ടെക്നോ ഏകാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കുക

ജനങ്ങളുടെ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയില്‍ നിലവിലില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്
ടെക്നോ ഏകാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കുക

കോവിഡ് പ്രതിരോധ വാക്സിന്‍ സംബന്ധിച്ച വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന കോവിന്‍ ഡാറ്റ ബേസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നു എന്ന വാര്‍ത്ത വിവരസുരക്ഷയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം 'ഗ്ലോബല്‍ ഡിപിഐ' ഉച്ചകോടി സംഘടിപ്പിക്കുന്ന സമയത്തുതന്നെ ഈ വാര്‍ത്ത പുറത്തുവന്നത് രാജ്യാന്തരശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രചുര പ്രചാരം നല്‍കിയ 'യുപിഐ', ഗവണ്‍മെന്റിന്റെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ 'ജെം', പ്രതിരോധ കുത്തിവെപ്പ് നടപ്പിലാക്കിയ 'കോവിന്‍ പ്ലാറ്റ്ഫോം', കോവിഡ് കാലത്തെ കോണ്‍ടാക്ട് ട്രേസിംഗ് ആപ്ലിക്കേഷന്‍ ആയിരുന്ന 'ആരോഗ്യസേതു', എന്തിനും ഏതിനും ഉപയോഗിക്കാവുന്ന 'ആധാര്‍' അങ്ങനെ നിരവധി ഡിജിറ്റല്‍ സങ്കേതങ്ങള്‍ ചേര്‍ന്ന 'ഇന്ത്യ സ്റ്റാക്ക്' ആണ് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (DPI).

സകല സാമൂഹിക വ്യവഹാരങ്ങളുടെയും വിവരശേഖര- വിനിമയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഡിജിറ്റല്‍ ഇക്കോ സിസ്റ്റം രാജ്യത്ത് വിവരസുരക്ഷ-സ്വകാര്യതാ സംരക്ഷണ ചട്ടക്കൂടുകളുടെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജി20 ഉച്ചകോടിയോടനുബന്ധിച്ച്, അതിനൂതന വിവരസാങ്കേതിക സങ്കേതങ്ങളുടെ തലസ്ഥാനമായി സ്വയം ഉയര്‍ത്തി കാണിക്കുവാന്‍ ശ്രമിക്കുമ്പോഴും, ജനങ്ങളുടെ വിവര സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയില്‍ നിലവിലില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്.

'കോവിന്‍' വിവര ചോര്‍ച്ച

രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വാക്സിനേഷന്‍ വിവരങ്ങളും തിരിച്ചറിയല്‍ രേഖകളും ഉള്‍പ്പെടുന്ന ഡാറ്റ ബേസ് ചോര്‍ന്നിരിക്കുന്നു എന്നാണ് വാര്‍ത്ത. ചില ടെലഗ്രാം ഗ്രൂപ്പുകളില്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ച മുഴുവന്‍ പേരുടെയും പേരും ജനന തിയ്യതിയും തിരിച്ചറിയല്‍ രേഖയുടെ നമ്പറും ഉള്‍പ്പെടെയുള്ള സകല വിവരങ്ങളും ലഭ്യമാണ് എന്ന് റിപ്പോര്‍ട്ട് ചെയ്തത് മലയാളം ന്യൂസ് പോര്‍ട്ടലായ 'ദ ഫോര്‍ത്ത്' ആണ്. തുടര്‍ന്ന് രാജ്യത്തെ പല പ്രമുഖരുടെയും സ്വകാര്യ വിവരങ്ങള്‍ ടെലഗ്രാമില്‍ ലഭ്യമാണ് എന്ന് നിരവധി ദേശീയ വാര്‍ത്താമാധ്യമങ്ങളും സ്ഥിരീകരിച്ചു.

വിവിധ ആധാര്‍ നമ്പറുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തിരച്ചിലുകളില്‍ കൗതുകകരമായ, എന്നാല്‍ വിവരസുരക്ഷയെ കുറിച്ച് വലിയ ആശങ്കകളുയര്‍ത്തുന്ന കാര്യങ്ങളാണ് അനാവൃതമാകുന്നത്. നേരത്തെ കണ്ടെത്തുകയും, വാര്‍ത്തയായപ്പോള്‍ ഡീ-ആക്ടിവേറ്റ് ചെയ്യുകയും ചെയ്ത 'ഹനുമാന്റെ'യും, 'മാമ്പഴ'ത്തിന്റെയും, പാക്കിസ്ഥാന്‍ ചാരന്റെയും ഒക്കെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വാക്‌സിന്‍ എടുത്തവര്‍ ഉണ്ട്! ഒരിക്കല്‍, സ്വന്തം ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച യുഐഡിഎഐ മുന്‍-മേധാവി ആര്‍ എസ് ശര്‍മ്മ, ഇത്തവണ പക്ഷേ വാക്‌സിന്‍ എടുക്കാന്‍ നേരം ആധാര്‍ കൊടുത്തില്ല, പാസ്പോര്‍ട്ട് ആണ് ഹാജരാക്കിയത്! എന്നാല്‍ അദ്ദേഹത്തിന്റെ ആധാര്‍ നമ്പറില്‍ മറ്റാരോ വാക്‌സിന്‍ എടുത്തിട്ടുണ്ട് എന്നും കാണുന്നു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും വിവര സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണിത്. പേരും ആധാറും ജനന തിയ്യതിയും മൊബൈല്‍ നമ്പറും ഒക്കെ പരസ്യമാകുന്നത് സാമ്പത്തിക സുരക്ഷിതത്വത്തെ വരെ ബാധിക്കുന്നതാണ്.

