'രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഇടപെടലുകൾ പാടെ മാറി. ജാതി രാഷ്ട്രീയം സംസാരിക്കുമ്പോഴും, പാർലമെന്റിൽ വെള്ള ടീ ഷർട്ട് ധരിക്കുമ്പോഴും അത് രാജ്യത്തെ യുവാക്കൾക്ക് നൽകുന്ന സന്ദേശമെന്താകുമെന്ന് അദ്ദേഹത്തിനറിയാം. രാഹുലിന്‍റെ രീതികളെ, അത് ഏതു നിലയിൽ തോന്നിയാലും, നിങ്ങൾക്കതിനെ വിലകുറച്ചു കാണാനാകില്ല. അത് മറ്റൊരുതരം രാഷ്ട്രീയമാണ്. രാഹുലിനെ ഇനി ഒരിക്കലും വില കുറച്ചുകാണാൻ പാടില്ല'
ബിജെപിയുടെ ഫയർബ്രാൻഡ് നേതാക്കളിലൊരാളായ സ്‌മൃതി ഇറാനി അടുത്തിടെ രാഹുൽ ഗാന്ധിയെക്കുറിച്ച് പങ്കുവെച്ച അഭിപ്രായമാണിത്. രാഹുലുമായി നേരിട്ട് ഏറ്റുമുട്ടിയ ബിജെപി നേതാവെന്ന നിലയിൽ അതീവ പ്രാധാന്യത്തോടെയാണ് സ്മൃതിയുടെ അഭിപ്രായം വിലയിരുത്തപ്പെട്ടത്. കഴിഞ്ഞ കാലങ്ങളിൽ രാഹുലിനെ നിരന്തരം പരിഹസിച്ചിരുന്ന ആളായിരുന്നു സ്മൃതി ഇറാനി. രാഹുലിനെ 'പപ്പു' എന്നും 'ബാൽ ബുദ്ധി' എന്നും വിളിച്ച് പരിഹസിക്കുന്ന, തൻ്റെ പാർട്ടിയിലെ നേതാക്കൾക്ക് കൂടിയാണ് രാഹുൽ പഴയപോലെയല്ല എന്ന മുന്നറിയിപ്പ് സ്മൃതി നൽകിയത്. സ്‌മൃതി ഇറാനിയുടെ ഈ അഭിപ്രായപ്രകടനം ആശ്ചര്യകരമായി തോന്നാമെങ്കിലും, രാഹുലിന്റെ ജനപ്രീതിയും സ്വീകാര്യതയും വർധിക്കുന്നുവെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം 'ഇന്ത്യ ടുഡേ' നടത്തിയ 'മൂഡ് ഓഫ് ദി നേഷൻ സർവേ'യിൽ രാഹുലിന്റെ സ്വീകാര്യത വലിയ രീതിയിൽ വർധിച്ചുവെന്നാണ് വെളിപ്പെടുത്തൽ. വെറും രണ്ട് വർഷത്തിനുള്ളിലാണ് കളിയാക്കിയവർ പോലും കയ്യടിക്കുന്ന രീതിയിലേക്ക് രാഹുൽ മാറിയത്.
പ്രതിപക്ഷ മുഖത്തെ പ്രധാനപ്പെട്ട ശബ്ദമെന്ന നിലയിൽ സമീപകാലത്ത് രാഹുൽ നടത്തിയ ഏറ്റവും മികച്ച നീക്കമായിരുന്നു ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും. കന്യാകുമാരിയിൽ നിന്ന് 2022 സെപ്റ്റംബർ ഏഴിന് തുടങ്ങിയ ഭാരത് ജോഡോ യാത്ര നാലര മാസത്തിനുശേഷം ജനുവരി 30ന് കശ്മീരിലാണ് സമാപിച്ചത്. 2014, 2019 തിരഞ്ഞെടുപ്പുകളിൽ തകർന്നടിഞ്ഞ കോൺഗ്രസിനെ പൂർണമായും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ യാത്ര രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിനെ പൂർണമായും പരുവപ്പെടുത്തിയ ഒന്ന് കൂടിയായിരുന്നു. ബിജെപി എക്കാലവും ഉപയോഗിച്ചുപോന്ന 'പപ്പു' പ്രതിച്ഛായയെ ജനങ്ങളുടെ ഇടയിൽ വേരുറപ്പുള്ള നേതാവെന്ന നിലയിൽ മാറ്റിയെടുത്ത് രാഷ്ട്രീയ മൂലധനമാക്കി മാറ്റാൻ ഈ യാത്രയിലൂടെ രാഹുലിന് സാധിച്ചു.
