Top

ഖരീഫെത്തി.... ആഘോഷരാവുകള്‍ക്ക് സലാല ഒരുങ്ങി

ഖരീഫ് കാലത്ത് പ്രത്യേക വിമാന സര്‍വീസുകളും എയര്‍വേസുകള്‍ ഒരുക്കുന്നുണ്ട്.

9 Jun 2022 11:03 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖരീഫെത്തി.... ആഘോഷരാവുകള്‍ക്ക് സലാല ഒരുങ്ങി
X

മസ്കറ്റ്: ലോകം അടച്ചുപൂട്ടിയ മഹാമാരിയില്‍ അണഞ്ഞതാണ് ടൂറിസം മേഖലയിലെ വെളിച്ചം. ഇന്ന് പൂര്‍വ്വ സ്ഥിതിയിലേക്കെത്തുന്ന ലോകരാഷ്ട്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. എക്‌സ്‌പോകളും ലോകകപ്പും മാത്രമല്ല ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ തയ്യാറാവുന്നത്, കാലാവസ്ഥയിലെ വൈവിധ്യവും പച്ചവിരിച്ച് കാത്തിരിക്കുകയാണ്. മലയാളികള്‍ അങ്ങ് പ്രവാസലോകത്തിരുന്നു ഇടുക്കിയും വയനാടും കാണാന്‍ കൊതിക്കുകയായിരിക്കാം. എന്നാലിതാ... കേരളം തയ്യാര്‍ മലയാളികളുടെ കേരളമല്ലായെന്ന് മാത്രം. അറബികളുള്ള ഗള്‍ഫിലെ കേരളമാണ് സന്ദര്‍ശകരുടെ വരവിനായി നോക്കിയിരിക്കുന്നത്.

മലയും പുഴയും പച്ചപ്പുമുള്ള ആ മണ്ണിലേക്ക് സന്ദര്‍ശകരെത്തുന്ന കാലം വന്നെത്തിയിരിക്കുകയാണ്. ഒട്ടകവും മരുഭൂമിയും മാത്രമല്ല ഗള്‍ഫിലുള്ളതെന്ന് തിരിച്ചറിയുന്ന കാലമാണിത്. കേരളത്തില്‍ മഴയെത്തുന്നതോടെ ഈ നാടും തണുക്കും. പച്ചപ്പും അയ്യൂബ് നബിയുടെ ഖബര്‍, ചെരമാന്‍ പെരുമാള്‍ അന്ത്യവിശ്രമം കൊള്ളുന്നത്, മുഖ്‌സൈയില്‍ ബീച്ച്, മെഗ്നടിക് പോയിന്റ്, ഐന്‍ അത്ം, ഐന്‍ തുബ്രൂക്ക്, ഐന്‍ ഖോര്‍, മിര്‍ബറ്റ്, വാബി ദര്‍ബാറ്റ് അങ്ങനെ ഒരുപാടു കാഴ്ചകളുള്ളയിടമാണിത്.

2000 ലധികം വര്‍ഷങ്ങളുടെ പഴക്കമുള്ള ചരിത്രം പറയാനുള്ള ഈ സുന്ദരഭൂമി ഒമാനിലാണ്. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ സലാലയാണ് ആ കേരളം. മസ്‌കറ്റില്‍ നിന്നും 1030 കിലോ മീറ്റര്‍ അകലെയാണ് ഗള്‍ഫിലെ കേരളം. ദോഫാര്‍ മുനിസിപ്പാലിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സലാല ഒമാനിന്റെ തെക്കേ അതിര്‍ത്തിയിലാണ്. അമേരിക്കകാരനും യൂറോപ്യനും അവധി ദിനങ്ങള്‍ ആസ്വദിക്കാനെത്തുന്ന ഈ മനോഹരമായ ഗ്രാമം കാര്‍ഷിക സമൃതിയിലും കേരളത്തെ പോലെയാണ്.

കവുങ്ങും തെങ്ങും നെല്ലും പതിരും കണ്ടിട്ട് കുറെയായെന്ന പല്ലവി ഒമാനിലുള്ള മലയാളികള്‍ പറയാറില്ല, കാരണം സലാലയില്‍ ഇതെല്ലാമുണ്ട്. ക്ലോറിനിനില്ലാത്ത വെള്ളവും കുളവും വെള്ളച്ചാട്ടവും ആര്‍പ്പുവിളിച്ചു നീന്തി തുടിക്കാന്‍ തയ്യാറാണ്. വെള്ളച്ചാട്ടത്തില്‍ അതിരപ്പള്ളിയോളമില്ലെങ്കിലും ചുറ്റുമുള്ള പച്ചപ്പില്‍ പാലക്കാടിനോളമെത്തും ഈ ഗള്‍ഫ് നഗരം.

