Top

‘പവർ സ്റ്റാർ സൂപ്പർഹിറ്റാക്കണം എന്ന് ഞാൻ; നല്ല ഒരു ചിത്രമാണ് വേണ്ടത് എന്ന് അദ്ദേഹം’; സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഡെന്നിസ് ജോസഫ് മാറ്റിയെന്ന് ഒമർ ലുലു

ധമാക്ക എന്ന സിനിമയുടെ പരാജയത്തിന് ശേഷം താൻ ചെയ്യുന്ന സിനിമ ആയതിനാൽ തന്നെ പവർ സ്റ്റാർ എങ്ങനെയും സൂപ്പർഹിറ്റ് ആക്കണം ഇന്നുണ്ടായിരുന്നെന്നും ആ ആഗ്രഹം ഡെന്നിസ് ജോസഫിനോട് പറഞ്ഞപ്പോൾ തനിയ്ക്ക് കിട്ടിയ മറുപടി സിനിമകളെ കുറിച്ചുള്ള തൻെറ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നും ഒമർ ലാൽ പറഞ്ഞു.

13 May 2021 7:41 AM GMT
വി.എസ് ഹൈദരലി

‘പവർ സ്റ്റാർ സൂപ്പർഹിറ്റാക്കണം എന്ന് ഞാൻ; നല്ല ഒരു ചിത്രമാണ്  വേണ്ടത് എന്ന് അദ്ദേഹം’; സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഡെന്നിസ് ജോസഫ് മാറ്റിയെന്ന് ഒമർ ലുലു
X

പവർ സ്റ്റാർ എന്ന സിനിമ ബാക്കിവെച്ചാണ് മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് നമ്മേ വിട്ടുപിരിഞ്ഞത്. ഡെന്നിസ് ജോസഫിനൊപ്പമുള്ള തിരക്കഥ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ഒമർ ലുലു. ധമാക്ക എന്ന സിനിമയുടെ പരാജയത്തിന് ശേഷം താൻ ചെയ്യുന്ന സിനിമ ആയതിനാൽ തന്നെ പവർ സ്റ്റാർ എങ്ങനെയും സൂപ്പർഹിറ്റ് ആക്കണം ഇന്നുണ്ടായിരുന്നെന്നും ആ ആഗ്രഹം ഡെന്നിസ് ജോസഫിനോട് പറഞ്ഞപ്പോൾ തനിയ്ക്ക് കിട്ടിയ മറുപടി സിനിമകളെ കുറിച്ചുള്ള തൻെറ കാഴ്ചപ്പാട് തന്നെ മാറ്റിയെന്നും ഒമർ ലാൽ പറഞ്ഞു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.

ഒമർ ലുലുവിന്റെ വാക്കുകൾ:

ധമാക്ക പരാജയം നേരിട്ടപ്പോൾ ഞാൻ ഡെന്നിസേട്ടനോട് പറഞ്ഞു നമുക്ക് പവർ സ്റ്റാർ സൂപ്പർഹിറ്റ് ആക്കണം എന്ന്. നമുക്ക് ഹിറ്റ് എന്ന് നോക്കണ്ട നല്ല ഒരു സിനിമയാണ് വേണ്ടത് എന്ന് അദ്ദേഹം മറുപടി നൽകിയത്. ഹിറ്റ് ആകുമോ ഇല്ലയോ എന്നത് വിധിയാണ്. ഹിറ്റ് എഴുതിയിട്ട് പോലും പരാജയം നേരിട്ട സിനിമകൾ ഉണ്ട്. ആയിരം കണ്ണുകൾ എന്ന സിനിമ അങ്ങനെ എഴുതിയത് ആണ്‌. എന്നിട്ടും പരാജയം നേരിട്ടു. ഹിറ്റിന് പുറകെ പോകാതെ നല്ല സിനിമയ്ക്ക് വേണ്ടി പ്രവർത്തിക്കണം എന്നാണ് തന്നെ സിനിമ പഠിപ്പിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഡെന്നിസ് ജോസഫിനൊപ്പം ഇരിക്കുന്ന സമയം പോകുന്നത് പോലും അറിഞ്ഞിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു ഞങ്ങൾ പവർസ്റ്റാർ എന്ന സിനിമയെക്കുറിച്ച് ചർച്ചകൾ നടന്നത്. കുറച്ച് നാളായിരുന്നെങ്കിൽ ഇടയിൽ നല്ല അടുപ്പമുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം എക്സ്പീരിയൻസ് ഉള്ള ഒരാൾ പറയുന്ന കാര്യങ്ങൾ എല്ലാം പുതിയ അറിവുകൾ ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം വലിയ ആവേശം തന്നെയായിരുന്നു അദ്ദേഹത്തോടൊപ്പം സംസാരിക്കുക എന്നത്. അദ്ദേഹത്തോടൊപ്പം സംസാരിച്ചിരുന്നത് സമയം പോകുന്നതറിയില്ല, ഒമർ ലുലു ഓർക്കുന്നു.

പവർ സ്റ്റാറിന്റെ കഥയൊക്കെ ഏറെക്കുറെ പൂർത്തിയായി. സീൻ ഓർഡർ കംപ്ലീറ്റ് ചെയ്തു. ഡയലോഗുകൾ പൂർത്തിയാക്കി മെയ് 2ന് വിളിക്കാം എന്ന് പറഞ്ഞിരുന്നു. അതിനിടയിൽ കൊവിഡ് വാക്‌സിൻ ഇഞ്ചക്ഷൻ എടുത്തിരുന്നു. അപ്പോൾ അതിന്റെ പനിയൊക്കെയായി കുറച്ച് നീണ്ടു. ലോക്ക്ഡൗൺ ആയപ്പോൾ ചേട്ടൻ വിളിച്ച് പെരുന്നാൾ കഴിഞ്ഞു ഇരിക്കാം എന്ന് പറഞ്ഞിരുന്നു, ഒമർ ലുലു പറഞ്ഞു. പവർ സ്റ്റാർ എന്ത് തന്നെ ആയാലും പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ബാബു ആന്റണി നായകനാകുന്ന ചിത്രത്തിൽ റിയാസ് ഖാന് പുറമേ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കൊക്കൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവയാണ് സിനിമയുടെ ലൊക്കേഷനുകള്‍.

കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്. ബസ്‌റൂര്‍ രവിയുടെ ആദ്യ മലയാള ചിത്രമാണ് പവര്‍സ്റ്റാര്‍. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് ബാബു ആന്റണിയാണ്. നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുക്കിനെ ഓര്‍മ്മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുക്കെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Next Story