Top

കെപിസിസിയില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി; തോല്‍വിയില്‍ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പിസി ചാക്കോ

കെപിസിസിയുടെ നേതൃ നിരയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. ഇക്കാര്യം എഐസിസി നേതൃത്വം വ്യക്തമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

27 Dec 2020 4:43 AM GMT

കെപിസിസിയില്‍ നേതൃമാറ്റത്തിന്റെ  ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി; തോല്‍വിയില്‍ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പിസി ചാക്കോ
X

കെപിസിസിയുടെ നേതൃ നിരയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം എഐസിസി നേതൃത്വം വ്യക്തമാക്കി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നേതൃനിരയില്‍ മാറ്റം ഉണ്ടാകില്ലെന്ന്‌ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

സമിതിയോഗത്തിന് ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കണമെന്ന് മുതിര്‍ന്ന നേതാവ്‌ പിസി ചാക്കോ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. ഡിസിസികള്‍ പുനസംഘടിപ്പിക്കണമെന്ന് അടൂര്‍ പ്രകാശും കെസി ജോസഫും പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ വലിയ പൊളിച്ചെഴുത്ത് അപ്രായോഗികമാണ്. ഗ്രൂപ്പ് വീതം വെപ്പ്‌ തിരിച്ചടിക്ക് കാരണമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മ പരാജയത്തിന് കാരണമായെന്ന് വിഡി സതീശന്‍ എഎല്‍എ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ഗുരുതര വീഴ്ച്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പെങ്കിലും തയ്യാറെടുപ്പ് വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന ആവശ്യവുമായി ടിഎന്‍ പ്രതാപന്‍ എംപിയും രംഗത്തെത്തി. ഗ്രൂപ്പ് വീതം വയ്പ് പരാജയത്തിന് കാരണമായെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍ എന്നിവരുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെയും ഘടക കക്ഷി നേതാക്കളുടേയും അഭിപ്രായങ്ങള്‍ തേടിയ ശേഷം വിശദമായ റിപ്പോര്‍ട്ട് താരീഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് കൈമാറും. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ ഹൈക്കമാന്‍ഡ് കെപിസിസി നേതൃത്വത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജനുവരി ആദ്യവാരം നടക്കുന്ന രാഷ്ട്രീയകാര്യ സമിതി ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

Next Story