'ഔറംഗസേബ് പോലും ശിവാജി മഹാരാജാവിനെ ഈ നിലയിൽ അപമാനിച്ചിട്ടില്ല' എന്നായിരുന്നു ശിവാജി പ്രതിമ തകർന്നതിനെക്കുറിച്ച് ശിവസേന ഉദ്ധവ് വിഭാഗത്തിൻ്റെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്. മറാത്ത വികാരത്തിൻ്റെ എക്കാലത്തെയും പ്രതിരൂപമായ ശിവാജിയുടെ പ്രതിമ തകർന്ന് വീണത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിഷയമായി മാറുമെന്നതിൻ്റെ ഏറ്റവും പ്രകടമായ സൂചനയായി തന്നെ വേണം സഞ്ജയ് റാവത്തിൻ്റെ പ്രതികരണത്തെ വായിക്കാൻ. എന്തായാലും ശിവാജിയുടെ പ്രതിമ തകർന്ന വിഷയത്തിൽ മഹായുതി സഖ്യസർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. കേവലം ഛത്രപതി ശിവാജിയുടെ പ്രതിമയെന്ന നിലയിലായിരുന്നില്ല അതിൻ്റെ നിർമ്മാണവും അനാച്ഛാദനവും. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വയുടെ പ്രതിരൂപമെന്ന നിലയിലാണ് ശിവജിയെ മുന്നോട്ട് വെച്ചിരിക്കുന്നത്. അതിനാൽ തന്നെ 2.36 കോടി രൂപമുടക്കി നിർമ്മിക്കപ്പെട്ട ശിവജിയുടെ 35 അടി ഉയരമുണ്ടായിരുന്ന പ്രതിമയ്ക്ക് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും അതേ നിലയിൽ പ്രാധാന്യം ഉണ്ടായിരുന്നു. സർക്കാരല്ല നേവിയാണ് പ്രതിമയുടെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ചതെന്ന ന്യായീകരണം പോലും അതിനാൽ തന്നെയാണ് മഹാരാഷ്ട്രയിൽ അപ്രസക്തമായി പോകുന്നത്.
2023 ഡിസംബർ നാലിന് നേവി ദിനത്തിലാണ് മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ മഹാരാഷ്ട്രയിലെ സിന്ധുദുർഗിലെ രാജ്‌കോട്ട് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. എന്നാൽ എട്ടുമാസം മാത്രം പിന്നിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം ഈ പ്രതിമ തകർന്ന് വീണു. പ്രതിമയുടെ തകർച്ചയ്ക്ക് പിന്നിൽ ആഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പ്രതിമ സ്ഥാപിക്കാനുള്ള ചുമതല വിദഗ്‌ദ്ധരും പരിചയസമ്പന്നരുമായവരെ ഏൽപ്പിക്കേണ്ടതായിരുന്നു എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. 'കോടികളാണ് പ്രതിമയുമായി ബന്ധപ്പെട്ട് ചെലവാക്കിയത്. പരിചയസമ്പന്നരല്ലാത്തവര്‍ക്ക് ഇത്രയും വലിയ തുക പ്രതിമ നിർമ്മിക്കാൻ നൽകരുതായിരുന്നു' എന്നാണ് വിഷയത്തിൽ മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാന പട്ടോലെ പ്രതികരിച്ചത്.
പ്രതിമ തകർന്ന് വീണതിനെ കാലാവസ്ഥയെയാണ് ഏക്നാഥ് ഷിൻഡെ സർക്കാർ കുറ്റപ്പെടുത്തിയത്. സംസ്ഥാന സർക്കാരല്ല നേവിയാണ് പ്രതിമാ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതെന്ന് ചൂണ്ടിക്കാട്ടി മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസും രംഗത്ത് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ സംബന്ധിച്ച് പ്രതിമാ വിവാദം വീണുകിട്ടിയ വടിയാണ്. ഭരണവിരുദ്ധ വികാരവും സഖ്യത്തിലെ കല്ലുകടിയും പ്രതിസന്ധിയിലാക്കിയ ഭരണ മുന്നണിയ്ക്കാകട്ടെ ഓർക്കാപ്പുറത്ത് കിട്ടിയ പ്രഹരവും. എന്തായാലും മറാത്താ വികാരത്തെ മുൻനിർത്തി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിരോധത്തിലാക്കുമെന്ന് തീർച്ചയാണ്.
