‘എ കെ ആന്റണിയെ പണയം വെച്ചയാളാണ് ഉമ്മന്‍ ചാണ്ടി’; ഇന്നസെന്റ്

എ കെ ആന്റണിയെ പണയം വെച്ചയാളാണ് ഉമ്മന്‍ ചാണ്ടിയെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്‍ മുഖ്യമന്ത്രിമാര്‍ യുവ നേതാക്കളായിരുന്ന കാലത്തെ അനുഭവം ‘കുഞ്ഞൂഞ്ഞ് കഥകള്‍’ എന്ന പുസ്തകത്തില്‍ വായിച്ചതും തന്റെ ജീവിതത്തിലുണ്ടായ സമാന അനുഭവവും പങ്കുവെച്ചാണ് ഇന്നസെന്റിന്റെ പ്രതികരണം. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ എഴുതിയ സിനിമയും രാഷ്ട്രീയവും എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു ഇന്നസെന്റിന്റെ കഥപറച്ചില്‍
ഇന്നസെന്റ് പറഞ്ഞത്
“ഒരു ഏഴ് കൊല്ലം മുന്‍പ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പുസ്തകം ‘കുഞ്ഞൂഞ്ഞ് കഥകളു’ടെ പ്രകാശനത്തിന് തിരുവനന്തപുരത്ത് ചെല്ലാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു, തിരുവനന്തപുരം വരെ വരണ്ടേ. വേറെ ആരെയെങ്കിലും നോക്കൂ. വേണ്ട ഇന്നസെന്റ് തന്നെ വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേരമ്പോക്ക് ഒക്കെയുള്ള സംഭവങ്ങളാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് നിങ്ങളെ തന്നെ വേണമെന്ന് പറഞ്ഞത്. അങ്ങനെ ഒരു പുസ്തക പ്രകാശനത്തിന് ഞാന്‍ തിരുവനന്തപുരത്തെത്തി. അതിന് മുമ്പ് ആ പുസ്തകം എനിക്കൊന്ന് അയച്ചുതരാന്‍ പറഞ്ഞു. അവിടെ ചെന്നിട്ട് എന്തു പറയും. എന്തെങ്കിലും വായിച്ചാല്‍ അല്ലെ എന്തെങ്കിലും പറയാന്‍ പറ്റൂ. എനിക്ക് പുസ്തകത്തിന്റെ കോപ്പി അയച്ചുതന്നു. ഞാനത് വായിച്ചു.
ആ പുസ്തകത്തിലുള്ള ഒരു സംഭവം പറയാം. ഉമ്മന്‍ ചാണ്ടി കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എ കെ ആന്റണിയെ കാത്തുനില്‍ക്കുകയാണ്. കാലങ്ങള്‍ക്ക് മുമ്പാണ്. ഏതോ ട്രെയിനില്‍ എ കെ ആന്റണി വരും. അങ്ങനെ കാത്തുനില്ക്കുമ്പോള് കുറേ കഴിഞ്ഞപ്പോള്‍ വണ്ടി വന്നു. അതില്‍ നിന്നു എ കെ ആന്റണി ഇറങ്ങി വന്നു. ആ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്തുള്ള ചായക്കടയില്‍, ‘ഒരു ചായ കുടിച്ചാല്‍ എങ്ങനെയാ’ അപ്പോ ആന്റണി സാറ് പറഞ്ഞു. ഓ കുടിക്കാം. അങ്ങനെയവര്‍ ചായകുടിക്കാനായിട്ട് അതിന്റെ അകത്ത് കയറി. ചായ കുടിച്ചോണ്ടിരുന്നപ്പോ. അതെന്താ മുട്ടയോ. താറാമുട്ട. അപ്പോ താറാമുട്ട ഫ്രൈയും. അതെന്താ അപ്പം, അതും എടുത്തോളൂ. ഉമ്മന്‍ ചാണ്ടി സാര്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ തപ്പി. നോക്കിയപ്പോള്‍ പൈസ തികയില്ല. നമ്മള് വളരെ സൂക്ഷിക്കണം. ഇങ്ങനെ ആളുകള്‍ ചായ കുടിക്കാന്‍ വിളിച്ചുകഴിഞ്ഞാല്‍ നമ്മള് ചായക്കടയിലുള്ള ഓരോന്നും എടുത്ത് തിന്നും. ചായകുടി കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി ആന്റണിയോട് പറഞ്ഞു. ഇവിടെ ഇരിക്ക്. ഒരു പാര്‍ട്ടി പ്രവര്ത്തകന് എന്നെ കാണാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഒന്ന് കണ്ടിട്ട് വരാം. എന്നുപറഞ്ഞ് ഒരു പത്രമെടുത്ത് കൈയില്‍ കൊടുത്തു. