Top

‘പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള സിനിമയാണ് വണ്‍’; മറുപടിയുമായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് ‘വണ്‍’. തീയറ്ററുകള്‍ തുറക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന പോസ്റ്റര്‍ ‘വണ്‍ ടീം പുറത്തിറക്കിയിരുന്നു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായതിനാല്‍, വണ്‍ പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ചിത്രമാണെന്ന അഭിപ്രായം പലരും പറഞ്ഞിരുന്നു. മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിന് താഴെയും നിരവധി പേര്‍ ‘പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ഒരു സിനിമയാണ് വണ്‍’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ […]

6 Jan 2021 6:45 AM GMT
പ്രിയങ്ക രവീന്ദ്രൻ

‘പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള  സിനിമയാണ് വണ്‍’; മറുപടിയുമായി സംവിധായകന്‍ സന്തോഷ് വിശ്വനാഥ്
X

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന ചിത്രമാണ് ‘വണ്‍’. തീയറ്ററുകള്‍ തുറക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ റിലീസ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന പോസ്റ്റര്‍ ‘വണ്‍ ടീം പുറത്തിറക്കിയിരുന്നു. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമായതിനാല്‍, വണ്‍ പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ചിത്രമാണെന്ന അഭിപ്രായം പലരും പറഞ്ഞിരുന്നു. മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററിന് താഴെയും നിരവധി പേര്‍ ‘പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ഒരു സിനിമയാണ് വണ്‍’ എന്ന് കമന്റ് ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ സംശയങ്ങള്‍ക്കും, ഊഹങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്. റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കവെയാണ് സന്തോഷ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ഒരു സിനിമയാണ് വണ്‍ എന്ന പ്രേക്ഷകരുടെ കമന്റുകളോടും, അഭിപ്രായങ്ങളോടും എങ്ങിനെ പ്രതികരിക്കുന്നു?

ഇതെല്ലാം സിനിമ കാണാതെ അവര്‍ പറയുന്ന കാര്യങ്ങളാണ്. സിനിമ കണ്ടിട്ടാണ് അവര്‍ ഇതെല്ലാം പറയുന്നതെങ്കില്‍ നമുക്ക് അവരുടെ വീക്ഷണമാണെന്ന് പറയാം. നമ്മള്‍ പ്രത്യേകിച്ച് ആരേയും വിഷയമാക്കിയല്ല സിനിമ ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവര്‍ക്ക് അങ്ങനെയെല്ലാം തോന്നുന്നത്. അപ്പൊ അത് സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ഞങ്ങള്‍ പ്രതീക്ഷിച്ച കാര്യങ്ങള്‍ തന്നെയാണ് അവര്‍ പറയുന്നത്. പക്ഷെ അതൊന്നും ഈ സിനിമയും ആയി ബന്ധപ്പെട്ട കാര്യങ്ങളല്ല. അവര്‍ക്ക് തോന്നുന്നത് അവര്‍ പറയുന്നു എന്നെ ഉള്ളൂ.

കേരള മുഖ്യമന്ത്രിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ എന്തായിരുന്നു കാരണം?

ഇങ്ങനെ ഒരു ത്രെഡ് തോന്നിയത് ബോബി സഞ്ചൈയുടെ മനസിലാണ്. കേരളത്തിലെ മുഖ്യമന്ത്രിയെ വെച്ച് ഒരു സിനിമ ചെയ്യാം എന്ന്. അത് കേട്ടപ്പോള്‍ തന്നെ എനിക്ക് വല്ലാതെ ത്രില്ലിങ്ങ് ആയി തോന്നി. മുഖ്യമന്ത്രി കേന്ദ്ര കഥാപാതമായി മമ്മൂക്കയെ വെച്ച് സിനിമ ചെയ്യുക എന്നത്. പിന്നെ അത് ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ഡെവലപ്പ് ചെയ്യുകയായിരുന്നു. പിന്നെ ഒരു നിര്‍ബന്ധമുണ്ടായത് ഈ കഥാപാത്രത്തെ മറ്റാരുമായി താരതമ്യം ചെയ്യരുതെന്നാണ്. പ്രത്യേകിച്ച് മമ്മൂക്ക ആയത് കൊണ്ട്. അത് നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സിനിമ കാണുമ്പോ ഒരാളെ മാത്രമായല്ല. പലരെയും സങ്കല്‍പ്പിക്കാം. ഒരിക്കലും ഒരു പക്ഷത്തിന്റെ മാത്രം സിനിമയല്ല വണ്‍.

