'സ്വന്തം അനുഭവം തുറന്നുപറഞ്ഞതിൽ ഒരു സ്ത്രീയെ ശിക്ഷിക്കാൻ സാധിക്കില്ല, പതിറ്റാണ്ടുകൾക്ക് ശേഷവും താൽപര്യമുണ്ടെങ്കിൽ അവർക്ക് ഏത് വേദിയിലും അവളുടെ പരാതികൾ ഉന്നയിക്കാം'- ഡൽഹി ഹൈക്കോടതി (2021)
നീണ്ട ഇടവേളയ്ക്ക് ശേഷം ശേഷം സിനിമാ മേഖലയിൽ മീടു ആരോപണങ്ങളും പരാമർശങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ നിരവധി സ്ത്രീകളാണ് മലയാള സിനിമാ മേഖലയിൽ നിന്നും നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
തൊഴിലിടങ്ങളിൽ, പ്രത്യേകിച്ചും സിനിമ പോലുള്ള തൊഴിലിടത്ത് സ്ത്രീകളും അബലരായ വിഭാഗങ്ങളും അനുഭവിക്കുന്ന വിവേചനങ്ങൾ പല കോണുകളിൽ നിന്നും നേരത്തെയും ഉയർന്നു വന്നിട്ടുണ്ട്. സ്ത്രീകൾ തന്നെ പലപ്പോഴും അഭിമുഖങ്ങളിലും അവരുടേതായ സാമൂഹ്യമാധ്യമ ഇടങ്ങളിലും ഇത്തരം വിവേചനങ്ങളെയും ലൈംഗികാക്രമങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. അപ്പോഴെല്ലാം വേണ്ടത്ര ഗൗനിക്കാതെ അതിനെ തള്ളിക്കളയുന്ന സമീപനമായിരുന്നു ഇതുവരെയും പൊതു സമൂഹം സ്വീകരിച്ചത്. തങ്ങൾക്കറിയാവുന്നവരൊന്നും ഇങ്ങനെയല്ലെന്നും, ആസൂത്രിതമായ നീക്കങ്ങളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും വാദിച്ച് ഈ തുറന്നു പറച്ചിലുകളെ ഇല്ലാതാക്കുന്ന സമീപനമായിരുന്നു കണ്ടുകൊണ്ടിരുന്നത്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കുറച്ച് സമയത്തേക്കെങ്കിലും സിനിമയിലെ ക്രൂരതകൾ ചർച്ചാ വിഷയമാകുന്നുണ്ട്. ഹേമ കമ്മിറ്റിക്കും മുമ്പ്, കൃത്യം പറഞ്ഞാൽ നടിയെ ആക്രമിച്ച സമയം മുതൽ സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങളെ തുറന്ന് കാട്ടുന്നുണ്ട്.
2018 സെപ്റ്റംബറിൽ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ഉയർത്തിയ ആരോപണത്തിലൂടെയാണ് ഇന്ത്യൻ സിനിമാ മേഖലയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിക്കുന്നത്
2017ലെ നടിയെ ആക്രമിച്ച സംഭവത്തോട് കൂടി മലയാളത്തിലെ സിനിമാ മേഖലയിലെ ക്രിമിനൽ പ്രവണതകൾ മലയാളികൾ അറിഞ്ഞെങ്കിലും ഇന്ത്യൻ സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നത് മീ ടൂ മൂവ്മെന്റോട് കൂടിയാണ്. 2018ൽ ഇന്ത്യ ഒട്ടാകെ അലയടിച്ച മീറ്റു മൂവ്മെന്റ് തങ്ങൾ അനുഭവിക്കുന്ന, അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വെളിപ്പെടുത്താനുള്ള അവസരമായിരുന്നു സ്ത്രീകൾക്ക് നൽകിയത്.
2018 സെപ്റ്റംബറിൽ നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത ഉയർത്തിയ ആരോപണത്തിലൂടെയാണ് ഇന്ത്യൻ സിനിമാ മേഖലയിൽ മീടൂ മൂവ്മെന്റിന് തുടക്കം കുറിക്കുന്നത്. 2008ൽ ഇറങ്ങിയ 'ഹോർൺ ഓക്കെ പ്ലീസ്' എന്ന സിനിമയിൽ അഭിനയിക്കവെ നാനാ പടേക്കർ തന്നെ ഉപദ്രവിച്ചുവെന്നായിരുന്ന തനുശ്രീ ദത്ത ഉയർത്തിയ ആരോപണം. ആരോപണത്തെ എതിർത്ത് പടേക്കർ രംഗത്തെത്തുകയും തനുശ്രീ ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ദത്തയ്ക്ക് പിന്നാലെ നിരവധി സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ധൈര്യത്തോടെ സോഷ്യൽ മീഡിയ വഴി പ്രതികരിച്ച് തുടങ്ങി.
