
ലണ്ടന്‍: കൊവിഡ് പശ്ചാത്തലത്തില്‍ ബ്രീട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏപ്രില്‍ 25 ന് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുകയും നരേന്ദ്രമോദിയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ എന്തുകൊണ്ട് ഓണ്‍ലൈനായി നടത്തിക്കൂടാ എന്ന് ചോദ്യമുന്നയിക്കുകയും ചെയ്തു.
”അടിയന്തിരമല്ലാത്ത യാത്രകളെല്ലാം മാറ്റിവയ്ക്കണമെന്ന് ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഇടപാടുകള്‍ സൂം വഴി പൂര്‍ത്തിയാക്കുന്നില്ലെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ സമയത്ത് നമ്മളില്‍ പലരും അതാണല്ലോ ചെയ്യുന്നത്. പ്രധാനമന്ത്രിയും അക്കാര്യത്തില്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിന് പകരം സൂം വഴി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമാണ് മുന്നോട്ടുവയ്ക്കാനുള്ളത്”, ലേബര്‍ പാര്‍ട്ടി ഷാഡോ കമ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.
അതേസമയം, നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച മാറ്റിവെയ്ക്കുന്നതു സംബന്ധിച്ച് ബോറിസ് ജോണ്സന് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി അന്ന് കൊവിഡ് പശ്ചാത്തലത്തിലായിരുന്നു യാത്ര മാറ്റിവെച്ചത്. 2019 -ലെ യുകെ പൊതുതെരഞ്ഞെടപ്പിനും 2020-ലെ ബ്രെക്സിറ്റ് സംക്രമണ കാലഘട്ടത്തിന്റെ സമാപനത്തിനും ശേഷം യൂറോപ്പിന് പുറത്ത് ബോറിസ് ജോണ്സന് നടത്തുന്ന ആദ്യ സുപ്രധാന ഉഭയ കക്ഷി ചര്‍ച്ചയ്ക്കായാണ് ബോറിസ് ജോണ്സന് ഇന്ത്യയിലെത്തുന്നത്.
ഇന്ത്യ-യുകെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനായി വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സഹകരണത്തിലൂടെ 2030 ലക്ഷ്യംവെച്ചുള്ള ഒരു നയതന്ത്ര പദ്ധതി ബോറിസ് ജോണ്സന് അംഗീകരിച്ചിരിക്കുന്നതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 26 ന് ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിച്ചാഴ്ചകള് ഒരു ദിവസത്തേക്ക് ചുരുക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടന് യാത്രാ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റെഡ് ലിസ്റ്റില്‍ എന്തുകൊണ്ട് ഇന്ത്യയില്ലെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. ബ്രസീല്‍, പാകിസ്ഥാന് തുടങ്ങിയ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 39 രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ പത്തുദിവസത്തെ ഹോട്ടല്‍ ക്വാറന്റീന് അടക്കമുള്ള നിബന്ധനകള്‍ പാലിക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ കൊവിഡിന്റെ മൂന്നാം ഘട്ടത്തിനായിരിക്കും ബ്രിട്ടന് സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘകാലത്തെ രണ്ടാം ഘട്ട ലോക്ഡൗണിന് കഴിഞ്ഞ ഏപ്രില്‍ 12 നാണ് ബിട്ടന് ഇളവ് നല്‍കിയത്.
Also Read: കൊവിഡ് വ്യാപനം രൂക്ഷം: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്