തീയറ്റര്‍ തുറന്നാല്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന സിനിമയാണ് വണ്‍, അതില്‍ ടെന്‍ഷന്‍ ഉണ്ടോ?

ടെന്‍ഷനില്ല. പക്ഷെ ആകാംഷയുണ്ട്. ടെന്‍ഷന്‍ ഉണ്ടായാല്‍ നമുക്ക് ഒരിക്കലും ഒന്നും ചെയ്യാന്‍ കഴിയില്ല. ആകാംഷ എന്നത് എപ്പോഴും ഉണ്ടാകണം. എന്നാല്‍ മാത്രമെ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയു. ഈ സിനിമ ഇതുവരെ പറയാത്ത ഒരു രീതിയിലാണ് എടുത്തിട്ടുള്ളത്. സാധാരണ രാഷ്ട്രീയ സിനിമകള്‍ പറയുന്ന രീതിയില്‍ നിന്നും വ്യത്യസ്തമായാണ് വണ്‍ എടുത്തിരിക്കുന്നത്.

വണ്‍ന്റെ ചിത്രീകരണം കൊവിഡിന് മുമ്പ് കഴിഞ്ഞിരുന്നോ?

2020 ജനുവരി 5ന് ചിത്രീകരണം പൂര്‍ണ്ണമായും കഴിഞ്ഞതാണ്. ഇനി രണ്ട് ദിവസത്തെ കൂടി ഷൂട്ട് ഉണ്ട്. അത് ഈ മാസം അവസാനത്തോടെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. മമ്മൂക്ക കൂടിയുള്ള ഭാഗം തന്നെയാണ് ചിത്രീകരിക്കാനുള്ളത്. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ലുക്ക് അതിനൊരു പ്രശ്‌നമല്ല.

മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ച ഉപാധികള്‍ പരിഗണിക്കാതെ തീയറ്ററുകള്‍ തുറക്കില്ലെന്നാണ് ഫിലീം ചേംബറിന്റെ തീരുമാനം. ഇതിലിനി എന്നാണ് മറിച്ചൊരു തീരുമാനം ഉണ്ടാവുക എന്ന് അറിയുമോ?

ഇത് ഒരു പക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. സിനിമയെ ആശ്രയിച്ചാണ് തീയറ്ററുള്ളത്. തീയറ്ററിനെ ആശ്രയിച്ച്് സിനമയും. രണ്ട് പേരും ഒരുമിച്ച് സിനിമയ്ക്ക് വേണ്ടി ഒരു തീരുമാനം എടുക്കുകയാണ് വേണ്ടത്. എല്ലാവരുടെയും നല്ലതിന് വേണ്ടി എത്രയും പെട്ടന്ന് തന്നെ അത്തരത്തിലുള്ള തീരുമാനം എടുക്കും എന്ന പ്രതീക്ഷയുണ്ട്.

കൊവിഡിന്റെ പുതിയ വഗഭേതം കേരളത്തിലും സ്ഥിരീകരിച്ചു. തീയറ്റര്‍ തുറക്കുമ്പോള്‍ എത്രത്തോളം ആളുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്?

തീയറ്റര്‍ തുറക്കുകയാണെങ്കില്‍ 50 ശതമാനം ആളുകളെ വച്ച് തുറക്കുമെന്നാണ് തീരുമാനമായത്. കൊവിഡ് ആദ്യം വന്നപ്പോള്‍ നമ്മളെല്ലാം ഇത് പോകുമെന്ന് കരുതി കുറേ നാള്‍ വീട്ടിലിരുന്നു. പിന്നെ മനസിലായി അത് പോകില്ലെന്ന്. അങ്ങനെ അതിനൊപ്പം ജീവിക്കാന്‍ എല്ലാവരും പഠിച്ച് കഴിഞ്ഞു. അപ്പൊ സിനിമ തീയറ്റര്‍ മാത്രം അടച്ചിട്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ പറ്റില്ലല്ലോ. ബാറുകളിലെല്ലാം ആളുകള്‍ പോകുന്നത് കൊവിഡിനെ എങ്ങിനെ പ്രതിരോധിക്കാമെന്ന് അറിയുന്നത് കൊണ്ടാണല്ലോ. എല്ലാവരും ഇപ്പോള്‍ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്. സിനിമയും നമ്മുടെ ജീവിതത്തില്‍ വേണ്ടത് തന്നെയാണ്. നമ്മുടെ ഡിപ്രഷനും എല്ലാം മാറ്റാന്‍ സാധിക്കുന്ന ഒരു ഘടകമാണ് സിനിമ. വിനോദം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ്. അതുകൊണ്ട് തീയറ്റര്‍ തുറന്നാല്‍ ദോഷമല്ല, ഗുണം മാത്രമേ ഉണ്ടാവു.

