Top

‘അദ്ദേഹത്തിന് പവര്‍സ്റ്റാറിനെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ടായിരുന്നു’; ഡെന്നിസ് ജോസഫിന്റെ വേര്‍പാടില്‍ ഒമര്‍ ലുലു

ഡെന്നിസ് ജോസഫിനെ പരിചയപ്പെടാന്‍ സാധിച്ചതുതന്നെ ഭാഗ്യമാണെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു.

10 May 2021 11:35 AM GMT

‘അദ്ദേഹത്തിന് പവര്‍സ്റ്റാറിനെക്കുറിച്ച് നല്ല പ്രതീക്ഷയുണ്ടായിരുന്നു’; ഡെന്നിസ് ജോസഫിന്റെ വേര്‍പാടില്‍ ഒമര്‍ ലുലു
X

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നിസ് ജോസഫിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഡെന്നിസ് ജോസഫിനെ പരിചയപ്പെടാന്‍ സാധിച്ചതുതന്നെ ഭാഗ്യമാണെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനയുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു ഡെന്നിസ് ജോസഫിന്റെ അന്ത്യം.

ഒന്നരവര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഞാന്‍ ഡെന്നിസ് ജോസഫിനെ പരിചയപ്പെടുന്നത്. അടുത്ത് കഴിഞ്ഞ ശേഷം ചിലപ്പോള്‍ രാവിലെ അദ്ദേഹവുമായി സംസാരിക്കാന്‍ തുടങ്ങിയാല്‍ ആ സംസാരം രാത്രി വരെ നീണ്ടുപോകാറുണ്ട്. അത്രയും രസമാണ് ഡെന്നിസ് ചേട്ടന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമയിലെത്തിയ എന്നെപ്പോലെ ഒരാള്‍ക്ക് അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചത് തന്നെ വലിയ കാര്യമാണ്. നല്ല തറവാടി മനുഷ്യനാണ്. ഞങ്ങളുടെ സിനിമയായ പവര്‍ സ്റ്റാറിനെക്കുറിച്ചും അദ്ദേഹത്തിന് നല്ല പ്രതീക്ഷയായിരുന്നു. ഒരു ബ്രേക്കെടുത്ത ശേഷം വന്ന അദ്ദേഹത്തിന് ഇനിയും നല്ല സിനിമകള്‍ ചെയ്യണമെന്നുണ്ടായിരുന്നു. ഒമര്‍ ലുലു പറഞ്ഞു.

കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു ഡെന്നിസ് ജോസഫിന്റെ മരണം. ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

മാതൃഭൂമി വിശേഷാല്‍പ്രതിയില്‍ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ഔസേപ്പച്ചന്‍.

Next Story