2018 ഒക്ടോബറിൽ മുംബൈക്കാരനായ കൊമേഡിയൻ ഉത്സവ് ചക്രബർത്തി ആവശ്യമില്ലാത്ത ചിത്രങ്ങൾ അയച്ചു തരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരി മഹിമ കുകെർജ മീറ്റൂ ആരോപണവുമായി രംഗത്തെത്തി. മുംബൈയിലെ എബിഡി കമ്പനിയിലെ രണ്ട് പ്രശസ്തരായ കൊമേഡിയൻമാരോട് താൻ സംഭവത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ ആരോപിച്ചു. അന്ന് 'ട്വിറ്ററിൽ' ഉത്സവ് ചക്രബർത്തി തനിക്കയച്ച സ്ക്രീൻഷോട്ടുകളടക്കം പങ്കുവച്ചായിരുന്നു കുകെർജയുടെ ആരോപണം. ഇതിന് പിന്നാലെ മറ്റൊരു സ്ത്രീയും ചക്രബർത്തിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലൂടെ മാപ്പപേക്ഷിച്ച് കൊണ്ട് അദ്ദേഹം രംഗത്തെത്തുകയായിരുന്നു.
ബോംബെ വാൽവെറ്റ് എന്ന സിനിമയുടെ പ്രൊമോഷണൽ ടൂറിനിടയിൽ സിനിമാ ക്രൂ അംഗത്തെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണം സംവിധായകൻ വികാസ് ബാലിനും നേരിടേണ്ടി വന്നു. 2015ലായിരുന്നു സംഭവം. സോന മൊഹപത്ര, ശ്വേത പണ്ഡിറ്റ്, അലിഷ ചിനൈ തുടങ്ങിയ സ്ത്രീകള്‍ സംഗീതജ്ഞൻ അനു മാലിക് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തി.
എഴുത്തുകാരിയും നിർമാതാവുമായ വിൻ്റ നന്ദ, നടൻ അലോക് നാഥിനെതിരെ നീണ്ട ഫേസ്ബുക്ക് കുറിപ്പെഴുതിയാണ് ആരോപണം ഉന്നയിച്ചത്. നിരവധി തവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു നന്ദ പ്രതികരിച്ചത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച അലോക് നാഥ്, നന്ദയ്ക്കെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തു.
ഗാനരചയിതാവ് വൈരമുത്തുവിനും നടൻ രാധാ രവിക്കുമെതിരെ പീഡന ആരോപണവുമായി പിന്നണിഗായിക ചിന്മയിയും രംഗത്തെത്തി. പിന്നാലെ ഡബ്ബിങ്ങിൽ നിന്ന് നിരോധനം നേരിട്ടതും പിന്നണിഗാന രംഗത്ത് അവസരം കുറഞ്ഞതും ചിന്മയി പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. സിനിമാ മേഖലയിൽ മാത്രമല്ല, അക്കാദമിക്, സാഹിത്യ മേഖലകളിലടക്കമുള്ള സ്ത്രീകൾ മീ ടൂ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
2017ൽ നിയമ വിദ്യാർത്ഥിയായ റായ സർക്കാർ ഇന്ത്യയിലെ അക്കാദമിക രംഗത്തെ വിവിധ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച 70 പേരുടെ പട്ടിക പുറത്ത് വിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ആ രേഖകൾ വലിയ രീതിയിൽ തന്നെ പ്രചരിച്ചു. നിരവധി സ്ത്രീകളെ പീഡിപ്പിച്ച അക്കാദമിക രംഗത്തെ പല പ്രമുഖരുടെയും മുഖം മൂടികൾ അഴിഞ്ഞു വീണു. ഈ പട്ടിക തൊഴിലിടത്തിലെ ലൈംഗികോപദ്രവങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. ഇതിനെ തുടർന്ന് മലയാളത്തിലും സാഹിത്യ മേഖലയിൽ നിന്നും പലർക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
പ്രമുഖ എഡിറ്ററും കേന്ദ്ര മന്ത്രിയുമായ എംജെ അക്ബറിനെതിരെ മാധ്യമപ്രവർത്തക പ്രിയ രമാണി ഉയർത്തിയ ആരോപണം പല തരത്തിലുള്ള ചർച്ചകളിലേക്കായിരുന്നു വഴിവെച്ചത്. അഭിമുഖത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയ അക്ബർ ജോലി ചെയ്യുന്നതിനിടയിലും ഉപദ്രവിച്ചുവെന്നായിരുന്നു ആരോപണം. ദേശീയ വനിതാ കമ്മീഷൻ അക്ബറിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം ആരംഭിച്ചു. അക്ബർ ലൈംഗികാതിക്രമ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് അക്ബർ കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും രമാണിക്കും അദ്ദേഹത്തിനെതിരെ ആരോപണമുയർത്തിയ മറ്റുള്ളവർക്കുമെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു. എന്നാൽ അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ ഡൽഹി ഹൈക്കോടതി 2021ൽ രമാണിയെ വെറുതെ വിടുകയായിരുന്നു.