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കില്ലേ, വഴക്കിടാതിരിക്കാന്‍ വേണ്ടി. ആന്റണി ഇങ്ങനെ പത്രം വായിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി പുറത്തുപോയി പാര്‍ട്ടിക്കാരെയോ അല്ലാത്തെ ആരെയോ കണ്ടപ്പോള്‍ പണം വാങ്ങി ചായക്കടയില്‍ കൊടുത്തു. അപ്പോ, അതുവരെ നമ്മുടെ എ കെ ആന്റണിയെ പണയം വെച്ചയാളാണ് ഉമ്മന്‍ ചാണ്ടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ആലീസിന്റെ ബന്ധുവിനെ ബസ്റ്റാന്‍ഡില്‍ വെച്ച് കണ്ടു. ഞാന്‍ ഒരു ചായകുടിച്ചാലോ എന്ന് ചോദിച്ചു. ഇയാള്‍ ആകാം എന്ന് പറഞ്ഞു. ചായകുടിക്കാനായിട്ട് ബിസ്മില്ലാ ഹോട്ടലിലേക്ക് ഞാന്‍ വിളിച്ചുകൊണ്ടുപോയി. ചായ പറഞ്ഞ് ഞാന്‍ ഇങ്ങനെ ചില്ലുഗ്ലാസില്‍ നോക്കിയപ്പോ അപ്പവും മുട്ടയും. എന്ത് മുട്ടയാ. താറാമുട്ടയാ. കുട്ടനാട്ടിലെ മുട്ടയാണോ? ഇയാള്‍ താറാമുട്ടയും അപ്പവും മേടിച്ച് കഴിച്ചു. എന്റെ കൈയില്‍ അതിനുള്ള പണമില്ലായിരുന്നു. പക്ഷെ ഞാന്‍ ഒരാളെ തേടി പിടിക്കാന്‍ പോയില്ല. അപ്പവും മുട്ടയും ചായകുടിയുമൊക്കെ കഴിഞ്ഞപ്പോള്‍ ആ ബോയിയുടെ അടുത്ത്് ഞാന്‍ കണ്ണുകൊണ്ട് കാണിച്ചു. ഇയാളുടെ അടുത്ത് നിന്ന് തന്നെ കാശു വാങ്ങിച്ചോളാന്‍. ഇവര്‍ക്കൊക്കെ എന്താ താറാവ് മുട്ടയും അപ്പവും കാണുമ്പോള്‍ ഇത്ര പ്രാന്ത്? എന്നേ പോലുള്ള മനുഷ്യരെ ജീവിക്കാന്‍ സമ്മതിക്കില്ലാന്ന് വെച്ചാല്‍. അയാള്‍ തുക പറഞ്ഞപ്പോള്‍ അന്തോണിച്ചേട്ടന് പോക്കറ്റില്‍ കൈയിട്ട് എന്നെ നോക്കി. ഞാനെടുത്ത് കൊടുക്കുമെന്ന് വിചാരിച്ച്. എന്റെ കൈയില്‍ ഇല്ല, രണ്ട് ചായക്കുള്ള പൈസയേ എന്റെ കൈയിലുള്ളൂ. ഞാനാ കടയില്‍ കടം പറയാന്‍ പോയില്ല. അങ്ങനെ ആയാള്‍ ആ പൈസയെടുത്ത് കൊടുത്തു, തൃപ്രയാര്ക്കോ എവിടേക്കോ പോയി. കുറേ കഴിഞ്ഞപ്പോള്‍ ഞാനിത് വീട്ടില്‍ വന്ന് ആലീസിനോട് പറഞ്ഞു. ഇളയപ്പന്റെ മോന് വന്ന് അപ്പവും മുട്ടയും കഴിച്ചിട്ട് പോയി. ഞാനാണ് വിളിച്ചത് എന്ന് പറഞ്ഞു. ആലീസ് ‘അതെയോ, നന്നായി. അങ്ങനെയുള്ള മര്യാദങ്ങളൊക്കെ വേണം’ ‘കാശ് എന്റെ കൈയില്‍ ഇല്ലാത്തതുകൊണ്ട് അയാളേക്കൊണ്ട് ഞാനങ്ങ് കൊടുപ്പിച്ചു’. ആലീസ് ഇത് അവരുടെ വീട്ടില്‍ പോയി പറഞ്ഞു. ആലീസിന്റെ അപ്പന് പറഞ്ഞു ഇത്ര ബുദ്ധിയില്ലാത്തവനായിപ്പോയോ ഇന്നസെന്റ്.
അവര്‍ക്കറിയില്ല താറാമുട്ടയുടേയും അപ്പത്തിന്റേയും വില. ഇവിടെ എ കെ ആന്റണി വരെ ചുറ്റിയിട്ടുണ്ട്. അതിലും വലുതാണോ ഈ അന്തോണി?”