സ്ത്രീകളെ വ്യക്തികളായി കാണുന്നതിൽ പല മനുഷ്യരും, സംഘടനകളും, രാഷ്ട്രങ്ങളും വരെ പരാജിതരായിട്ടുണ്ട്. വ്യക്തി എന്നതിനപ്പുറം എല്ലാ കാലത്തും സമൂഹം അവരുടെ ശരീരത്തിന് പ്രാധാന്യം നൽകി. അതുകൊണ്ട്തന്നെ അവരുടെ വസ്ത്രം മുതൽ ജീവിത പങ്കാളിയെ വരെ കല്പിച്ച് നൽകാൻ സമൂഹം സ്വയം ബാധ്യസ്ഥതയേറ്റെടുക്കാൻ തുടങ്ങി. പലപ്പോഴും സ്ത്രീകൾക്ക് അവരുടെ ശരീരത്തിന് മേൽ പോലും അവകാശമില്ലാതെയായി മാറി.
അത്തരത്തിൽ ഒരു വസ്തുവായി മാത്രം കണക്കാക്കപ്പെടുന്ന സ്ത്രീ ജനതയാണ് ഇന്ന് അഫ്‌ഗാനിൽ ഉള്ളത്. ശരീരം മുഴുവൻ മറയ്ക്കപ്പെട്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ നാലുചുവരുകൾക്കുള്ളിലേയ്ക്ക് അവർ ഒതുക്കപ്പെട്ടു. മൂടിപ്പുതച്ച വസ്ത്രത്തിനുള്ളിൽ ജീവനുണ്ടെന്ന് ബോധ്യപ്പെടുത്താൻ അവർക്ക് ബാക്കിയായിരുന്നത് ശബ്ദം മാത്രമായിരുന്നു. ഇപ്പോഴിതാ അഫ്ഗാനിലെ സ്ത്രീകളുടെ വായും മൂടികെട്ടപ്പെട്ടിരിക്കുന്നു. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ശബ്‌ദിക്കാനോ തങ്ങളുടെ മുഖം പുറത്ത് കാട്ടാനോ പാടില്ല എന്നതാണ് താലിബാൻ്റെ പുതിയ ശാസനം. മുൻപം ഈ വിലക്ക് നിലനിന്നിരുന്നെങ്കിലും, ഇപ്പോഴാണ് ഇതൊരു നിയമമാക്കി മാറ്റുന്നത്. ഇതോടെ അഫ്ഗാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം പൂർണമായും താലിബാൻ തടവിലാക്കിയിരിക്കുകയാണ്.
വ്യക്തികളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുന്നതിനായി പുറത്തിറക്കിയ 114 പേജുള്ള പുതിയ ഡോക്യുമെന്റിൽ 35 ആർട്ടിക്കുകളാണ് ഉള്ളത്. വ്യക്തികൾ എങ്ങനെ ഒരുങ്ങണം, യാത്ര ചെയ്യേണ്ടത് എങ്ങനെ, സംഗീതം എങ്ങനെ ഉപയോഗിക്കണം, ആഘോഷങ്ങളിൽ എങ്ങനെ പങ്കെടുക്കണമെന്നുൾപ്പടെയുള്ള ചട്ടങ്ങൾ ഇതിലുണ്ട്. താലിബാൻ അധികാരം പിടിച്ചടക്കിയതിന് ശേഷം ഇത്തരമൊരു ചട്ടം ഔദ്യോഗികമായി പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. പുണ്യം ലഭിക്കാനും തിന്മയെ ഇല്ലാതാക്കാനും ഈ ചട്ടങ്ങൾ സഹായിക്കുമെന്നാണ് താലിബാൻ പറഞ്ഞു വെക്കുന്നത്. ഏതെങ്കിലും തരത്തിൽ ഈ നിയമങ്ങളിൽ നിന്ന് വ്യതിചലനം ഉണ്ടായാൽ അത് അറസ്റ്റിലേക്ക് നയിക്കും. പൊതുജീവിതത്തിൽ നിന്ന് സ്ത്രീകളുടെ ശബ്ദവും നഗ്നമായ മുഖവും വിലക്കുന്ന തരത്തിൽ താലിബാൻ്റെ ഒരു സർക്കാർ മന്ത്രാലയമാണ് 'വൈസ് ആൻഡ് വിർച്ച്യൂ' എന്ന പേരിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. ഇതോടെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം കൂടുതൽ പരിമിതപ്പെട്ടു.