വിവരങ്ങള്‍ ചോരുന്നത് ഇതാദ്യമല്ല

ഇന്ത്യയില്‍ വന്‍തോതിലുള്ള വിവരചോരണത്തിന്റെ വാര്‍ത്തകള്‍ വരുന്നത് ഇതാദ്യമായല്ല. 2018 ല്‍, ആധാര്‍ വിവരങ്ങള്‍ 500 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ് എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത 'ദ ട്രിബ്യൂണ്‍' പുറത്ത് വിട്ടിരുന്നു. ഇക്കാര്യം 2019 ല്‍ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ റിസ്‌ക് റിപ്പോര്‍ട്ടിലും സ്ഥാനം നേടിയിരുന്നു. ആധാര്‍ വെരിഫിക്കേഷന്‍ സുരക്ഷിതമല്ലെന്നും തങ്ങളുടെ ആധാര്‍ ഓപ്പറേറ്ററുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ലീക്ക് ആവുകയും, അത് പലയിടങ്ങളില്‍ നിന്നും അനധികൃതമായി ഉപയോഗിക്കുന്നുവെന്നും എസ്.ബി.ഐ. 2018 ല്‍ പരാതിപ്പെട്ടിരുന്നു.

2019 ല്‍, ടിഡിപി യുടെ തെരഞ്ഞെടുപ്പ് ആപ്പ് ആയ 'സേവാ മിത്ര' വഴി ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ 7.82 കോടി പൗരരുടെ ആധാര്‍ വിവരങ്ങളും വിവിധ ക്ഷേമപദ്ധതികളുടെ വിശദാംശങ്ങളും ഐടി ഗ്രിഡ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വോട്ടര്‍ പ്രൊഫൈലിംഗിന് വേണ്ടി ഉപയോഗിച്ചെന്ന വാര്‍ത്ത വന്നു. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യുഐഡിഎഐയ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് സംബന്ധിച്ചും സമാനമായ വിവാദം ഉണ്ടായിരുന്നു.

2020ല്‍, ലോകത്തിലെ ഏറ്റവും വലിയ വിപിഎന്‍ റിവ്യൂ ടീം ആയ 'വിപിഎന്‍ മെന്റര്‍' ഭീംബ യുപിഐ പേയ്‌മെന്റ് സംവിധാനത്തില്‍ വന്‍ ഡാറ്റാ ലീക്കേജ് കണ്ടെത്തി. 2020 ലും 22 ലും 23 ലും 'റെയില്‍ യാത്രി' വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. 2022ല്‍ ഇപിഎഫ് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. എഐഐഎംഎസ് ഡാറ്റാബേസും ഭേദിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവരസുരക്ഷാസംവിധാനത്തെ ക്കുറിച്ച് ആശങ്കകളുയര്‍ത്തുന്ന നിരവധി സംഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്.

ഡാറ്റാ ലീക്കുകള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍

നിരീക്ഷണ മുതലാളിത്തത്തിന്റെ കാലഘട്ടത്തില്‍ കോടിക്കണക്കിനു ഡാറ്റ പോയിന്റുകള്‍ പരിശോധിച്ച് ഞൊടിയിടയില്‍ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കഴിയുന്ന വമ്പന്‍ വിവര വിശകലന സംവിധാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. അതുയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് പുറമെയാണ് വിവിധ തട്ടിപ്പുകള്‍ക്കുള്ള സാധ്യതകള്‍. ഉദാഹരണത്തിന് യുപിഐ വിവരങ്ങള്‍ ചോരുന്നത്, ക്രിമിനല്‍ ഹാക്കര്‍മാരുടെ കൈയ്യില്‍ ഒരു ബാങ്കിന്റെ വിവരശേഖരം മുഴുവന്‍ ലഭിക്കുന്നതിന് സമാനമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ചില അപകടങ്ങള്‍ ലഘുവായി വിവരിക്കാം:

1. വ്യക്തിത്വ അപഹരണം (Identity Theft): ഇതില്‍ ലഭ്യമായ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരാളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങാം, ഇടപാടുകള്‍ നടത്താം, കമ്പനി രജിസ്റ്റര്‍ ചെയ്യാം, നിയമവിരുദ്ധമായ സാധനങ്ങള്‍ വാങ്ങാം, കുറ്റകൃത്യങ്ങള്‍ ചെയ്യാം.