ഭാരത് ജോഡോ യാത്ര ഇന്ത്യയെ പൂർണമായും തൊട്ടറിഞ്ഞില്ല എന്ന വിമർശനം ബിജെപി ഉന്നയിക്കവേയാണ് വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്ന് തുടങ്ങി മഹാരാഷ്ട്ര വരെ നീണ്ടുനിൽക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര രാഹുൽ പ്രഖ്യാപിക്കുന്നത്. 2024 ജനുവരി 24ന് മണിപ്പൂരിൽ നിന്ന് തുടങ്ങിയ യാത്ര മാർച്ച് 24ന് മഹാരാഷ്ട്രയിൽ അവസാനിക്കുമ്പോഴേയ്ക്കും പൊതുതിരഞ്ഞടുപ്പിൻ്റെ കാഹളം പൊട്ടിപുറപ്പെട്ടിരുന്നു. കടന്നുപോയ സംസ്ഥാനങ്ങളിലെല്ലാം അതാത് പ്രദേശത്തിൻ്റേതായ രാഷ്ട്രീയത്തിനുപരി, ഐക്യത്തിൻ്റെ വിശാലമായ ഒരു ദേശീയ കാഴ്ചപ്പാട് കൂടി രാഹുൽ പങ്കുവെച്ചിരുന്നു. ഐക്യം ആണ് പ്രധാനമെന്നും വിഭജനം അനുവദിക്കരുതെന്നും മണിപ്പൂരിലും യുപിയിലും കശ്മീരിലും ഗുജറാത്തിലുമെല്ലാം കിലോമീറ്ററുകൾ യാത്ര ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞുകൊണ്ടേയിരുന്നു.
ഇരു യാത്രകളും കടന്നുപോയ ഭൂരിഭാഗം പ്രദേശങ്ങളിലും തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോ, സഖ്യകക്ഷികൾക്കോ വലിയ നേട്ടമുണ്ടാക്കാനായി എന്നതാണ് യാഥാർത്ഥ്യം. ശക്തമായ മോദി തരംഗമുണ്ടെന്ന പ്രതിച്ഛായ നിലനിൽക്കെ മഹാരാഷ്ട്ര, യുപി, മണിപ്പൂർ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസും, ഇൻഡ്യ സഖ്യകക്ഷികളും നേട്ടമുണ്ടാക്കി. യാത്രയെ ശക്തമായ രാഷ്ട്രീയ സംവാദവേദിയാക്കി മാറ്റിയ രാഹുൽ, 'ഗ്രൗണ്ടി'ലേക്ക് കൂടുതലിറങ്ങി തൻ്റെ പ്രതിച്ഛായ പതിന്മടങ് വർധിച്ചുവെന്നതും വസ്തുതയാണ്.
രാജ്യം നേരിടുന്ന ഭീഷണി വലുതാണെന്നും, സംഘപരിവാറിനെ തുരത്താൻ വിഘടിച്ചു നിൽക്കുകയല്ല ഒരുമിച്ചുനിൽക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവുമാണ് രാഹുലിനെ ഇൻഡ്യ സഖ്യരൂപീകരണത്തിലേക്ക് നയിച്ചത്. ആശയപരമായി പല കോണുകളിൽ നിന്നിരുന്ന രാഷ്ട്രീയ കക്ഷികളെ ഒരു പൊതു ആശയത്തിനായി വിളക്കിച്ചേർക്കാൻ കഴിഞ്ഞുവെന്നത് രാഹുൽ എന്ന രാഷ്ട്രീയനേതാവിനെ സംബന്ധിച്ച് വലിയ വിജയമായിരുന്നു. തോൽക്കുന്ന സഖ്യമെന്നും അടിച്ചുപിരിയാൻ പോകുന്ന സഖ്യമെന്നുമെല്ലാം ബിജെപി കളിയാക്കിക്കൊണ്ടിരുന്നപ്പോൾ, ഭൂരിപക്ഷം പോലും കടക്കാനാകാതെ അവരെ തടഞ്ഞുനിർത്തിയാണ് സഖ്യം ശക്തി തെളിയിച്ചത്. രാജ്യത്തെ 'മുത്തശ്ശി പാർട്ടി'യെന്ന ഭാരമുള്ള ഉടുപ്പ് അഴിച്ചുവെച്ച രാഹുലും കോൺഗ്രസും ചേർന്ന് തുടങ്ങിയത് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും പ്രായോഗികമായ രാഷ്ട്രീയ കൂട്ടുകെട്ടിനോടാണ്.
