
ജപ്തിനടപടിയ്ക്കിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആത്മഹത്യചെയ്ത രാജന്റെ കുടുംബത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന് ഉത്തരവാദികള്‍ അമിതോത്സാഹം കാണിച്ച പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജന്റെ കുടുംബത്തിന് ഇതേ ഭൂമിയില്‍ പട്ടയം അനുവദിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
ഈ സംഭവത്തില്‍ പൊലീസ് കാണിച്ച അമിത താല്‍പ്പര്യം സംശയിക്കപ്പെടേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്റ്റേ കിട്ടി എന്ന് വിവരം ലഭിച്ചിട്ട് അതിനുമുന്‍പുതന്നെ ഈ കുടുംബത്തെ തെരുവിലിറക്കാന്‍ പൊലീസ് മനപൂര്‍വ്വം ശ്രമിച്ചു എന്ന് എല്ലാവര്‍ക്കും സംശയം തോന്നുന്നവിധത്തിലാണ് കാര്യങ്ങള്‍. ദമ്പതികള്‍ രണ്ടുപേരും മരിച്ചശേഷം, അത് കേരളത്തില്‍ ചര്‍ച്ചയായപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
രാജന്റേയും അമ്പിളിയുടേയും മരണത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ അമ്പിളിയുടെ മൃതദേഹം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുമെന്നതുള്‍പ്പെടെയുള്ള കളക്ടറുടെ ഉറപ്പുകളിലാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ച രാജന്റെ കുടുംബം ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തും. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബാക്കി ആവശ്യങ്ങള്‍ തീരുമാനിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതേ സ്ഥലത്ത് തന്നെ വീടുവെച്ച് നല്‍കണം, മക്കള്‍ക്ക് സാമ്പത്തിക സഹായം ഒരാള്‍ക്ക് ജോലി, പരാതിക്കാരിയായ വസന്തയെ അറസ്റ്റ് ചെയ്യണം എന്നിവയാണ് മറ്റു ആവശ്യങ്ങള്‍.
കളക്ടറെ പൂര്‍ണമായും വിശ്വസിക്കുന്നെന്ന് രാജന്റെ മക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ രാജന്റെ അയല്‍വാസിയും പരാതിക്കാരിയുമായ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കസ്റ്റഡി. രാജന്റയും ഭാര്യയുടെയും ആത്മഹത്യയില്‍ നാട്ടുകാര്‍ ഒന്നാകെ വസന്തക്കെതിരെ തിരിഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. വസന്തയെ കസ്റ്റഡിയിലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും വിഷയം മുതലെടുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.