2. നികുതി തട്ടിപ്പുകള്‍: മറ്റൊരാളുടെ നികുതി വിവരങ്ങള്‍ ഉപയോഗിച്ച്, തെറ്റായ കണക്കുകള്‍ സമര്‍പ്പിക്കാം. സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ച് അതുപയോഗിച്ച് ഷെല്‍ കമ്പനികള്‍ തുടങ്ങി 3000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതായി ഗവണ്‍മെന്റ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

3. മോഷണം: ഭീം വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം കൈവശപ്പെടുത്താനും കഴിഞ്ഞേക്കാം.

4. വ്യാപാരികളുടെയും സുഹൃത്തുക്കളുടെയും ഐഡി കള്‍ക്ക് സമാനമായ ഐഡികളും മറ്റും ഉണ്ടാക്കുക വഴി ആപ്പുകള്‍ മുഖേന പണം തട്ടാനുള്ള സാധ്യതയുണ്ട്.

ചില യുപിഐ അഡ്രസ്സുകളിലേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ ഫലമായി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവം വിവാദമായതും ഓര്‍ക്കുമല്ലോ.

ആധാര്‍ വിവരങ്ങളില്‍ ഉണ്ടാകുന്ന ചോര്‍ച്ച ഇതിലും ഭീകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കാരണം ആധാര്‍ നമ്പറും ബയോമെട്രിക് വിവരങ്ങളും, എടിഎം കാര്‍ഡും അതിന്റെ പിന്നും എന്നപോലെയാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ ആധാറും വിരലടയാളവും മതിയാകും. വിരലടയാളം മറച്ചുവെക്കാന്‍ കഴിയുന്ന ഒരു പാസ്സ്വേര്‍ഡ് അല്ല. നാം സ്പര്‍ശിക്കുന്ന ഇടങ്ങളില്‍നിന്ന്, ഫോട്ടോഗ്രാഫുകളില്‍ നിന്ന്, ഒക്കെ അത് പുനര്‍നിര്‍മ്മിക്കാന്‍ കഴിയും. മാത്രമല്ല ഫിലിമുകളിലോ സിലിക്കണ്‍ കൊണ്ടോ കൃത്രിമമായി ഉണ്ടാക്കി സ്‌കാനറുകളെ മറികടക്കാനും സാധിക്കും. മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയെടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. ജീവിതത്തിന്റെ സര്‍വ്വ മേഖലകളുടെയും ഒറ്റ താക്കോലായി പ്രവര്‍ത്തിക്കുന്ന ഈ വിവരം മോഷ്ടിക്കപ്പെട്ടാല്‍ അത് മനുഷ്യന്റെ സിവില്‍ ഡെത്തിന് തുല്യമാണ്.

ഗവണ്‍മെന്റിന്റെ പ്രതികരണം

വിവരസുരക്ഷയിലെ പാളിച്ചകളെക്കുറിച്ച് ഓരോ വാര്‍ത്തകള്‍ വരുമ്പോഴും ഗവണ്‍മെന്റിന്റെ പ്രതികരണം നിഷേധാത്മകമായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രലേഖകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമെതിരെ കേസെടുക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കോവിന്‍ ബ്രീച്ച് ഉണ്ടായപ്പോഴും പതിവ് തെറ്റിയില്ല.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഈ വിവരങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ ലഭ്യമാണ് എന്ന് വാര്‍ത്ത വന്നിരുന്നു. അന്നും ഗവണ്‍മെന്റത് നിഷേധിച്ചു. ഇപ്പോള്‍ പറയുന്നത് കോവിന്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല എന്നും ഗവണ്‍മെന്റിന്റെ പ്രതിരോധ വാക്സിന്‍ വിവരശേഖരണ സംവിധാനം പൂര്‍ണ്ണ സുരക്ഷ ഉറപ്പു നല്‍കുന്നുണ്ട് എന്നുമാണ്. കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍, 'ഇപ്പോള്‍ ലഭ്യമെന്ന് പറയുന്ന വിവരങ്ങള്‍ നേരത്തെ മോഷ്ടിച്ച വിവരങ്ങളാണെ'ന്നും നിലവില്‍ ഡാറ്റ ബേസിന് ഒന്നും സംഭവിച്ചിട്ടില്ല എന്നും പ്രസ്താവിച്ചിരിക്കുന്നു. ഈ പ്രതികരണങ്ങള്‍ അല്ലാതെ, വിവരചോരണത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ ഫലം എന്തെന്ന് പൊതുസമൂഹത്തോട് ഗവണ്‍മെന്റ് വിശദീകരിക്കുന്ന പതിവില്ല. സിഇആര്‍ടി യുടെ പരിശോധന റിപ്പോര്‍ട്ടുകളും വെളിച്ചം കാണാറില്ല. ഇതെല്ലാം നമ്മുടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിന്റെ വിശ്വാസ്യത കുറയ്ക്കുന്ന കാര്യങ്ങളാണ്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്വബോധമുള്ള ഗവണ്‍മെന്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രാഥമികമായി ഇത്തരത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുക. എങ്ങനെ സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നൊക്കെ ഉള്ള അന്വേഷണം പിന്നീടാകാം. അടിയന്തരമായി, ഡാറ്റാ ലീക്കായ ആളുകള്‍ ഇനി എന്ത് മുന്‍കരുതലുകളാണ് എടുക്കേണ്ടത്, എങ്ങനെയാണ് ഇതിന്റെ ദോഷഫലങ്ങള്‍ ലഘൂകരിക്കാന്‍ കഴിയുക, എന്നൊക്കെ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട ബാധ്യതയുണ്ട്. എന്നാല്‍ ഈ ദിശയില്‍ ഉള്ള യാതൊരു നടപടിയും ഗവണ്‍മെന്റുകള്‍ സ്വീകരിച്ചു പോരുന്നതായി കാണുന്നില്ല.

