
എല്‍ഡിഎഫ് കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിപിഐഎം സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി വര്‍ഗ്ഗീയത പറയുകയാണെന്ന് ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചു. സിപിഐഎം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുകയാണ്. കെഎം മാണിയുടെ പാര്‍ട്ടിയുമായി പോലും കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയുണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പരിഹസിച്ചു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയതിന്റെ രാഷ്ട്രീയം വ്യക്തമാണെന്ന വിജയരാഘവന്റെ ആരോപണത്തിനുനേരെയും ഉമ്മന്‍ചാണ്ടി അതേനാണയത്തില്‍ തിരിച്ചടിച്ചു. വിജയരാഘവന് പാണക്കാട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണെന്നും താന്‍ ഇനിയും പാണക്കാട്ട് പോകുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി തറപ്പിച്ചുപറഞ്ഞു. കിട്ടാത്ത മുന്തിരി പുളിക്കും എന്ന മട്ടിലുള്ള പ്രതികരണമാണ് വിജയരാഘവനില്‍ നിന്നുണ്ടാകുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കെഎം മാണിഅഴിമതിക്കാരനല്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് അന്നും ഇന്നും ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ മാണിയുടെ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സിപിഐഎമ്മിന് മടിയില്ല. സിപിഐഎം അവസരത്തിനൊത്ത് മാറും. ഐക്യജനാധിപത്യമുന്നണി ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. ഉമ്മന്‍ ചാണ്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ട് വേണ്ട എന്ന ദേശീയ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തള്ളിക്കളഞ്ഞെന്ന് എ വിജയരാഘവന് വിമര്‍ശിച്ചിരുന്നു. ബിജെപിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.