ഏറ്റവുമൊടുവിൽ ജമ്മു കശ്മീരിൽ സഖ്യമുണ്ടാക്കാൻ കഴിഞ്ഞതും രാഹുലിന്റെ നേട്ടമായി മാത്രമാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽത്തന്നെ സഖ്യം വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച ഫറൂഖ് അബ്ദുള്ളയെ രാഹുൽ അനുനയിപ്പിച്ചു. ഖാർഗെയുമൊത്ത് നേരിട്ട് പോയിക്കണ്ടാണ് രാഹുൽ സഖ്യമുറപ്പിച്ചത്. കശ്മീരിലെ ചരിത്ര പ്രാധാന്യമുള്ള ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് 'ഇൻഡ്യ'യെ ഉറപ്പിച്ചുനിർത്തുക എന്ന രാഷ്ട്രീയകടമ ഭംഗിയായി രാഹുലെന്ന രാഷ്ട്രീയനേതാവ് ചെയ്തുതീർത്തു.
ശക്തനായ നേതാവ് എന്ന ഇമേജ് ബിൽഡിങില്‍ രാഹുലിനെ കൂടുതൽ സഹായിച്ചത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ്. സ്‌മൃതി ഇറാനി തുറന്നുസമ്മതിച്ച വിജയത്തിലെ പ്രധാന ഘടകമായി മാറിയത് ഈ സന്ദർഭങ്ങളാണ്. ബിജെപി ഏക സിവിൽ കോഡിലേക്ക് തിരിഞ്ഞപ്പോൾ, ഭരണഘടനയിലേക്കും പിന്നാക്ക വിഭാഗങ്ങളുടെ വിഷയങ്ങളിലേയ്ക്കും തിരിഞ്ഞ് നേട്ടമുണ്ടാക്കിയ 'രാഹുൽ ടാക്ടിക്‌സാ'ണ് 'ഇൻഡ്യ' സഖ്യത്തിന് തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിക്കൊടുത്തത്. ബിജെപി നേതാക്കളുടെ ഭരണഘടനാവിരുദ്ധ പരാമർശങ്ങൾ മുതലെടുത്ത്, ഒരു 'ഭരണഘടനാവിരുദ്ധ പാർട്ടി'യായി ബിജെപിയെ മാറ്റിയെടുത്ത രാഹുലിന്റെ രാഷ്ട്രീയത്തിലും സ്‌മൃതി ഇറാനി കണ്ട ഈ മിടുക്കുണ്ട്.
കഴിഞ്ഞ 10 വർഷത്തെ 'പ്രതിപക്ഷ രഹിത ഇന്ത്യ' എന്ന രാഷ്ട്രീയവിടവ് രാഹുൽ ഗാന്ധി മാറ്റിയെടുത്തുവെന്നതാണ് കോൺഗ്രസിന്റെ ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമായി രാഷ്ട്രീയ നിരീക്ഷകർ വിലയിലുരുത്തുന്നത്. 'ഇൻഡ്യ' സഖ്യത്തെ മുനകൂർപ്പിച്ചെടുത്ത നേതാവെന്ന രീതിയിൽ മാത്രമല്ല, രാഹുലിന്റെ വർധിച്ച ജനപ്രീതി കൂടിയാണ് പ്രതിപക്ഷ നേതാവായി അദ്ദേഹത്തെ സ്വീകാര്യനാക്കിയത് എന്നത് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യം കൂടിയാണ്.