'സ്വന്തം അനുഭവം തുറന്നുപറഞ്ഞതിൽ ഒരു സ്ത്രീയെ ശിക്ഷിക്കാൻ സാധിക്കില്ല, പതിറ്റാണ്ടുകൾക്ക് ശേഷവും താൽപര്യമുണ്ടെങ്കിൽ അവർക്ക് ഏത് വേദിയിലും അവളുടെ പരാതികൾ ഉന്നയിക്കാം'മെന്നായിരുന്നു ഡൽഹി ഹൈക്കോടതി അന്ന് ഉത്തരവിൽ പറഞ്ഞത്. കോടതിയുടെ ഈ പരാമർശം എക്കാലത്തും പ്രസക്തവുമാണ്. മീടൂ ആരോപണങ്ങളിൽ എപ്പോഴും സ്ത്രീകൾക്കെതിരെ ഉന്നയിക്കുന്ന വിമർശനങ്ങൾ അക്രമങ്ങൾ നടക്കുമ്പോൾ തന്നെ അതിനെതിരെ രംഗത്ത് വരുന്നില്ല എന്നതാണ്. ചുരുക്കം ചില വ്യാജ ആരോപണങ്ങളെ ഉയർത്തിക്കാട്ടി എല്ലാ ആരോപണങ്ങളും നിർമിതവും ആസൂത്രിതവുമാണെന്ന പ്രചരണം നടത്തുന്ന വഴി സ്ത്രീകൾ അനുഭവിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളെ ഇല്ലാതാക്കുകയുമാണ്.
മീടൂ മൂവ്മെന്റ് വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് തിരികൊളുത്തുമെന്നായിരുന്നു വിശ്വാസമെങ്കിലും ഒരു സമയത്തിന് ശേഷം ആ തീയും അണഞ്ഞു. എങ്കിലും 2013ൽ പ്രാബല്യത്തിൽ വന്ന, 2018ൽ ഭേദഗതി വരുത്തിയ പോഷ് ആക്ട് ശ്രദ്ധേയമായതും അതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചയാകുന്നതും മീടൂ മൂവ്മെന്റിൻ്റെ ബാക്കിപത്രമാണ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും സ്ത്രീകളെയും ലിംഗവ്യത്യാസമില്ലാതെ, തുല്യാവകാശത്തോടെ ഉൾക്കൊണ്ടുള്ള തൊഴിലിടമാക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകളും മീടൂ മൂവ്മെന്റിന്റെ സംഭാവനയാണ്.
മീ ടൂ ആരോപണം നടത്തിയവരെ സിനിമാ മേഖലയിൽ നിന്നും പൊതുഇടങ്ങളിലും നിന്നും മാറ്റി നിർത്തപ്പെട്ടതും ഇതിൻ്റെ അവശേഷിപ്പുകളാണ്. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ഒ വൊമാനിയ' റിപ്പോർട്ട് പ്രകാരം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യത്തിൽ പോസിറ്റീവായിട്ടുള്ള മാറ്റമുണ്ടായിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ മേഖലയിലെ സിനിമകളിൽ സ്ത്രീകളുടെ സാന്നിധ്യത്തിൽ മൂന്ന് മുതൽ നാല് ശതമാനം വരെ വർധനവുണ്ടായിട്ടുണ്ട്. എന്നാൽ സിനിമയുടെ ഉള്ളടക്കം ലിംഗസമത്വമില്ലാതെ തുടരുകയാണ്. ഇത്തരം ഉള്ളടക്കമുള്ള സിനിമകൾ 2021ൽ 55 ശതമാനമായിരുന്നെങ്കിൽ 2022ൽ അത് 47 ശതമാനാമായിരുന്നു.
നിലവിൽ മലയാളം സിനിമയിൽ നടക്കുന്ന വെളിപ്പെടുത്തലും തുറന്നു പറച്ചിലുകളും ഇത്തരത്തിലുള്ള മറ്റൊരു മൂവ്മെന്റിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. മീടൂ ആരോപണങ്ങളെ സമീപിച്ചത് പോലെ ഇതിനെയും ലഘൂകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത്തരം മൂവ്മെന്റുകൾ ചരിത്രമായി മാറുമെന്നതിൽ സംശയമില്ല.