Top

ഓപ്പറേഷന്‍ ജാവ പവര്‍ഫുളാണ്; മെസേജുണ്ട്, ദാസനും വിജയനും പറയാതെ പോയ സിംപിള്‍ മേസേജ്

സിനിമ ആസ്വാദകരെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവമാണ്, എങ്കിലും പൊതു ആസ്വാദന യുക്തിയില്‍ മുന്‍നിര്‍ത്തിയും സിനിമയെ വിലയിരുത്താം. വിദ്യസമ്പന്നരായ രണ്ട് ചെറുപ്പക്കാരുടെ തൊഴില്‍ അന്വേഷണവും അതുമായി ബന്ധപ്പെട്ട് കടന്നുപോകുന്ന പ്രശ്‌നങ്ങളും ജീവിത സങ്കീര്‍ണതകളും അവതരിപ്പിക്കുന്ന സിനിമയാണ് ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തി ആദ്യമായി ഡയറക്ടര്‍ തൊപ്പിയണിയുന്ന ചിത്രത്തില്‍ ലുഖ്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ വലിയ താരമൂല്യം അവകാശപ്പെടാനില്ലാത്ത രണ്ട് പേരെ വലിയ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതില്‍ തുടങ്ങുന്നതാണ് തരുണിന്റെ ‘റിസ്‌ക്’ ഫാക്ടര്‍. […]

13 Feb 2021 4:08 AM GMT
അൻഷിഫ് ആസ്യ മജീദ്

ഓപ്പറേഷന്‍ ജാവ പവര്‍ഫുളാണ്; മെസേജുണ്ട്, ദാസനും വിജയനും പറയാതെ പോയ സിംപിള്‍ മേസേജ്
X

സിനിമ ആസ്വാദകരെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവമാണ്, എങ്കിലും പൊതു ആസ്വാദന യുക്തിയില്‍ മുന്‍നിര്‍ത്തിയും സിനിമയെ വിലയിരുത്താം. വിദ്യസമ്പന്നരായ രണ്ട് ചെറുപ്പക്കാരുടെ തൊഴില്‍ അന്വേഷണവും അതുമായി ബന്ധപ്പെട്ട് കടന്നുപോകുന്ന പ്രശ്‌നങ്ങളും ജീവിത സങ്കീര്‍ണതകളും അവതരിപ്പിക്കുന്ന സിനിമയാണ് ഓപ്പറേഷന്‍ ജാവ. തരുണ്‍ മൂര്‍ത്തി ആദ്യമായി ഡയറക്ടര്‍ തൊപ്പിയണിയുന്ന ചിത്രത്തില്‍ ലുഖ്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയില്‍ വലിയ താരമൂല്യം അവകാശപ്പെടാനില്ലാത്ത രണ്ട് പേരെ വലിയ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്നതില്‍ തുടങ്ങുന്നതാണ് തരുണിന്റെ ‘റിസ്‌ക്’ ഫാക്ടര്‍. വിപണി കാഴ്ച്ചപ്പാടിനപ്പുറം ചിന്തിച്ചാല്‍ ബാലുവിനും ലുക്മാനും യോജിച്ച കഥാപാത്രങ്ങള്‍. കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളത്തിന്റെ മികവിനെയും ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.

ക്രൈം ത്രില്ലര്‍ ജോണറിലാണ് ജാവ മുന്നോട്ട് പോകുന്നത്, സ്‌പോയിലറാവാതിരിക്കാന്‍ ഇതിവൃത്തത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല. കേരളാ പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ‘ആക്‌സഡന്റിലീ’ എത്തിച്ചേരുന്ന രണ്ട് ചെറുപ്പക്കാര്‍ ചില കേസുകളില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്നു. പൊതു സിനിമാ സ്തൃപ്തിയെ തരുണ്‍ പൊളിച്ചെഴുതുന്ന രീതിയാണ് ജാവയെ മികച്ചൊരു ചിത്രമാക്കി മാറ്റുന്നത്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷന്‍ അനശ്വരമാക്കിയ ദാസന്‍-വിജയന്‍ മോഡലില്‍ നിന്ന് മാറി ജാവ മനോഹരമായി ‘​ഗ്രൗണ്ട് റിയാലിറ്റി’യിലൂടെ പ്രേക്ഷകരെ സംതൃപ്തരാക്കും.