സ്ത്രീയുടെ ശബ്‌ദം സ്വകാര്യമായ ഒന്നാണെന്നും പുറത്ത് അത് കേൾക്കാൻ പാടില്ലാത്തതാണെന്നുമാണ് താലിബാൻ വാദം. പാട്ട് പാടാൻ പാടില്ല, പൊതു മധ്യത്തിൽ സംസാരിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളിലൂടെയാണ് താലിബാൻ അവരുടെ ശാസനകളെ ഉറപ്പിക്കുന്നത്. ശബ്ദവും ശരീരവും ഇല്ലാതെയാക്കി പൊതുഇടത്തിൽ സ്ത്രീയുടെ സാന്നിധ്യത്തെ തന്നെ മായ്ച്ച് കളയുകയാണ് താലിബാൻ
സ്ത്രീയുടെ ശബ്‌ദം സ്വകാര്യമായ ഒന്നാണെന്നും പുറത്ത് അത് കേൾക്കാൻ പാടില്ലാത്തതാണെന്നുമാണ് താലിബാൻ വാദം. പാട്ട് പാടാൻ പാടില്ല, പൊതു മധ്യത്തിൽ സംസാരിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളിലൂടെയാണ് താലിബാൻ അവരുടെ ശാസനകളെ ഉറപ്പിക്കുന്നത്. ശബ്ദവും ശരീരവും ഇല്ലാതെയാക്കി പൊതുഇടത്തിൽ സ്ത്രീയുടെ സാന്നിധ്യത്തെ തന്നെ മായ്ച്ച് കളയുകയാണ് താലിബാൻ. ഒരു വർഷം മുൻപാണ് അഫ്‌ഗാനി സംഗീതത്തിൻ്റെ ഹൃദയമായ ലൂട്ടുകളും തബലകളും താലിബാൻ കൂട്ടിയിട്ട് കത്തിക്കുന്ന ചിത്രം മാധ്യമങ്ങൾ പുറത്തുവിട്ടത്. സംഗീതം അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു താലിബാൻ വാദം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വിലക്കിയും, ബ്യൂട്ടിപാർലറുകൾ അടച്ച് പൂട്ടിയും, സ്ത്രീപ്രതിമകൾ മൂടി കെട്ടിയും അവർ സ്ത്രീകളുടെ പൊതുഇടത്തിലെ സാന്നിധ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. 2021 ഓഗസ്റ്റ് 15 നാണ് അഫ്‌ഗാൻ പിടിച്ചടിക്കിയെന്ന് താലിബാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അന്ന് മുതൽ അവർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കിരാത ശാസനകളാണ് ഇപ്പോൾ ഔദ്യോഗിക നിയമമാക്കി മാറ്റിയത്. അഫ്‌ഗാനിലെ സ്ത്രീകൾക്ക് ഇതിനു മുൻപും ദുരിതം പെയ്തിറങ്ങിയ ഒരു അഞ്ച് വർഷത്തിൻ്റെ ഓർമ്മയുണ്ട്. 1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലം അഫ്ഗാനെ സംബന്ധിച്ച് മനുഷ്യാവകാശ ലംഘനങ്ങളുടെ കാലം കൂടിയായിരുന്നു.
താലിബാൻ രണ്ടാം തവണ അഫ്‌ഗാൻ പിടിച്ചടക്കാൻ എത്തിയപ്പോൾ നേരത്തെ അഭിമുഖീകരിച്ച ദുരിതകാലം അവരുടെ ഓർമകളെ വീർപ്പ് മുട്ടിച്ചിരിക്കാമെന്ന് തീർച്ചയാണ്. സ്ത്രീകളും കുട്ടികളും താലിബാൻ്റെ പാദങ്ങൾക്ക് കീഴിൽ ഞെരിഞ്ഞമർന്നതായിരുന്നു ആ കാലം. പട്ടിണിയും കൊലപാതകങ്ങളും സാധാരണ സംഭവങ്ങളായി മാറിയ ആ കാലത്ത് മനുഷ്യവകാശ ലംഘനങ്ങളുടെ പരമ്പര തന്നെയായിരുന്നു അരങ്ങേറിയത്. അതിൻ്റെ തുടർകഥയാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് അഫ്ഗാൻ ജനത തിരിച്ചറിഞ്ഞുവെന്ന് ലോകം മനസ്സിലാക്കിയ ആ ദിവസം ഓർമ്മകളിൽ നിന്ന് മാഞ്ഞ് പോയിട്ടില്ല. താലിബാൻ കാബൂളിലേയ്ക്ക് നീങ്ങിയ ആ ദിവസം കാബൂൾ വിമാനത്താവളത്തിൽ എത്തപ്പെട്ടത് വലിയൊരു ജനാവലിയായിരുന്നു. അഫ്ഗാൻ മണ്ണിൽ നിന്നും പറന്നുയരുന്ന അമേരിക്കയുടേത് ഉൾപ്പെടെയുള്ള വിമാനങ്ങളിൽ കയറിപ്പറ്റി നഗരം വിടാൻ തിരക്ക് കൂട്ടിയിരുന്നു ആ ജനക്കൂട്ടം. രക്ഷപെടാനുള്ള പഴുത് തേടി വിമാനത്തിൻ്റെ ടയറുകളിലും ചിറകുകളിലും വരെ ആളുകൾ കയറിപറ്റാൻ ആ ദിവസം ആളുകൾ ശ്രമിച്ചിരുന്നു. മരണം പോലും ഭേദമെന്ന് തോന്നുന്ന ആ അവസരത്തിൽ അവരുടെ അവസാന പിടിവള്ളിയായിരുന്നു ആ വിമാനം. പറന്നുയരുന്ന വിമാനത്തിൽ നിന്ന് വീണ് പോകുന്ന മനുഷ്യർ താലിബാൻ ഭരണത്തിൻ്റെ ഭീകരതയെയാണ് തുറന്ന് കാണിച്ചത്.
