മുഖ്യമന്ത്രി പിണറായി വിജയനുനേരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭയെ മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് സഭയുടെ വിമര്‍ശനം. മുഖ്യമന്ത്രി കാണിക്കുന്നത് ഭരണകൂട ഫാസിസമാണെന്ന് സഭ പ്രസ്താവിച്ചു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസുകളില്‍ മതിയെന്നും സഭയോട് വേണ്ടെന്നും ഓര്‍ത്തഡോക്‌സ് സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ മെത്രോപ്പൊലീത്ത പറഞ്ഞു.

കേരളപര്യടനത്തിനിടെ മലപ്പുറത്തുവെച്ചാണ് മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ് സഭയെ പരസ്യമായി വിമര്‍ശിച്ചത്. മതവര്‍ഗ്ഗീയതയേക്കാള്‍ ഭീകരമായ ഫാസിസമാണ് കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്നതെന്ന് മെത്രോപ്പൊലീത്ത ആരോപിച്ചു. തനിക്ക് തോന്നിയത് പോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്ന് മനസിലാക്കണം. മുഖ്യമന്ത്രിയ്ക്ക് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മലപ്പുറത്തുവെച്ച് മുഖ്യമന്ത്രി സഭയെ വിമര്‍ശിച്ചതിനെതിരെ പ്രതിഷേധവുമായി മുന്‍പ് ഓര്‍ത്തഡോക്സ് സഭാ വക്താവ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് രംഗത്തെത്തിയിരുന്നു. ഇടവകകളിലെ അംഗസംഖ്യയേക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്താതെ, തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഒരു വിഭാഗം നല്‍കുന്ന കണക്കുകള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നതും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ഏതാനും വര്‍ഷങ്ങളായി പാത്രിയര്‍ക്കീസ് വിഭാഗം ബലമായി പിടിച്ചുവെച്ച് ഭരണം നടത്തുന്ന പള്ളികളില്‍ ഗത്യന്തരമില്ലാതെ മാസവരി കൊടുക്കുന്നവരെല്ലാം യഥാര്‍ത്ഥമായി ആ കൂട്ടത്തില്‍ പെടുന്നവരാണ് എന്ന് ചിന്തിക്കുന്നത് ധാര്‍മ്മികതയ്ക്ക് ഒട്ടും നിരക്കുന്നതല്ല. വിശ്വാസികളുടെ ഭൂരിപക്ഷം നോക്കി കോടതിവിധികള്‍ നടപ്പാക്കുന്ന ശൈലി സഭാ തര്‍ക്കത്തിന് മാത്രം ബാധകമായിട്ടുള്ളതാണോ എന്നും ഓര്‍ത്തഡോക്‌സ് സഭ ചോദിച്ചു.

Next Story