കിറ്റെക്സ് വിവാദം: സര്‍ക്കാരിന്റെ തല്ലും തലോടലുമെന്ന് ലീഗ്; എംഎല്‍എയും കമ്പനിയും തമ്മിലുള്ള പ്രശ്നമെന്ന് സതീശന്; പ്രതിപക്ഷ നിലപാട്
ഒരു വ്യവസായംപോലും കേരളം വിട്ട് പോകരുതെന്ന നിലപാടാണ് കിറ്റെക്സ് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് വ്യക്തമാക്കി.
4 July 2021 5:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സംസ്ഥാനസര്‍ക്കാര്‍ തന്റെ വ്യവസായ സ്ഥാപനത്തെ വേട്ടയാടുന്നുവെന്ന കിറ്റെക്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു എം ജേക്കബിന്റെ ആരോപണത്തില്‍ നിലപാടറിയിച്ച് പ്രതിപക്ഷം. ഒരു വ്യവസായംപോലും കേരളം വിട്ട് പോകരുതെന്ന നിലപാടാണ് കിറ്റെക്സ് വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന വിവാദം കുന്നത്തുനാട് എംഎല്‍എയും കിറ്റെക്സ് കമ്പനിയും തമ്മിലുള്ള തര്‍ക്കമെന്ന രീതിയില്‍ ചുരുക്കിക്കൊണ്ടാണ് പ്രതിപക്ഷനേതാവ് പ്രതികരിച്ചത്. ആരോപണം സര്ക്കാരിനെതിരായതിനാല് തന്നെ സര്‍ക്കാര്‍ മറുപടി പറയണെന്നും കുന്നത്തുനാട് എംഎല്‍എ കിറ്റെക്സ് കമ്പനിയുടെ പ്രോഡക്ടാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. പറവൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിറ്റെക്സ് വിഷയത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. വ്യവസായികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളതെന്നാണ് ലീഗിന്റെ വിമര്‍ശനം. വ്യവസായികള്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം താന്‍ കിറ്റെക്സിന്റെ കാര്യം മാത്രമല്ല എല്ലാ വ്യവസായങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി. ഒരേ ദിവസം തന്നെ ഓര്‍ഡര്‍ ഇറങ്ങുന്നു, അതേദിവസം തന്നെ ഉപദ്രവിക്കില്ല എന്ന പ്രസ്താവനയും വരുന്നു എന്ന് പറഞ്ഞാല്‍ തല്ലുകയും തലോടുകയും ചെയ്യുന്ന രീതിയാണ് കിറ്റെക്സിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കാണാമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.
ഇതിനിടെ രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്മാന് ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്.