വിവരസുരക്ഷാ നിയമം

ആധാര്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ രാജ്യത്ത് സ്വകാര്യത ഒരു മൗലികാവകാശമല്ല എന്ന ഞെട്ടിപ്പിക്കുന്ന വാദമുയര്‍ത്തിയ ഗവണ്‍മെന്റാണ് നമ്മുടേത്. എന്നാല്‍ 2017ല്‍, സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഒരേ സ്വരത്തില്‍ സ്വകാര്യത മൗലികാവകാശമാണ് എന്ന് വിധിയെഴുതി. പൗരന്റെ സ്വകാര്യത സംരക്ഷിക്കുവാനുള്ള ഋണാത്മകവും ധനാത്മകവുമായ കടമ ഗവണ്‍മെന്റിനുണ്ട് എന്ന് കോടതി പ്രഖ്യാപിച്ചു. അതിനായി നിയമനിര്‍മാണം വേണമെന്ന നിര്‍ദ്ദേശവും വന്നു. തുടര്‍ന്ന് ഗവണ്‍മെന്റ് മുന്‍ സുപ്രീംകോടതി ജഡ്ജി, ജസ്റ്റിസ് എസ്എന്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടും വിവര സുരക്ഷാ നിയമത്തിന്റെ കരടും ഗവണ്‍മെന്റിനു സമര്‍പ്പിച്ചു. ആധാര്‍ കേസിന്റെ വാദങ്ങള്‍ നടക്കുന്ന വേളയില്‍, പ്രസ്തുത നിയമനിര്‍മാണം ഉടന്‍ നടത്തുമെന്ന ഉറപ്പ് ഗവണ്‍മെന്റ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്നെങ്കിലും, രണ്ടു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് ഒരു ബില്ല് അവതരിപ്പിക്കുന്നത്. പ്രസ്തുത ബില്ല് പാര്‍ലമെന്റിന്റെ ജോയിന്റ് കമ്മറ്റിയുടെ പരിഗണനയിലിരിക്കെ സര്‍ക്കാര്‍ പിന്‍വലിച്ചു.

ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തന്നെ പട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധിയുടെ അന്ത:സത്തയ്ക്ക് നിരക്കുന്നതല്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തില്‍ യാതൊരു ആത്മാര്‍ത്ഥതയും ഇല്ലാത്ത സമീപനമാണ് ഗവണ്‍മെന്റിനുള്ളത് എന്നത് പൊതുസമൂഹത്തിന് പൂര്‍ണ്ണമായും ബോധ്യപ്പെട്ടു. സ്വകാര്യതാ സംരക്ഷണത്തിന്റെ പേരില്‍, പലതരത്തിലും സ്വകാര്യതാ ലംഘനങ്ങള്‍ക്ക് നിയമസാധുത നല്‍കുകയാണ് ഗവണ്‍മെന്റ് ആ ബില്ലിലൂടെ ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ ഒക്കെ പിന്തുടരുന്ന ജിഡിപിആര്‍ ഗൈഡ്ലൈന്‍സിനോടടുത്തു വരുന്ന സംരക്ഷണം ഇല്ല എന്നു മാത്രമല്ല, പലയിടങ്ങളിലും ചൂഷണങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നിടുന്നുമുണ്ടായിരുന്നു ബില്ലില്‍.