ക്രൈം ത്രില്ലര്‍

പൂര്‍ണമായും ഒരു ക്രൈം ത്രില്ലറാണ് ജാവ. ഓരോ നിമിഷത്തിലും പ്രക്ഷേകനെ ഒന്നിരുത്താനുള്ള ആകാംഷ ചിത്രത്തിലുണ്ട്. കേസന്വേഷണം വളരെ സ്പീഡിയാണ്. അസ്വഭാവികമായി ഒന്നും സംഭവിക്കുന്നില്ല. സേതുരാമ്മയ്യര്‍ സിബിഐയെ വിളിക്കേണ്ടതില്ലാത്ത ഒരു ശരാശരി അന്വേഷണ ബുദ്ധിയില്‍ നിന്ന് ജനിക്കുന്ന ലിങ്കുകളാണ് കേസുകളെ നയിക്കുന്നത്. സാധാരണ ബുദ്ധി ബിടെക് സ്‌കില്ലിനോട് ഒന്നിച്ച് ചേര്‍ന്നാണെന്ന് പ്രത്യേകം സൂചിപ്പിക്കാമെന്ന് തോന്നുന്നു. സിനിമയുടെ ഓരോഘട്ടത്തിലും വലിയൊരു സസ്‌പെന്‍സ് നമ്മെ കാത്തിരിക്കുന്നുണ്ടാവും.

അതിഭീകരമായ കണ്ടുപിടുത്തങ്ങളിലേക്കെത്തുന്ന സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് പോലീസായി കേരളാ പോലീസ് മാറുന്നില്ലെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. എന്നാല്‍ കാക്കി പൊലീസിനെ ‘അതേപടി’ നിലനിര്‍ത്താന്‍ കഴിവുള്ള ദുഷ്ടലാക്കുള്ള കഥാപാത്രവും കഥയിലുണ്ട്. ചിത്രത്തിലെ ഇതിവൃത്തമാകുന്ന ക്രൈമിനെക്കുറിച്ച് കൃത്യമായ ഗവേഷണമുണ്ടെന്ന് ഓരോ സീനുകളില്‍ നിന്നും സുവ്യക്തമാണ്. ബോറടിച്ച് ദീര്‍ഘിപ്പിക്കുന്ന അന്വേഷണങ്ങളോ, പ്രധാനപ്പെട്ടതെല്ലാത്ത ‘അപ്രതീക്ഷിത ട്വിസ്‌റ്റോ പ്രേക്ഷകരെ അലോസരപ്പെടുത്തില്ല.

‘ജലയളിതയുടെ’ സ്റ്റിക്കറാണ് മറ്റൊന്ന്. സാധാരണയായി ലാപ്‌ടോപ്പുകളില്‍ വലിയ ഹാക്കര്‍ സ്റ്റിക്കറുകളൊക്കെ ഒട്ടിച്ച് ജാഡയിടുന്ന ടെക് ജീവിയല്ല, ജാവയിലെ നായകന്മാര്‍. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഏതോ വിദ്യഭ്യാസ സ്‌കീമിലൂടെ ലഭിച്ച ലാപ്‌ടോപാണ് നായകരിലൊരാള്‍ ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടില്‍ പഠിക്കുകയോ ഏതെങ്കിലും രീതിയില്‍ ‘ഓസിയടിക്കുകയോ’ ചെയ്തതാണ് പ്രസ്തുത ലാപ്‌ടോപ്പ് എന്ന് വ്യക്തമാണ്. നായകന്മാരുടെ സാമ്പത്തിക സാമൂഹികാവസ്ഥ കമ്യൂണിക്കേറ്റ് ചെയ്യാന്‍ സ്റ്റിക്കര്‍ സഹായിക്കുന്നു.