പ്രതിമ തകർന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷം, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചതെന്നും ആരോപിക്കുന്നു. മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതിനാലാണ് പ്രതിമ തകർന്നതെന്നതാണ് മുഖ്യമന്ത്രി ഷിൻഡെയുടെ പ്രസ്താവന. സ്വാതന്ത്ര്യ സമരനേതാവായിരുന്ന ലോകമാന്യ ബാലഗംഗാധര തിലകൻ്റെ 1933-ൽ സ്ഥാപിച്ച പ്രതിമ മുംബൈയിലെ ഗിർഗാവ് ചൗപട്ടിയിൽ ഇപ്പോഴും ഉയർന്നു നിൽക്കുകയാണെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ പ്രസ്താവന വിഷയത്തെ പ്രതിപക്ഷം കെട്ടാനുദ്ദേശിക്കുന്ന വിശാലമായ വിവരണത്തിൻ്റെ സൂചനയാകുന്നുണ്ട്.
ഇപ്പോള്‍ തകര്‍ന്ന പ്രതിമയ്ക്ക് 35 അടിയാണ് ഉയരം. പ്രതിമയുടെ ശോച്യാവസ്ഥയെക്കുറിച്ച് പ്രദേശവാസികളും വിനോദസഞ്ചാരികളും മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുരുമ്പെടുക്കുന്ന നട്ടുകളും ബോൾട്ടുകളും പ്രതിമയുടെ സ്ഥിരതയ്ക്ക് അപകടമുണ്ടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടും ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചെന്നും ആരോപണമുണ്ട്. പ്രതിമ തകർന്നതിന് പിന്നാലെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രതിമ തകർന്നാൽ വൻ അപകടമുണ്ടാകുമെന്ന് അറിഞ്ഞിട്ടും, ശിൽപികളും സ്ട്രെക്ച്ചറൽ കൺസൾട്ടൻ്റുമാരും ചേർന്ന് നിര്‍മ്മാണത്തില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു പ്രധാന പരാതി. ഇതിൻ്റെ ഭാഗമായി പ്രതിമയുടെ ശിൽപിക്കും സ്ട്രെക്ചറൽ കൺസൾട്ടൻ്റിനുമെതിരെ സിന്ധുദുർഗ് പൊലീസ് നരഹത്യാ ശ്രമം, മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി, കൊലപാതകശ്രമം, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് മഹാരാഷ്ട്ര. നിലവിൽ ഈ പ്രതിമയുടെ തകർച്ചയോടെ മഹാവികാസ് അഘാടിയും മഹായുതിയും തമ്മിലുള്ള രാഷ്ട്രീയ പോരിന് പുതിയ നിലങ്ങൾ ഒരുങ്ങുകയാണ്. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവാജി മഹാരാഷ്ട്രയിൽ ഇപ്പോഴും ജനവികാരത്തെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. മഹാരാഷ്ടയിലെ ഈ ജനവികാരത്തെ മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാ വികാസ് അഘാടി പ്രതിമ വിഷയത്തെ രാഷ്ട്രീയ അജണ്ടയാക്കി മാറ്റുന്നത്. മഹായുതിക്കുളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകാനുള്ള ശ്രമത്തിനിടെയാണ് ഇപ്പോൾ പ്രതിമ വിവാദം ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. അജിത് പവാർ വിഭാഗം എൻസിപിയെ രൂക്ഷമായി വിമർശിച്ച ആർഎസ്എസിനെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വം ഒരുവശത്ത് നടത്തുന്നുണ്ട്. മറുവശത്ത് ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും എൻസിപി അജിത് പവാർ പക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ബിജെപി നെട്ടോട്ടമോടുകയാണ്. ഇതിനിടയിൽ മഹായുതിക്ക് കിട്ടിയ ഒരു ഇരുട്ടടി തന്നെയായിരുന്നു സത്യത്തിൽ ഈ പ്രതിമയുടെ തകർച്ച.
