‘സിദ്ദീഖിനെതിരായ ലൈംഗികാരോപണത്തില്‍ എന്ത് നടപടിയെടുത്തു?’ അമ്മയെ ചോദ്യം ചെയ്ത് പദ്മപ്രിയയുടെയും രേവതിയുടെയും തുറന്ന കത്ത്
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തില്‍ അമ്മയുടെ നിലപാടെന്തെന്ന് മോഹന്‍ലാലിനോടും അമ്മ നേതൃത്വത്തോടും രേവതിയും പദ്മപ്രിയയും. സിദ്ദീഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ എന്ത് നടപടിയെടുത്തു എന്നും ഇരുവരും അമ്മയ്ക്കയച്ച തുറന്ന കത്തില്‍ ചോദിച്ചു. അമ്മ നേതൃത്വത്തിന് അയച്ച തുറന്ന കത്തിലാണ് രേവതിയും പദ്മപ്രിയയും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടവേള ബാബുവിന്റെ ചാനല്‍ ചര്‍ച്ചയിലുള്ള പരാമര്‍ശത്തിലും അതിനെത്തുടര്‍ന്ന് കെബി ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തിലും വ്യക്തിപരമായും അമ്മ സംഘടനയുടെ അംഗം എന്ന നിലയിലും എന്താണ് നിലപാട്? ചില അംഗങ്ങള്‍ അമ്മ എന്ന […]

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തില്‍ അമ്മയുടെ നിലപാടെന്തെന്ന് മോഹന്‍ലാലിനോടും അമ്മ നേതൃത്വത്തോടും രേവതിയും പദ്മപ്രിയയും. സിദ്ദീഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ എന്ത് നടപടിയെടുത്തു എന്നും ഇരുവരും അമ്മയ്ക്കയച്ച തുറന്ന കത്തില്‍ ചോദിച്ചു.
അമ്മ നേതൃത്വത്തിന് അയച്ച തുറന്ന കത്തിലാണ് രേവതിയും പദ്മപ്രിയയും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടവേള ബാബുവിന്റെ ചാനല്‍ ചര്‍ച്ചയിലുള്ള പരാമര്‍ശത്തിലും അതിനെത്തുടര്‍ന്ന് കെബി ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തിലും വ്യക്തിപരമായും അമ്മ സംഘടനയുടെ അംഗം എന്ന നിലയിലും എന്താണ് നിലപാട്?
ചില അംഗങ്ങള്‍ അമ്മ എന്ന സംഘടനയെയും സിനിമ വ്യവസായത്തെയും വിലയിടിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത്? അമ്മ എക്‌സിക്യുട്ടീവ് അംഗമായ സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തിലെ അധിക്രമങ്ങള്‍ തടയുന്നതിനുള്ള ‘പോഷ്’ നിയമത്തിലെ നടപടിക്രമങ്ങള്‍ ഭാരവാഹികള്‍ പാലിച്ചിട്ടുണ്ടോ? എന്നിങ്ങനെ മൂന്ന്‌ചോദ്യങ്ങളാണ് ഇരുവരും തുറന്ന കത്തില്‍ ചോദിച്ചിട്ടുള്ളത്.
അമ്മ നേതൃത്വത്തിലെ അംഗങ്ങളായ മോഹന്‍ലാല്‍, കെബി ഗണേഷ് കുമാര്‍, ജഗദീഷ്, അജു വര്‍ഗ്ഗീസ്, ആസിഫ് അലി, ബാബുരാജ് ജേക്കബ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍ കുട്ടി, ശ്വേത മോഹന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കാണ് രേവതിയുടെയും പദ്മപ്രിയയുടെയും കത്ത്.
പദ്മപ്രിയയുടെയും രേവതിയുടെയും അമ്മക്കുള്ള കത്തിന്റെ പൂര്‍ണ രൂപം
ആക്രമിക്കപ്പെട്ട നടി രാജി വെച്ച 2018 മുതല്‍ ഞങ്ങളുടെ സഹപ്രവര്‍ത്തക പാര്‍വതിയുടെ അമ്മ സംഘടനയില്‍നിന്നുള്ള രാജിയിലേക്കുള്ള യാത്ര ആരംഭിച്ചതാണ്.
എഎംഎംഎ അംഗത്വത്തില്‍നിന്നും രാജിവെക്കാനുള്ള പാര്‍വതിയുടെ തീരുമാനം ഞങ്ങളെ 2018ല്‍ ആക്രമിക്കപ്പെട്ട നടി രാജി വെച്ചതുമുതല്‍ തുടങ്ങിയ ഒരു യാത്രയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. ഒരേസമയെ വലിയ വേദനയോടെയും എന്നാല്‍, സിനിമ രംഗത്ത് അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗുണപരമായ അവബോധം സൃഷ്ടിക്കും എന്ന പ്രതീക്ഷയോടെയുമായിരുന്നു ആ യാത്ര. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത വിധത്തില്‍ പൊതു ഇടങ്ങളില്‍ ഒരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ പ്രയത്‌നങ്ങള്‍ കാരണമായി.