എവിടെയാണ് ദാസനും വിജയവും പിഴച്ചത്?.

മലയാളികള്‍ക്ക് പൊതുവെ ഫീല്‍ ഗുഡ് സിനിമകളെയാണ് ഇഷ്ടം. ഫീല്‍ ഗുഡ് അല്ലെങ്കില്‍ കാമുകനും കാമുകിയും അനശ്വര പ്രണയത്തിനൊടുവില്‍ ഒന്നിക്കാനാവാതെ പ്രക്ഷേകരെ കരയിപ്പിച്ച് സിനിമ അവസാനിക്കണം. മറ്റൊരു തരത്തില്‍ ട്രാജഡിയുടെ ‘ഫീല്‍ ഗുഡ് നമ്പര്‍’. ദാസനും വിജയനും കോമഡിയും ട്രാജഡിയുമൊന്നിക്കുന്ന രണ്ട് കഥാപാത്രങ്ങളാണ്. കഥാന്ത്യത്തില്‍ വിവാഹം, പ്രൊഫഷണല്‍ വിജയം തുടങ്ങിയ പ്രേക്ഷകരെ ആനന്ദത്തിലേക്ക് എത്തിക്കുന്ന മസാലകള്‍ ഇരുവരിലും കിറുകൃത്യമായി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ റിയലിസ്റ്റിക് ജോണറാണെന്ന് തോന്നുന്ന ക്രീയേറ്റീവ് ഫാന്റസിയിലൂടെയാണ് കഥാപാത്രങ്ങളുടെ സഞ്ചാരം.

ജാവയിലും ഒരു ദാസനും വിജയനുമുണ്ട്. ചില ക്രീയേറ്റീവ് മസാലകളൊക്കെയുണ്ടെങ്കിലും ജാവയിലെ കഥാപാത്രങ്ങള്‍ ആരും ഫാന്റസികളിലേക്ക് എത്തിനോക്കുന്നവരല്ല. സിനിമയില്‍ ബിടെക് പഠിച്ചിറങ്ങിയ യുവാവ് 5000രൂപയ്ക്ക് ഐഫോണ്‍ ലഭിക്കുമെന്ന് കരുതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നു. വന്നത് ഒരു ടൈല്‍സിന്റെ പീസായിരുന്നു. ഇതൊരു തമാശയാണെങ്കിലും നമുക്ക് ചുറ്റം ഇത്തരം തട്ടിപ്പില്‍ അകപ്പെടുന്നവരുണ്ട്. ലുക്മാനും ബാലുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടന്നുപോകുന്ന ജീവിതവു ഇതുപോലെ ലളിതവും അതിശോയ്ക്തി ഒട്ടുമില്ലാത്തതുമാണ്. തരുണ്‍ മൂര്‍ത്തിയുടെ ദാസനും വിജയനും പുതിയ തലമുറയ്ക്ക് വലിയ വാഗ്ദാനങ്ങളൊന്നും നല്‍കാതെ സിനിമാന്ത്യത്തിന് ശേഷവും ബ്ലോക്കുകളില്‍ നിന്ന് ബ്ലോക്കുകളിലേക്ക് നടന്നുപോകുകയും ചെയ്യും. ഫ്രഷ് ഇന്‍സിപിരേഷന്‍.

എന്താണ് മേസേജ് ?

