‘ജയിലില്‍ നിന്നിറങ്ങിയ ശേഷം ഉമ്മന്‍ ചാണ്ടി സ്വന്തം ഫോണില്‍ നിന്ന് വിളിച്ചു’; കോള്‍ റെക്കോഡുണ്ടെന്ന് സോളാര്‍ സംരഭകയുടെ വെളിപ്പെടുത്തല്‍
സോളാര്‍ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുതായി വാങ്ങിയ സ്വന്തം ഫോണില്‍ നിന്ന് തന്നെ വിളിച്ചതായി സോളാര്‍ കേസിലെ പരാതിക്കാരിയായ സംരഭകയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് പരിപാടിയിലാണ് തുറന്നുപറച്ചില്‍. അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറയുന്നത് വിശ്വസിക്കരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തമ്പാനൂര്‍ രവിയുമായി സംസാരിച്ചാല്‍ മതിയെന്നും ഉമ്മന്‍ ചാണ്ടി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. സെക്രട്ടറിമാരുടെ ഫോണിലാണ് ഉമ്മന്‍ ചാണ്ടിയുമായി താന്‍ മുമ്പ് സംസാരിച്ചിട്ടുള്ളത്. സോളാര്‍ കേസ് […]

സോളാര്‍ കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുതായി വാങ്ങിയ സ്വന്തം ഫോണില്‍ നിന്ന് തന്നെ വിളിച്ചതായി സോളാര്‍ കേസിലെ പരാതിക്കാരിയായ സംരഭകയുടെ വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് പരിപാടിയിലാണ് തുറന്നുപറച്ചില്‍. അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറയുന്നത് വിശ്വസിക്കരുതെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തമ്പാനൂര്‍ രവിയുമായി സംസാരിച്ചാല്‍ മതിയെന്നും ഉമ്മന്‍ ചാണ്ടി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതായും പരാതിക്കാരി പറഞ്ഞു. സെക്രട്ടറിമാരുടെ ഫോണിലാണ് ഉമ്മന്‍ ചാണ്ടിയുമായി താന്‍ മുമ്പ് സംസാരിച്ചിട്ടുള്ളത്. സോളാര്‍ കേസ് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഡബിള്‍ ത്രീ നമ്പറില്‍ അവസാനിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെ വിളിച്ചതിന് തെളിവായി ഫോണ്‍ റെക്കോഡുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ലൈംഗീകാരോപണം ജയിലില്‍ വെച്ച് അവരെഴുതിയ കത്തിലുണ്ടായിരുന്നില്ല എന്നും കെ ബി ഗണേഷ് കുമാറിന്റെ നിര്‍ബന്ധത്തില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസ് ബിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും ആര് ബാലകൃഷ്ണപിള്ളയുടെ അനന്തരവനുമായ ശരണ്യ മനോജ് ആരോപിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാതിക്കാരിയുടെ പ്രതികരണം.
യുഡിഎഫില്‍ ഒട്ടുമിക്ക നേതാക്കളുമായും തനിക്ക് നല്ല ബന്ധമായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചതനുസരിച്ച് ബെന്നി ബെഹ്നാനേയും തമ്പാനൂര്‍ രവിയേയും താന്‍ പലതവണ വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. 2013 ജൂണ്‍ രണ്ടിനാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് താന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് പോയത്. ജൂലൈ 19നാണ് സോളാര്‍ കേസില്‍ വിവാദമായി തീര്‍ന്ന കത്ത് ജയിലില്‍ വെച്ച് എഴുതിയത്. പിന്നീട് 2014ലാണ് ജയിലില്‍ നിന്ന് പുറത്തേക്ക് വന്നത്. കേരള കോണ്‍ഗ്രസ് ബിയുടെ നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബാങ്ക് ലോക്കറിലാണ് കത്ത് സൂക്ഷിച്ചതെന്ന് ശരണ്യ മനോജിന്റെ വാദം പരാതിക്കാരി ശരിവെച്ചു. പിന്നീട് തനിക്ക് വാര്‍ത്താസമ്മേളനത്തില്‍ കാണിക്കാന്‍ പോലും ഈ കത്തിന്റെ പകര്‍പ്പ് മാത്രമാണ് ലഭിച്ചത്. ഒരു വാര്‍ത്താ ചാനലിന്റെ മേധാവിയ്ക്ക് ഒറിജിനല്‍ കത്ത് കൈമാറുകയും അത് സോളാര്‍ കമ്മീഷനില്‍ എത്തുകയുമാണ് ചെയ്തത്. താനെഴുതിയ കത്തില്‍ യാതൊരു വിധത്തിലുള്ള തിരുത്തലുകളും വരുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.
കെ ബി ഗണേഷ് കുമാറുമായി തനിക്ക് നല്ല വ്യക്തിബന്ധമാണുണ്ടായിരുന്നത്. ആ വ്യക്തിബന്ധമുപയോഗിച്ച് കേസില്‍ നിന്ന് തന്നെ പിന്മാറ്റാന് യുഡിഎഫ് ഒന്നിച്ചാണ് ശ്രമിച്ചത്. യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്ന് ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി ആവര്‍ത്തിച്ചു. അന്ന് ഭരണം നിലനിര്‍ത്തുക എന്ന രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തന്റെ വിശ്വാസ്യത തകര്‍ക്കാനാണ് യുഡിഎഫ് നേതാക്കള്‍ ശ്രമിച്ചത്. ഇപ്പോഴും മറ്റൊരു രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി യുഡിഎഫ് തന്റെ പേര് ഉപയോഗിക്കുകയാണെന്ന് പരാതിക്കാരി പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടിയെ താന്‍ പിതൃതുല്യനായാണ് കണ്ടിരുന്നത്. വ്യക്തിഗതമായി ഒരു ദുരനുഭവം ഉണ്ടാകുന്നതുവരെ അങ്ങനെത്തന്നെയായിരുന്നു. അതുവരെ മറ്റുള്ളവര്‍ക്കെതിരായ പരാതികള്‍ താന്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്നിലാണ് പറഞ്ഞിരുന്നതെന്നും സോളാര്‍ സംരഭക പറഞ്ഞു. രാഷ്ട്രീയക്കാരി അല്ലാത്തതുകൊണ്ട് തനിക്ക് മാറ്റിപ്പറയേണ്ട ആവശ്യമില്ല. പറഞ്ഞതില്‍ ഉറച്ചുനില്ക്കുക തന്നെ ചെയ്യുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.