തമിഴ്‌നാട്ടില്‍ കൊവിഡ് സാഹചര്യത്തില്‍ നൂറ് ശതമാനം ആളുകളെ അനുവദിച്ച് തീയറ്റര്‍ തുറക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം.?

തമിഴ്‌നാട്ടിലെ ആളുകള്‍ നേരത്തെ തന്നെ കൊവിഡുമായി ഇണങ്ങി കഴിഞ്ഞു. തമിഴ്‌നാട്ടില്‍ അങ്ങനെ ചെയ്യുന്നത് കൊണ്ട് തെറ്റില്ല. നമ്മള്‍ വിമാനത്തിലും, ട്രെയ്‌നിലും, ബസിലുമെല്ലാം സാമൂഹ്യ അകലം പാലിക്കുന്നില്ല. പിന്നെ റെസ്റ്റോറെന്റ്, ബാര്‍ എന്നിവടങ്ങളില്‍ മാസ്‌ക്ക് ധരിക്കാതെ ഏസി റൂമിലിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ സിനിമ തീയറ്ററില്‍ ആരും സംസാരിക്കുന്നില്ല. മാസ്‌ക്ക് ഇട്ട് സ്‌ക്രീനില്‍ നോക്കിയിരിക്കുകയാണ്. ഇതിലെല്ലാം വൈരുദ്ധ്യങ്ങള്‍ ഒരുപാട് ഉണ്ട്.

തീയറ്ററുകള്‍ തുറക്കാമെന്ന സര്‍ക്കാര്‍ തീരുമാനം കുറച്ച് കൂടെ നേരത്തെ ആകാമായിരുന്നെന്ന് തോന്നുന്നുണ്ടോ?

തീയറ്റര്‍ അവസാനത്തേക്ക് വെച്ചത് ശരിയായില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. തീയറ്റര്‍ നേരത്തെ തന്നെ തുറക്കാമായിരുന്നു. ബാറുകളും, സ്‌കൂളുമെല്ലാം തുറന്നതിന് ശേഷമാണ് തീയറ്റര്‍ തുറക്കുന്നു എന്ന തീരുമാനത്തില്ലെത്തിയത്. തീയറ്ററിലാണ് കൂടുതല്‍ കൊവിഡ് പകരുക, അല്ലെങ്കില്‍ തീയറ്ററിനോട് ഒരു ഭീതി ആളുകളില്‍ ഉണ്ടാവുന്ന അവസ്ഥയായി പോയി. ഒരു മൂന്ന് മാസം മുമ്പെ തന്നെ തീയറ്റര്‍ തുറക്കാമായിരുന്നു.

പുതിയ പ്രൊജക്ക്റ്റുകള്‍ എന്തൊക്കെയാണ്?

പ്രൊജക്ക്റ്റുകള്‍ മനസില്‍ ഉണ്ടായിരുന്നു. പക്ഷെ കൊവിഡായത് കൊണ്ട് വേണ്ടെന്ന തീരുമാനത്തിലാണ്. തീയറ്റര്‍ തുറന്നാല്‍ മാത്രമെ നമുക്ക് ഒരു പ്രതീക്ഷയുള്ളു. എന്നാല്‍ മാത്രമെ നിര്‍മ്മാതാക്കള്‍ക്ക് പൈസ ഇറക്കാന്‍ തോന്നു. അപ്പോഴെ പുതിയ സിനിമകള്‍ നമുക്കും ചെയ്യാന്‍ സാധിക്കുകയുള്ളു. തീയറ്ററില്‍ നിന്ന് നല്ല നികുതി സര്‍ക്കാരിന് പോകുന്നുണ്ട്. എന്നിട്ടും തീയറ്ററിനോട് ഇങ്ങനെ കാണിക്കുന്നതില്‍ വേദിനയുണ്ട്. അതുകൊണ്ട് വണ്‍ പുറത്തിറങ്ങിയതിന് ശേഷമെ ഇനി പുതിയ സിനിമയുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് തീരുമാനം.

Next Story