മെസേജുള്ള സിനിമകളൊക്കെ ചിലപ്പോ അലോസരപ്പെടുത്തും, വ്യക്തിപരമായി ആസ്വദകനെന്ന നിലയില്‍ തുന്നിച്ചേര്‍ത്ത സന്ദേശങ്ങള്‍ സത്യന്‍ അന്തിക്കാടിന് ശേഷം വീണ്ടും ജനിക്കരുതെന്നാണ് അഭിപ്രായം. ജാവയില്‍ തുന്നിച്ചേര്‍ത്തവയല്ല മെസേജ്. ഇതിവൃത്തോട് അലിഞ്ഞു ചേര്‍ന്ന, ‘പച്ച മലയാളത്തില്‍’ ചെറിയ നോവ് ചേര്‍ത്ത് സമര്‍ത്ഥിക്കുന്ന നിലപാട്. സമൂഹത്തില്‍ നിന്ന് അത്രയൊന്നും അകലയല്ലാത്ത ചില അരിക് മൂലകളുണ്ട്. തൊഴില്ലായ്മ, തൊഴില്‍ ചൂഷണം, താല്‍ക്കാലിക ജീവനക്കാര്‍ നേരിടുന്ന അരക്ഷിതാവസ്ഥ തുടങ്ങി പലതും അതിലുള്‍പ്പെടും. ഞാന്‍ നേരത്തെ പറഞ്ഞ ദാസനും വിജയനും കഥാന്ത്യത്തില്‍ ‘മറച്ചുവെച്ച സത്യവും’ അതു തന്നെയാണ്.

മെസേജിലേക്ക് കുറേയേറെ ലിങ്കുകള്‍ തരാന്‍ കഴിയാത്തത് സിനിമയില്‍ അതൊരു കഥാപാത്രമായി നിലനില്‍ക്കുന്നു എന്നുള്ളതിനാലാണ്. മെസേജുണ്ട്, അതൊരു ‘മെസേജായി’ തുന്നിച്ചേര്‍ത്തതല്ലെന്ന് മാത്രം.

ലുക്മാന്‍, ബാലു, വിനായകന്‍, ഇര്‍ഷാദ്, ധന്യ, ഷൈന്‍ ടോം ചാക്കോയും പിന്നെ കുറേ പ്രതിഭകളും..

ഡയലോഗ് ഇല്ലാതെ കഥാപാത്രത്തെ അനശ്വരമാക്കിയ ധന്യയ്ക്കാണ് ആദ്യ കൈയ്യടി, ലുക്മാനും ബാലുവും മത്സരിച്ച് അഭിനയിച്ചു. പോലീസുകാരനായ ഇര്‍ഷാദ് എത്തുമ്പോള്‍ ഇയാള്‍ക്ക് വേറെ ഒന്നും കിട്ടിയില്ലേയെന്ന് ചോദിക്കാന്‍ തോന്നിയിരുന്നു. പക്ഷേ ജാവയിലെ ഇര്‍ഷാദ് വെറും പോലീസുകാരനല്ല, സൈബര്‍ പോലീസാണ്. ക്ലീഷേ പൊലീസ് യൂണിഫോമില്‍ നിന്ന് തൃശൂക്കാരന്‍ ഗഡി ഇറങ്ങിവന്ന് ഒരു പൊളി ക്യാരക്ടറായി മാറിയെന്ന് ചുരുക്കി പറയാം. വിനായകനെ കുറിച്ച് എന്തിനാണ് കൂടുതല്‍ പറയുന്നത്, അയാളൊരു പ്രതിഭയാണ് ഒരു നോട്ടവും ഇരുത്തവും കൊണ്ട് സ്‌ക്രീനില്‍ നിറഞ്ഞാടും. വിനായകന്റെ മകളുടെ റോളിലെത്തിയ പെണ്‍കുട്ടി മുതല്‍ ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും മികച്ചു നിന്നു. കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളത്തിനും ക്രഡിറ്റുണ്ട്.

ബാലു വര്‍ഗീസും ലുക്മാനും മലയാള സിനിമയ്ക്ക് സുപരിചിതരായ രണ്ട് അഭിനേതാക്കളാണ്, എങ്കിലും ജാവയിലൂടെ ഇരുവര്‍ക്കും വലിയൊരു ബ്രേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്നതിനൊപ്പം ബാലുവും ലുക്മാനും മലയാള സിനിമയിലെ സ്റ്റൈല്‍ മസാലകള്‍ക്ക് ചെറിയൊരു ആഘാതമാവുമെന്നും തീര്‍ച്ച. പശ്ചാത്തല സംഗീതവും ക്യാമറയും ഉള്‍പ്പെടെയുള്ളവ ശരാശരിയെക്കാള്‍ കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ്.

Next Story