Top

ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’

കലാപമുണ്ടാക്കി അതിനിടയില്‍ രാഷ്ട്രീയലാമുണ്ടാക്കാനുള്ള ഗൂഢാലോചനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

4 Oct 2020 11:17 PM GMT

ഒടുവില്‍ പൊലീസിന് യോഗിയുടെ ഉപദേശം; ‘ശ്രദ്ധയോടെ കൈകാര്യം ചെയ്യണം’, ‘പ്രതിപക്ഷത്തിന്റേത് കലാപ ശ്രമം’
X

സ്ത്രീകളുമായി ബന്ധപ്പെട്ടകേസുകളിലും ദളിത് വിഭാഗങ്ങളുടെ വിഷയത്തിലും നടപടികളെടുക്കുമ്പോള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് യുപി പൊലീസിന് യോഗി ആദിത്യനാഥിന്റെ ഉപദേശം. ഉപതെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ വിളിച്ചു ചേര്‍ത്ത വിര്‍ച്വല്‍ യോഗത്തിന്റെ വീഡിയോയോടൊപ്പമാണ് ട്വീറ്റ്. യുപിയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ സാമൂദായിക കലാപം ആരംഭിക്കാനുള്ള ശ്രമമാണെന്നും ആദിത്യനാഥ് ആരോപിച്ചു. കലാപമുണ്ടാക്കി അതിനിടയില്‍ രാഷ്ട്രീയലാമുണ്ടാക്കാനുള്ള ഗൂഢാലോചനയില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹാത്രസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതിപക്ഷ നേതാക്കള്‍ നടത്തിയ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം. വികസനം തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ചിലര്‍ സാമുദായിക കലാപങ്ങള്‍ക്ക് പ്രേരണ നല്‍കുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് യോഗി നടത്തിയ പരാമര്‍ശം.

വികസനം തകര്‍ക്കാനായി ചിലര്‍ വംശീയവും സാമുദായികവുമായ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരിപ്പിക്കും. കലാപങ്ങളുടെ മറവില്‍ അവര്‍ രാഷ്ട്രീയലാഭമുണ്ടാക്കാന്‍ ശ്രമിക്കും, അതിനായി പുതിയ ഗൂഢാലോചനകള്‍ നടത്തും. ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാണ് നമുക്ക് വികസനവുമായി മുന്നോട്ടു പോവേണ്ടത്

യോഗി ആദിത്യനാഥ്

‘ചര്‍ച്ചയിലൂടെ ഏത് വലിയ പ്രശ്‌നവും പരിഹരിക്കാനാകും. പുതിയ ഉത്തര്‍പ്രദേശില്‍ ചര്‍ച്ചയിലൂടെയാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും സമാധാനമുണ്ടാക്കുന്നത്. അമ്മമാരുടെയും സഹോദരിമാരുടെയും വിഷയങ്ങളിലും ദളിത് വിഷയങ്ങളിലും കൂടുതല്‍ കരുതലോടെ ഇടപെടേണ്ടതുണ്ട്’, മറ്റൊരു ട്വീറ്റില്‍ യുപി മുഖ്യമന്ത്രി പറഞ്ഞു.

ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനേയും പൊലിസിനേതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കുടുംബത്തിന്റെ അനുവാദമില്ലാതെ
പെണ്‍കുട്ടിയുടെ മൃതദ്ദേഹം ദഹിപ്പിച്ചതിനും കുടുംബത്തെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചതിലും ആദിത്യനാഥ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാക്കളെ തടയുകയും രാഹുല്‍ ഗാന്ധിയുള്‍പ്പടെയുള്ള നേതാക്കളെ കയ്യേറ്റം ചെയ്തതും വിവാദമായോടെയാണ് പ്രതിപക്ഷ നേതാക്കള്‍ക്ക് യുപിയിലേക്ക് പ്രവേശനമനുവദിച്ചത്.

Next Story