'Rahul Redefined' എന്ന് ദേശീയ മാധ്യമങ്ങൾ അടക്കം പ്രകീർത്തിക്കുന്ന നിലയിലുള്ള ഇടപെടലുകളാണ് ലോക്സഭയിലെ ആദ്യ ദിവസങ്ങളിൽ തന്നെ രാഹുൽ ഗാന്ധി നടത്തിയതെന്ന് നമ്മൾ കണ്ടതാണല്ലോ. ആദ്യ പ്രസംഗത്തിൽത്തന്നെ ഒരു ദയയുമില്ലാതെ ബിജെപിയോട് തട്ടിക്കയറിയ രാഹുലിന്റെ രാഷ്ട്രീയപ്രസംഗം, ഇൻഡ്യ ക്യാമ്പിന് ഉണർവുണ്ടാക്കുകയും കഴിഞ്ഞ 10 വർഷത്തെ 'പ്രതിപക്ഷ നിശബ്ദത'യെ ഇല്ലാതെയാക്കുകയും ചെയ്തിരുന്നുവെന്നത് മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമടക്കം അംഗീകരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ 'ചക്രവ്യൂഹ്' പ്രസംഗമടക്കം കൃത്യമായി പ്ലാൻ ചെയ്ത്, ഡ്രാഫ്റ്റ് ചെയ്ത പ്രസംഗങ്ങളിൽ ഒന്നായിരുന്നു. ഇവ മാത്രമല്ല, ഓരോ എംപിയും എങ്ങനെ പാർലമെന്റിൽ ഇടപെടണമെന്നതുവരെ രാഹുൽ നിർദേശിച്ചിരുന്നു. ഇനി പിന്നോട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി പ്രതിപക്ഷത്തിന്റെ ശ്രദ്ധയോടെയുളള ഈ നീക്കങ്ങളെ കാണാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയടക്കം വിലയിരുത്തൽ.
സ്‌മൃതി ഇറാനി പറഞ്ഞ മറ്റൊരു കാര്യം രാഹുൽ വെള്ള ഷർട്ട് മാത്രം ധരിക്കുന്നതിലും ഒരു രാഷ്ട്രീയം ഉണ്ട് എന്നതായിരുന്നു. ഇത്തരത്തിൽ വെള്ള ഷർട്ട് മാത്രം ധരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പറഞ്ഞത് സിംപിളായിരിക്കാനാണ് തനിക്ക് താത്പര്യമെന്നാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും രാഹുൽ ഉടനീളം അണിഞ്ഞത് വെള്ള ടീ ഷർട്ടായിരുന്നു. ഇത്തരത്തിൽ അടിസ്ഥാനവിഭാഗത്തോടൊപ്പം എന്ന പ്രതീതി കഴിഞ്ഞ രണ്ട് വർഷ കാലയളവിൽ രാഹുൽ ഉണ്ടാക്കിയെടുത്തിരുന്നു.
സ്മൃതി ഇറാനിയുടെ വാക്കുകളെ ഒരു ബിജെപി നേതാവിന്റെ ഭാഗത്ത് നിന്ന് വരുന്ന അപൂർവങ്ങളിൽ അപൂർവമായ പ്രതികരണമായേ കണക്കാക്കാൻ സാധിക്കൂ. പക്ഷേ അതിന്റെ രാഷ്ട്രീയപ്രാധാന്യം വളരെ വലുതാണ്. ജയിക്കുമെന്ന് ഉറച്ച് വിശ്വസിച്ച അമേഠിയിൽ ഇപ്രാവശ്യം കോൺഗ്രസിനോട് അടിതെറ്റിയ ശേഷമാണ് ഈ പ്രതികരണം എന്നതാണ് പ്രധാനം. മറ്റൊരു ബിജെപി നേതാവും ഇത്തരത്തിലൊരു തുറന്നുപറച്ചിലിന് മുതിരില്ല എന്നതും പ്രധാനമാണ്. രാഹുലിനെ അപക്വമായ രാഷ്ട്രീയനേതാവെന്ന് വിളിച്ച് ബിജെപി ഇപ്പോഴും കളിയാക്കൽ തുടർന്നുകൊണ്ടേയിരിക്കുകയാണ്. അവിടെയാണ് രാഹുലിന്റെ രാഷ്ട്രീയ പ്രായോഗികതയെ കുറച്ചുകാണരുതെന്ന സന്ദേശവുമായി, രാഹുലിനോട് നേരിട്ട് ഏറ്റുമുട്ടിയ സ്‌മൃതി ഇറാനി തന്നെ രംഗത്തുവരുന്നത്. ഇനി അഞ്ച് വർഷം കഴിയുമ്പോൾ ബിജെപിയ്ക്കും ഇത്തരത്തിലുള്ള അഭിപ്രായം ഉണ്ടാകുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.