‘കൃഷിനിലം മോദിയുടെ കൂട്ടുകാര്‍ക്ക് തീറെഴുതി’; രാഷ്ട്രപതിയെക്കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രക്ഷോഭത്തിനിടെ നിര്‍ണായക നീക്കം
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമര്‍പ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. ‘കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം അത് […]

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ച് പ്രതിപക്ഷ നേതാക്കള്‍. രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിയ നേതാക്കളാണ് രാഷ്ട്രപതിയെ കണ്ടത്. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമര്‍പ്പിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു.
‘കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളെയും കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തല്‍ ഞങ്ങള്‍ രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലാത്തപക്ഷം അത് കര്‍ഷകരോട് ചെയ്യുന്ന ക്രൂരതയാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ നിയമം പാസാക്കിയ രീതിയെക്കുറിച്ചും രാഹുല്‍ പറഞ്ഞു. ‘കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ടാണ് അവര്‍ ഈ അതിശൈത്യത്തിലും പ്രതിഷേധിക്കുന്നത്’ അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയെ മോദിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതിയിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ജനാധിപത്യവിരുദ്ധമായാണ് മൂന്ന് നിയമങ്ങളും പാസാക്കിയതെന്ന കാര്യം രാഷ്ട്രപതിയെ അറിയിച്ചെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുലകള്‍ തള്ളിയതിന് പിന്നാലെ കര്‍ഷകപ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ശക്തമാക്കാനും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. തിങ്കളാഴ്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കും. റിലയന്‍സ് ജിയോ, അദാനി കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ദേശീയപാതകളിലെ ടോള്‍പിരിവുകള്‍ തടയാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു. 12ന് ദില്ലി-ജയ്പൂര്‍ ദേശീയപാത ഉപരോധിക്കും. 14ന് രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും കര്‍ഷകരുടെ യോഗത്തില്‍ തീരുമാനമായി. രാജ്യത്തെ മുഴുവന്‍ കര്‍ഷകരും ഡല്‍ഹിയിലെത്താനും ആഹ്വാനമുണ്ട്.
കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച അഞ്ചിന ഫോര്‍മുലകള്‍ കര്‍ഷക സംഘടന നേതാക്കള്‍ ഒറ്റക്കെട്ടായാണ് തള്ളിയത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പ്, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍-കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ-സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി ഏകീകരണം എന്നീ അഞ്ച് ഫോര്‍മുലകളാണ് കേന്ദ്രം സംഘടനകള്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ ഇതെല്ലാം കര്‍ഷകനേതാക്കള്‍ തള്ളുകയായിരുന്നു. കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്നും സമരത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടാണെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാന്‍ തീരുമാനിച്ചത്. നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്‍വാല്‍ പ്രീത് സിംഗ് ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷായും പിയൂഷ് ഗോയലും തയ്യാറാക്കിയ ഫോര്‍മുലയില്‍ നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാട് ആവര്‍ത്തിച്ചിരുന്നു. ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് പിന്നാലെയാണ് ഇന്നലെ അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്‍പ് തന്നെ പറഞ്ഞിരുന്നു.
13 കര്‍ഷകസംഘടനാ നേതാക്കളാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ ആദ്യ അഞ്ച് ചര്‍ച്ചകളിലും കര്‍ഷകര്‍ക്കുമുന്നില്‍വെച്ച അതേനിര്‍ദ്ദേശങ്ങള്‍ തന്നെയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിലപാടുകളില്‍ അയവുവരുത്തുകയും പുതിയ പ്രൊപ്പോസല്‍ കര്‍ഷകര്‍ക്കുമുന്നില്‍ വെയ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടാകാത്തതില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിലാണ്.