ഇതിനിടയില്‍ സംഭവിക്കാതിരുന്ന ഒരു കാര്യം എഎംഎംഎ നേതൃത്വത്തില്‍നിന്നും ക്രിയാത്മകമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായില്ല എന്നതാണ്.
മുന്‍കാലങ്ങളെപ്പോലെ ഈയിടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയുടെതായി വന്ന അഭിമുഖവും അപകടകരമായ ഒറ്റൊരു ഉദാഹരണമാണ് സൃഷ്ടിക്കുന്നത്. എഎംഎംഎ നേതൃത്വത്തിലുള്ളവര്‍ കോടതിയുടെ പരിഗണനയിലുള്ള ഒരു ക്രിമിനല്‍ അന്വേഷണത്തെ താഴ്ത്തിക്കെട്ടാന്‍ അവരുടെ പദവി ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണം. 50 ശതമാനത്തോളം സ്ത്രീകളുള്ള ഈ മേഖലയിലെ ഏക സംഘടന അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനോ പിന്തുണയ്ക്കാനോ പ്രോത്സാഹിപ്പിക്കാനോ ഒന്നും ചെയ്യുന്നില്ല എന്നതിന്റെ ഉദാഹരണം. അതിന് പകരം, അവരെ ഒറ്റപ്പെടുത്താനും പൊതു ഇടത്തില്‍ പരിഹസിക്കാനുമാണ് അവരുടെ എല്ലാ പരിശ്രമങ്ങളും. അമ്മ എന്ന സംഘടന എന്ന നിലയില്‍ എത്ര ഗുരുതരമായ സാഹചര്യമാണ് നേരിടേണ്ടി വരുന്നതെങ്കിലും നേതൃത്വമൊന്നാകെ നിശബ്ദമാകും എന്നതിന്റെ ഉദാഹരണം.
എന്താണ് ഇനി ചെയ്യുകയെന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളുടെ സഹപ്രവര്‍ത്തകരും മാധ്യമങ്ങളും ചോദിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ തിരക്കുകള്‍ക്കിടയില്‍നിന്നും എല്ലാം നിര്‍ത്തിവെച്ച് ഞങ്ങള്‍ ആലോചിച്ചു- ഇത് പദ്മപ്രിയയോ രേവതിയോ അല്ലെങ്കില്‍ എഎംഎംഎയിലെ ഏതെങ്കിലും അംഗമോ പ്രതികരിക്കുന്നതിനെക്കുറിച്ചോ, പ്രതികരിക്കാതിരിക്കുന്നതിനെക്കുറിച്ചോ, രാജിവെക്കുന്നതിനെക്കുറിച്ചോ അതോ ഒരു സംവാദം തുടരുന്നതിനെക്കുറിച്ചോ ആണോ? ഒരുപക്ഷേ, ആയിരിക്കാം. പക്ഷേ, നിലവിലത്തെ അവസ്ഥ അതിന് മാത്രമുള്ളതല്ല. ഒന്നാമതായി എഎംഎംഎ നേതൃത്വത്തിന് അവരുടെ നിലപാട് പങ്കുവെക്കാനുള്ള അവസരം. ഞങ്ങളെ ചോദ്യം ചെയ്യുന്നതിന് പകരം, അവര്‍ അവനവനോട് തന്നെ ചോദ്യങ്ങള്‍ ചോദിച്ച് അവരുടെ അഭിപ്രായം ഞങ്ങളോട് പങ്കുവെക്കാനുള്ള സമയം.
അമ്മ നേതൃത്വത്തിലെ ഓരോരുത്തര്‍ക്കുമായി ഈ ചോദ്യങ്ങളോടുകൂടി ഞങ്ങള്‍ ഇരുവരും ഒരു തുറന്ന കത്ത് അയക്കുകയാണ്.
- ഇടവേള ബാബുവിന്റെ ചാനല്‍ ചര്‍ച്ചയിലുള്ള പരാമര്‍ശത്തിലും അതിനെത്തുടര്‍ന്ന് കെബി ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തിലും വ്യക്തിപരമായും അമ്മ സംഘടനയുടെ അംഗം എന്ന നിലയിലും എന്താണ് നിലപാട്?
- ചില അംഗങ്ങള്‍ അമ്മ എന്ന സംഘടനയെയും സിനിമ വ്യവസായത്തെയും വിലയിടിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത്?
- അമ്മ എക്‌സിക്യുട്ടീവ് അംഗമായ സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തിലെ അധിക്രമങ്ങള്‍ തടയുന്നതിനുള്ള ‘പോഷ്’ നിയമത്തിലെ നടപടിക്രമങ്ങള്‍ ഭാരവാഹികള്‍ പാലിച്ചിട്ടുണ്ടോ?
‘പുരുഷാധിപത്യത്തിന്റെ സമാധാന കാലം സ്ത്രീകള്‍ക്കെതിരായ യുദ്ധമാണ്’- മരിയ മീസ്
രേവതിയും പദ്മപ്രിയയും