പ്രാഥമികമായും വിവരങ്ങളുടെ ഉടമ വ്യക്തിയാണ് എന്ന് ബില്ലില്‍ അംഗീകരിക്കുന്നില്ല. ഒരാള്‍ക്ക് തന്നില്‍ നിന്നും ശേഖരിച്ച സ്വന്തം വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്നതിനുള്ള അവകാശമില്ല. വിവരങ്ങള്‍ തിരുത്തുവാനുള്ള അവകാശമുണ്ടെങ്കിലും അതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സര്‍വീസ് പ്രൊവൈഡറിന് അതു നിഷേധിക്കാനുള്ള സാഹചര്യങ്ങളും ഉണ്ട്. ഡാറ്റ പോര്‍ട്ടബിലിറ്റി സാധ്യമാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും 'ട്രേഡ് സീക്രട്ട്' എന്നു പറഞ്ഞു പോര്‍ട്ടബിലിറ്റി അനുവദിക്കാതിരിക്കാം. നമ്മുടെ വ്യക്തി വിവരങ്ങള്‍ വച്ച് എന്തു ട്രേഡ് സീക്രട്ട് ആണ് കമ്പനികള്‍ക്ക് ഉണ്ടാകുക? അതുപോലെതന്നെ വിസ്മരിക്കപ്പെടാനുള്ള അവകാശം (right to forget) ഉണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അഡ്ജഡുക്കേറ്റിങ് ഓഫീസര്‍ തീരുമാനിക്കും; വ്യക്തിയ്ക്ക് തീരുമാനിക്കാനാകില്ല.

വിവരങ്ങള്‍ മായ്ച്ചു കളയാനുള്ള അവകാശവും ഇല്ല

വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതിന് 'അറിവോടെയുള്ള സമ്മതം' വേണം എന്ന് ബില്ലില്‍ പറയുന്നുവെങ്കിലും ഗവണ്മെന്റിന്റെ 'എല്ലാ' പ്രവര്‍ത്തനങ്ങളെയും ഇതില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഗവണ്മെന്റിന് നമ്മുടെ വ്യക്തി വിവരങ്ങള്‍ നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ എന്തിനു വേണ്ടിയും ഉപയോഗിക്കാം എന്നു സാരം. ബില്ലനുസരിച്ച് നിയമ ലംഘനങ്ങള്‍ക്കെതിരെ വ്യക്തികള്‍ക്ക് കോടതിയെ നേരിട്ട് സമീപിക്കാനാകില്ല, വിവര സംരക്ഷണ അതോറിറ്റി നേരിട്ട് പറയണം. ഡിജിറ്റല്‍ എക്കോണമി, സേവനങ്ങള്‍ എന്നിങ്ങനെ ധാരാളം ഇളവുകളുമുണ്ട്. പ്രധാനമായും ആധാര്‍ പദ്ധതിയെ സംരക്ഷിക്കുന്നതിനുവേണ്ടി വരുത്തിയിരിക്കുന്ന വിട്ടുവീഴ്ചകള്‍ വിവര സംരക്ഷണത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെ ബലികൊടുക്കുന്നു.

മറ്റൊരു പ്രധാന പ്രശ്നം ഡാറ്റ ലോക്കലൈസേഷനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു. വ്യക്തി വിവരങ്ങള്‍, സെന്‍സിറ്റീവ് വിവരങ്ങള്‍, ക്രിട്ടിക്കല്‍ വിവരങ്ങള്‍ എന്നീ മൂന്നുതരത്തില്‍ വിവരങ്ങളെ വര്‍ഗ്ഗീകരിച്ചു. സെന്‍സിറ്റീവ് വിവരങ്ങളും ക്രിട്ടിക്കല്‍ വിവരങ്ങളും ഇന്ത്യയ്ക്കകത്തു തന്നെ ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ് എന്ന നിബന്ധന വച്ചു. ഗൂഗിളും ട്വിറ്ററും പോലുള്ള ആഗോള കമ്പനികള്‍ വരെ ഇത്തരം നിയന്ത്രണങ്ങള്‍ക്കെതിരെ രംഗത്ത് വന്നു. കാരണം ഇവരുടെ വിവരശേഖരങ്ങള്‍ എല്ലാം രാജ്യത്തിന് പുറത്തുള്ള വിവരസംഭരണ സംവിധാനങ്ങളില്‍ ആയിരിക്കുമല്ലോ. അതിനു സമാനമായ സംവിധാനം ഇന്ത്യയ്ക്കകത്തും ഒരുക്കണമെന്ന് വന്നാല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുകയും ചെയ്യും. അവരതിനു തയ്യാറാകാതിരുന്നാല്‍ ഇത്തരം സേവനങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നഷ്ടമാകുന്ന സാഹചര്യമുണ്ടാകും.

