Top

‘വിസ്മയിപ്പിക്കുന്ന കഴിവുള്ളവരാണ്, അവരെ നന്നായി ചൂഷണം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’; കോണ്‍ഗ്രസിലെ രണ്ടാം നിരയെക്കുറിച്ച് വിഡി സതീശന്‍

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു.

26 May 2021 6:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വിസ്മയിപ്പിക്കുന്ന കഴിവുള്ളവരാണ്, അവരെ നന്നായി ചൂഷണം ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’; കോണ്‍ഗ്രസിലെ രണ്ടാം നിരയെക്കുറിച്ച് വിഡി സതീശന്‍
X

കോണ്‍ഗ്രസിലെ യുവാക്കളുടേയും ചെറുപ്പക്കാരുടേയും ശക്തമായ രണ്ടാം നിരയിലുള്ളത് വിസ്മയിപ്പിക്കുന്ന വിധത്തില്‍ കഴിവുള്ളവരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിയിലെ യുവതലമുറയുമായി നിരന്തരം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ഒരാളാണ് താനെന്നും പാര്‍ട്ടിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ അവരെ നന്നായി ചൂഷണം ചെയ്യുമെന്ന് താന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. രണ്ടാം നിരയും മൂന്നാം നിരയും പുതിയ ആശയങ്ങളുള്ളവരാണ്. ഇത് അവരുടെ ഏറ്റവും നിര്‍ണ്ണായകമായ കാലഘട്ടമാണ്. അവര്‍ എന്ത് ചിന്തിക്കുന്നു എന്നതിനനുസരിച്ച് കാലാനുസൃതമായി സംഘടനയുടെ പ്രവര്‍ത്തനരീതിയും കാഴ്ച്ചപ്പാടും മാറ്റേണ്ടതുണ്ടെന്നും അതിനനുസരിച്ച് നിലപാടുകള്‍ രൂപപ്പെടുത്തണമെന്നും വിഡി സതീശന്‍ പറഞ്ഞു.

‘ഒരു മണ്ഡലത്തില്‍ ചെന്ന് എന്ത് ചെയ്യണമെന്ന് അവര്‍ക്ക് നല്ല ധാരണയുണ്ട്. അവരുടെ കഴിവുകളെ പൊതുസമൂഹത്തിനുവേണ്ടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അത് അവര്‍ക്കും തങ്ങളുടെ നേതൃത്വപാടവം വികസിപ്പിക്കാന്‍ സഹായകരമാകും’. വിഡി സതീശന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു. ആ തെറ്റുകള്‍ക്കിടയില്‍ സര്‍ക്കാരിന് എന്തെങ്കിലും അപാകതയുണ്ടായാല്‍ അതിനെ വിമര്‍ശിക്കും എന്നല്ല മറിച്ച് അത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തും എന്നാണ് താന്‍ പറയാനാഗ്രഹിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തിയിലായിരിക്കുന്ന ഒരു കാലത്ത് സര്‍ക്കാരിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം നല്‍കുന്ന പിന്തുണ അണ്‍കണ്ടീഷണലായിരിക്കുമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ജയ്ഹിന്ദ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പരാമര്‍ശങ്ങള്‍.

Next Story