ജനവികാരത്തെ മുതലെടുക്കാനായി ശിവാജിയോടുള്ള അനാദരവ് എന്ന തരത്തിലേക്ക് വിഷയത്തിന്റെ ഗതിമാറ്റാൻ മഹാവികസ് അഘാഡി നേതാക്കൾ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം തന്നെ വളരെ ചെറിയ സമയത്തിനുള്ളിൽ ഇത്രയും കോടി മുടക്കി പണിത ഒരു പ്രതിമ എന്ത്കൊണ്ട് തകർന്നു എന്ന ചോദ്യവും അഴിമതിയെ മുൻനിർത്തി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.
മറാത്ത ദേശീയതയുടെ മുഖമായിരുന്നു ഛത്രപതി ശിവാജിയുടെ പ്രതിമയിൽ പോലും അഴിമതി നടത്തിയെന്ന ആരോപണത്തിന് രാഷ്ട്രീയത്തിന് ഉപരിയായ മൂർച്ചയുണ്ട്. ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയും അനുയായികളും സ്ഥലത്തെത്തിയപ്പോഴും വിഷയത്തെ ചൊല്ലി മാധ്യമപ്രവർത്തകരുമായി വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു. പ്രതിമ തകരാൻ കാരണം വേഗത്തിൽ വീശുന്ന ഉപ്പുകാറ്റാണെന്ന ഷിൻഡെയുടെ പ്രതികരണം ജനവികാരം തണുപ്പിക്കാൻ മതിയാകുന്നതല്ല. സംസ്ഥാനത്തിൻ്റെ എല്ലായിടത്തും കാലാവസ്ഥ ഒരുപോലെ ആയിരിക്കെ മറ്റെവിടെയും സംഭവിക്കാത്തത് ഇവിടെ സംഭവിച്ചതെങ്ങനെയെന്ന ശരദ് പവാറിന്റെ പ്രതികരണവും ജനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്. 50 വർഷത്തിലേറെയായി 'ഗേറ്റ്‌വേ ഓഫ് ഇന്ത്യ'യിൽ നിലനിൽക്കുന്ന പ്രതിമ കാലാവസ്ഥയുടെ വ്യതിയാനങ്ങളെ അഭിമുഖീകരിച്ച് ശക്തമായി നിലകൊള്ളുന്നുവെന്ന പവാറിൻ്റെ ഓർമ്മപ്പെടുത്തൽ ഭരണമുന്നണിയുടെ ന്യായീകരണങ്ങളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്നുണ്ട്.
പ്രതിമ തകർന്ന സംഭവത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ഉപമുഖ്യമന്ത്രി അജിത് പവാറും രംഗത്തെത്തിയിട്ടുണ്ട്. പ്രതിമയുടെ നിർമാണത്തിലെ പാകപ്പിഴകൾ ഏറെക്കുറെ അംഗീകരിക്കുന്ന രീതിയിലേക്കാണ് പക്ഷെ ഈ പ്രതികരണം വായിക്കപ്പെടുന്നത്. ഭാവിയിൽ ഭരണമുന്നണിയെ പ്രതിസന്ധിയിലാക്കിയേക്കാവുന്നതാണ് അജിത് പവാറിൻ്റെ മാപ്പപേക്ഷ എന്നും വിലയിരുത്തലുകളുണ്ട്. ഉദ്ദവ് താക്കറെയും സഞ്ജയ് റാവത്തും ശിവസേന (യുബിടി)ക്ക് വേണ്ടിയും ശരദ് പവാറും സുപ്രിയ സുലൈയും എൻസിപിക്ക് വേണ്ടിയും നാന പട്ടോലെയും ബാലാസാഹേബ് തൊറാട്ടും കോൺഗ്രസിന് വേണ്ടിയും ഈ വിഷയം രാഷ്ട്രീയ അജണ്ടയായി ഏറ്റെടുത്താൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ പ്രധാനപ്പെട്ട രാഷ്ട്രീയ അജണ്ടയായി ഇത് മാറുമെന്നതിൽ തർക്കമില്ല. അങ്ങനെ സംഭവിച്ചാൽ ഭരണമുന്നണി വിയർക്കുമെന്ന് തീർച്ച.