വിവരശേഖരങ്ങള്‍ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കുന്നത് വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തും എന്നാണ് വാദം. വിവരങ്ങള്‍ മോഷ്ടിക്കപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെങ്കില്‍, വിവരസംഭരണത്തിന്റെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുന്ന സങ്കേതങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. അതിനവ ഏത് പ്രദേശത്ത് ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്നു എന്നത് ഒരു വിഷയമല്ല. വ്യക്തി വിവരങ്ങളുടെ ദുരുപയോഗം തടയുകയാണ് ഉദ്ദേശ്യമെങ്കില്‍ കൂടുതല്‍ കര്‍ശനമായ വിവരസംരക്ഷണ സ്വകാര്യത ചട്ടക്കൂടുകള്‍ ഉള്ള പ്രദേശത്ത് സൂക്ഷിക്കുന്നതാണ് ഉചിതം. അങ്ങനെ വരുമ്പോള്‍ ജിഡിപിആര്‍ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായ യൂറോപ്യന്‍ രാജ്യങ്ങളാണ് ഏറ്റവും ഉപഭോക്താക്കള്‍ക്ക് ഗുണകരം. എന്നാല്‍ ഗവണ്‍മെന്റിന് എപ്പോഴും അങ്ങനെ ആവണമെന്നില്ല. ഇന്ത്യന്‍ ബില്ലില്‍, ഏതൊരു വിവരവും ഏതൊരു സമയത്തും ആവശ്യമെന്ന് കണ്ടാല്‍ ഗവണ്‍മെന്റുകള്‍ക്ക് ലഭ്യമാക്കണം എന്ന നിബന്ധന ഉണ്ടായിരുന്നു.

ഗവണ്‍മെന്റ് സ്ഥാപനങ്ങളെ നിയമത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശേഖരിക്കുന്ന വിവരങ്ങളുടെ ആനുപാതികത, ശേഖരണ സമയത്ത് പറയുന്ന കാര്യങ്ങള്‍ക്ക് അല്ലാതെ മറ്റുള്ള ആവശ്യങ്ങള്‍ക്കായി ഈ വിവരം ഉപയോഗിക്കരുത് എന്ന വ്യവസ്ഥ, തുടങ്ങിയ അടിസ്ഥാന സ്വകാര്യതാ തത്വങ്ങള്‍ അതിന്റെ ഭാഗമായിരുന്നുമില്ല. ശക്തമായ നിയമ സംവിധാനം നിലവിലുള്ള ഇതര രാജ്യങ്ങളില്‍ വിവരങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുവാനോ ഗവണ്‍മെന്റുകള്‍ക്ക് ഏതുസമയത്തും ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കുവാനോ സാധിക്കില്ല. വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും കൈമാറുന്നതിലും കര്‍ശനമായ നിയന്ത്രണങ്ങളാണ് യൂറോപ്യന്‍ യൂണിയനിലൊക്കെ ഉള്ളത്. ഈ സാഹചര്യത്തില്‍, ഗവണ്‍മെന്റിന് വിവരശേഖരങ്ങള്‍ക്ക് മേലുള്ള അനിയന്ത്രിതമായ അധികാരം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഡേറ്റാ ലോക്കലൈസേഷന്‍ കൊണ്ടുവരുന്നത് എന്ന വിമര്‍ശനം ശക്തമാണ്.

പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത്തരം വിഷയങ്ങള്‍ പരിശോധിച്ചു ആവശ്യമായ തിരുത്തലുകള്‍ നടത്തുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. കൂടുതല്‍ അധികാരങ്ങള്‍ ഗവണ്‍മെന്റിന് നല്‍കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. എന്തായാലും പഴയ ബില്ല്, 2022 ഓഗസ്റ്റ് മാസത്തില്‍ ഗവണ്‍മെന്റ് പിന്‍വലിച്ചു. ഈ മാസം പുതിയ ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വകാര്യതാവിധിക്ക് ശേഷം നാലാമത്തെ ഡ്രാഫ്റ്റാണിത്. ഡേറ്റാ ലോക്കലൈസേഷന്‍ വേണമെന്ന നിബന്ധന പുതിയ കരടില്‍ കാണുന്നില്ലായെന്നത് ആശ്വാസകരമാണ്. എന്നാല്‍ മറ്റു കാര്യങ്ങളില്‍ ബില്ല് കൂടുതല്‍ അധികാരങ്ങള്‍ ഗവണ്‍മെന്റിന് നല്‍കുന്നതാണ് എന്ന വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. വിവരസുരക്ഷാ കമ്മീഷണനെ നയിച്ച ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ തന്നെ നിശിതവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

'എല്ലാ ഗവണ്‍മെന്റ് ഏജന്‍സികളെയും നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള വകുപ്പ് ഗവണ്‍മെന്റിന് സ്വേച്ഛാപരമായ അധികാരങ്ങള്‍ നല്‍കുന്നതാണ്... ബില്ലില്‍ വിഭാവനം ചെയ്തിരിക്കുന്ന റെഗുലേറ്ററി അതോറിറ്റി ഗവണ്‍മെന്റിന്റെ കയ്യിലെ ഒരു കളിപ്പാവ മാത്രമായിത്തീരും. സ്വതന്ത്രമായ നിലപാട് എടുക്കുവാന്‍ സാധിക്കുകയില്ല.' അദ്ദേഹം പറയുന്നു. ഈ വിമര്‍ശനങ്ങള്‍ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ വിവരസുരക്ഷ, സ്വകാര്യത, എന്നീ കാര്യങ്ങളില്‍ ഗവണ്‍മെന്റിന്റെ ആത്മാര്‍ത്ഥതയില്ലായ്മ വീണ്ടും വെളിച്ചത്തു വരികയാണ്.