മതം വിഴുങ്ങുന്ന ഏതൊരു രാജ്യത്തെയും പ്രധാന ഇരകൾ സ്ത്രീകളാണ്. അഫ്‌ഗാനിലും അതിന് മാറ്റമില്ല. സമൂഹത്തിൻ്റെ എല്ലാ പ്രധാന മേഖലകളിലും നിന്നും അവർ മാറ്റി നിർത്തപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസം കേട്ടറിവായി. വിദ്യാഭ്യാസമുള്ള സ്ത്രീകൾ താലിബാൻ തീവ്രവാദികളിൽ നിന്ന് രക്ഷനേടാനായി തങ്ങളുടെ സർട്ടിഫിക്കറ്റുകൾ കത്തിച്ച് കളഞ്ഞു. പൊതുമധ്യത്തിൽ സ്ത്രീകളെ ഒഴിച്ചു നിർത്തി, പൊതു ഇടങ്ങളിൽ അവരുടെ അസ്ഥിത്വം പൂർണ്ണമായി മായ്ച്ച് കളഞ്ഞ്, നാലുചുവരിനുള്ളിലേയ്ക്ക് ഒതുക്കി, അവരുടെ നിലനിൽപ്പ് ഇല്ലാതാക്കുകയാണ് താലിബാൻ ചെയ്യുന്നത്. ആണധികാരത്തിൻ്റെ ശാരീരിക സുഖങ്ങൾക്കോ പ്രത്യുല്പാദനത്തിനോ സ്ത്രീകളെ ആവശ്യമില്ലായിരുന്നെങ്കിൽ ഒരുപക്ഷെ അഫ്ഗാൻ്റെ മണ്ണിൽ ഒരു സ്ത്രീപോലും ശേഷിക്കില്ലായിരുന്നു എന്ന നിലയിലാണ് താലിബാൻ്റെ ഭ്രാന്തമായ സ്ത്രീ വിരുദ്ധത ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.
"എനിക്ക് വരുമാനമില്ല, ജോലി അവസരങ്ങളില്ല. ഞാൻ എങ്ങനെ അതിജീവിക്കുമെന്ന് എനിക്കറിയില്ല, ” അഫ്ഗാൻ താലിബാൻ ഭരണത്തിന് കീഴിൽ താമസിക്കുന്ന 25 കാരിയായ സുലൈഖ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞതിങ്ങനെയായിരുന്നു. സുലൈഖയെ പോലെ ധാരാളം സ്ത്രീകൾ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. ഒരു മനുഷ്യൻ്റെ ശരീരം വസ്ത്രം ശബ്ദം എന്നതൊക്കെ അയാളെ അടയാളപ്പെടുത്തുന്നവയാണ്. അത് തന്നെ ഇല്ലാതാക്കപ്പെടുമ്പോൾ, അടിസ്ഥാന മനുഷ്യവകാശങ്ങൾ പോലും പിച്ചിച്ചീന്തപ്പെടുമ്പോൾ അതിജീവനത്തിൻ്റെ വഴിയറിയാതെ ആശങ്കപ്പെട്ട് നിൽക്കുകയാണ് അഫ്ഗാൻ ജനത, വിശേഷിച്ച് അഫ്ഗാനിലെ സ്ത്രീകൾ.