ട്വിറ്ററിന്റെ അനുഭവം

ട്വിറ്റര്‍ സി.ഇ.ഒ. ആയിരുന്ന ജാക്ക് ഡോഴ്സി ഈയിടെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവരസാങ്കേതിക വിനിമയരംഗത്ത് ഗവണ്‍മെന്റിന്റെ താല്‍പര്യങ്ങള്‍ എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. ഭരണകക്ഷിയെയും ഗവണ്‍മെന്റ് നയങ്ങളെയും വിമര്‍ശിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ യാതൊരു കാരണവും കാണിക്കാതെ അടച്ചുപൂട്ടാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എന്നാണ് ജാക്ക് പറഞ്ഞത്. പ്രത്യേകിച്ചും കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഹാന്‍ഡിലുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാനുള്ള ശ്രമമുണ്ടായി. അതിനു വിസമ്മതിച്ചാല്‍ തങ്ങളുടെ ഓഫീസുകളും ജീവനക്കാരുടെ വീടുകളും റെയ്ഡ് ചെയ്യുമെന്നും കേസില്‍ പെടുത്തുമെന്നും ഓഫീസ് പൂട്ടിക്കുമെന്നും ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളെ പരിപൂര്‍ണ്ണമായി തള്ളിക്കളയുകയാണ് ഗവണ്‍മെന്റ് ചെയ്തത്. എന്നാല്‍ സത്യമതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊക്കെ അക്കാലത്ത് വര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതുമാണ്.

2021 ല്‍, 250 അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ഗവണ്‍മെന്റ് നിര്‍ദ്ദേശത്തെ ട്വിറ്റര്‍ എതിര്‍ത്തിരുന്നു. ബിജെപി വക്താവിന്റെ ചില പ്രസ്താവനകള്‍ക്കൊപ്പം 'മാനിപ്പുലേറ്റഡ്' എന്ന ടാഗ് ചേര്‍ക്കുന്ന സാഹചര്യവും ഉണ്ടായി. തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ തന്നെ പരസ്യമായി ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നത് നാം കേട്ടു. ട്വിറ്ററിന്റെ ഓഫീസ് റെയ്ഡ് ചെയ്യുന്നതും നമ്മള്‍ കണ്ടതാണ്. ഒടുവില്‍, സെന്‍സര്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍ ആനുപാതികമല്ലെന്നും, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സാമാന്യനീതി നിഷേധിക്കപ്പെടുന്നുവെന്നും കാണിച്ച്, ട്വിറ്റര്‍, കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്ന സാഹചര്യം വരെയുണ്ടായി. അവിടെയും മുന്‍കൂര്‍ നോട്ടീസുകള്‍ ഇല്ലാതെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ നീതിനിഷേധമില്ല എന്ന നിലപാടാണ് ഗവണ്‍മെന്റ് സ്വീകരിച്ചത്. ഇക്കാര്യങ്ങളൊക്കെ പൊതുസമൂഹത്തിനു മുന്‍പില്‍ പരസ്യമായി ഉള്ളപ്പോഴാണ്, ജാക്ക് ഡോള്‍സി പറഞ്ഞത് മുഴുവന്‍ കളവാണെന്ന തരത്തിലുള്ള പ്രസ്താവന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

ടെക്നോ ഏകാധിപത്യം

വിവരസുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിലെ നിഷേധാത്മക സമീപനവും, അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച അപകടകരമായ നിലപാടുകളും വന്‍-വിവര-വിശകലന സങ്കേതങ്ങളെ സാമൂഹ്യ-ഭരണ രംഗങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ജനതയെയും ജനാധിപത്യത്തെയും അപകടകരമായ ദിശയിലേക്കാണ് നയിക്കുക എന്ന കാര്യത്തില്‍ സംശയമില്ല. വിവരങ്ങള്‍ക്കു മേലുള്ള അനിയന്ത്രിതമായ അധികാരം ഭാവനാതീതമായ ദുരന്തങ്ങള്‍ക്ക് നിദാനമാകുമെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. നാസി ഭരണകൂടവും ഐബിഎമ്മിന്റെ ഹോളറിത്ത് സാങ്കേതികവിദ്യയും എങ്ങനെയാണ് ഹോളോകോസ്റ്റിന് വേണ്ടി കൈകോര്‍ത്തത് എന്ന് നമുക്കറിയാം. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയപ്പോള്‍, അവിടുത്തെ ജനങ്ങളെ സംബന്ധിച്ച സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്ള കേന്ദ്രീകൃത വിവരസഞ്ചയം, ഏത് തരത്തിലാണ് രാഷ്ട്രീയ എതിരാളികളെയും മുന്‍ സേനാംഗങ്ങളെയും, കൃത്യമായി ലക്ഷ്യം വച്ച് വേട്ടയാടാന്‍ പുതിയ ഭരണകൂടത്തെ സഹായിച്ചത് എന്നും നാം കണ്ടതാണ്.

കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദം, എങ്ങനെയാണ് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ജനാധിപത്യത്തെ അട്ടിമറിക്കുവാനും തെരഞ്ഞെടുപ്പുകളെ അപ്രസക്തമാക്കുവാനും ഉതകുന്ന തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതായത് വൈയക്തിക തലത്തിലുള്ള സാമ്പത്തിക തട്ടിപ്പും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും മാത്രമല്ല, രാജ്യ സുരക്ഷയും ജനാധിപത്യവും സാമൂഹിക സുസ്ഥിരതയും അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും, മതിയായ നിയന്ത്രണങ്ങളും മുന്‍കരുതലുകളും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയുള്ള വിവരശേഖരണങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ലോകത്തിന്റെ അനുഭവം.

കേന്ദ്രീകൃത വിവരസഞ്ചയങ്ങള്‍ ഒരുക്കുന്ന അപകടസാധ്യതകള്‍ക്ക് ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്നിരിക്കേയാണ്, രാജ്യത്തെ മുഴുവന്‍ ജനതയുടെയും സര്‍വ്വ സാമൂഹ്യ-സാമ്പത്തിക വ്യവഹാരങ്ങളെയും ഒറ്റ ചരടില്‍ ബന്ധിപ്പിക്കുന്ന ആധാര്‍ പദ്ധതി, യാതൊരു വിവരസുരക്ഷാ നിയമങ്ങളും ഇല്ലാതെ നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിന്റെ ക്രൗര്യം നേരിട്ട് അനുഭവിച്ച ജര്‍മനി, ഭരണഘടനാപരമായി തന്നെ കേന്ദ്രീകൃത തിരിച്ചറിയല്‍ സംവിധാനങ്ങളെ നിരോധിച്ചിട്ടുണ്ട് എന്നോര്‍ക്കണം. ആധുനിക വികസിത ജനാധിപത്യ രാജ്യങ്ങളിലൊന്നും സമാനമായ പദ്ധതികള്‍ ഉണ്ടാവില്ല. ആധാറിന് നാം പൂര്‍വ്വ മാതൃകയായി കണ്ടിരുന്ന ഇംഗ്ലണ്ട്, യുകെ ഐഡി പ്രൊജക്റ്റ് എന്നേ ഉപേക്ഷിക്കുകയും അതിനുശേഖരിച്ച വിവരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്തതാണ്.

ആധാറിന് ഒരു നിയമമെങ്കിലും ഉണ്ടെന്നു വയ്ക്കാം. ഇന്ത്യാ സ്റ്റാക്കിന്റെ ഭാഗമായ കോവിന്‍, ആരോഗ്യ സേതു എന്നിവ മാത്രമല്ല, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്കും പോലീസിനും വേണ്ടി നടപ്പിലാക്കുന്ന ഒട്ടനവധി വിവരശേഖരണ പദ്ധതികള്‍ക്കും നിയമം പോലുമില്ല. ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ ലോകത്തിന് മാതൃകയാകണമെന്ന് നമ്മള്‍ പറയുന്ന ഒരു രാജ്യത്തിന് ഒരിക്കലും ആശാസ്യകരമായ സംഗതിയല്ല ഇത്. അത്തരം സാധ്യതകള്‍ പരമാവധി ഒഴിവാക്കുന്ന വിവരസംരക്ഷണ ചട്ടങ്ങളും സ്വകാര്യതാമാനദണ്ഡങ്ങളും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈ ആവശ്യകതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, വിവരങ്ങള്‍ക്കു മേലുള്ള അനിയന്ത്രിതമായ അധികാരം തടസമേതുമില്ലാതെ അനുഭവിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നിയമങ്ങളെ മാറ്റിയെടുക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെതിരെ പൊതുജനാവബോധവും രാഷ്ട്രീയ പ്രതിരോധവും ഉയര്‍ന്നു വരേണ്ടതുണ്ട്. ടെക്നോ-ഏകാധിപത്യത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോള്‍, ജാഗ്രതയോടെയുള്ള ഇടപെടലുകള്‍ നടത്തുവാന്‍ പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കും നീതിന്യായ സംവിധാനങ്ങള്‍ക്കും കഴിയണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com