എന്തുകൊണ്ടാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭംഗി വിമാനം കേറി ഗള്‍ഫിലെത്തിയാലും കാണുന്നതെന്ന സംശയമുണ്ടോ? കൂടാതെ കാലാവസ്ഥയും ഒരുപോലെയാണ്, കേരളത്തോട് അടുത്തുള്ള ഗള്‍ഫ് രാജ്യമായതിനാലാവാം ഒമാനിലെ ഈ നഗരത്തിന് ദൈവത്തിന്റെ കൈയ്യൊപ്പ് കിട്ടിയത്. കേരളത്തില്‍ മണ്‍സൂണ്‍ കാലം, സലാലയിലോ? ഗള്‍ഫ് രാജ്യങ്ങളില്‍ ചൂട് വര്‍ധിച്ചിരിക്കുകയാണ്. യുഎഇ, കുവൈറ്റ്, ഖത്തര്‍ എല്ലായിടത്തും ചൂട്. എന്തിന് കാലാവസ്ഥ കാരണം രാജ്യത്തെ തുറസായ സ്ഥലങ്ങളിലെ തൊഴില്‍ സമയം വരെ മാറ്റിയിരിക്കുന്നു. എന്നാല്‍ സലാലയില്‍ തണുപ്പാണ്, ചുരുക്കി പറഞ്ഞാല്‍ സലാലയിലെ ഉത്സവക്കാലമായ ഖരീഫ് സീസണ്‍ വന്നെത്തി.
നാടുണര്‍ന്ന ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഖരീഫ്. പ്രത്യേകതകളുള്ള ആറാട്ടിന് ജൂലൈ 23 മുതല്‍ സെപ്തംബര്‍ 21 വരെയാണ് രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനോടനുബന്ധിച്ച് നടത്തുന്ന സലാല ടൂറിസം ഫെസ്റ്റിവലിനും വര്‍ണാഭമായ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ 40 മുതല്‍ 45 ഡിഗ്രീ സെലിഷ്യസ് വരെ രേഖപ്പെടുത്തുമ്പോള്‍ സലാലയില്‍ 25 ഡിഗ്രീ സെലിഷ്യസ് ആവും താപനില. 750000 ഓളം സഞ്ചാരികളാണ് 2019 ല്‍ ആഘോഷത്തോടെ കൊണ്ടാടിയ ഖരീഫ് സീസണില്‍ പങ്കെടുത്തത്.

പൂന്തോട്ടവും ഐന്‍ റസാത്ത് അരുവിയും കുന്തിരിക്കത്തിന്റെ ഉത്പാദനവും സലാലക്ക് പേരുക്കേട്ട ആകര്‍ഷകങ്ങളാണ്. ചക്കയും മാങ്ങയും നുണഞ്ഞ അവധി ദിനങ്ങള്‍ ഗള്‍ഫിലും സാധ്യമാകും. സലാലയില്‍ നിന്ന് 70 കി.മീ കിഴക്കുള്ള മിര്‍ബത്ത് കോട്ടയും തുറമുഖവും വളരെ പ്രശസ്തമായ ഇയ്യോബിന്റെ ശവകുടീരവും (അന്‍-നബി അയ്യൂബ്) കാണാനുണ്ട്. 30 കിലോമീറ്റര്‍ പടിഞ്ഞാറുള്ള അല്‍-മുഗ്‌സൈല്‍ ബീച്ചില്‍ ഘോരശബ്ദത്തോടെ പാറക്കെട്ടിനുള്ളിലൂടെ ഉയരത്തില്‍ വെള്ളം ചീറ്റുന്ന കാഴ്ചയുണ്ട്. പാറക്കെട്ടുകള്‍ മനോഹരമാക്കുന്ന ചിത്രങ്ങളും അല്‍-മുഗ്സൈല്‍ ബീച്ചിലുണ്ട്. മര്‍നീഫ് ഗുഹ, ദേശാടന പക്ഷികളുടെ ആഗമനം തുടങ്ങി പര്‍വ്വതങ്ങളും താഴ്‌വരകള്‍ വരെ സലാലക്ക് ചുറ്റും കാണാനുണ്ട്.
തനിയെ മുന്നോട്ടുവലിക്കുന്ന ശക്തി, ഭാരമെല്ലാം എളുപ്പത്തില്‍ കയറ്റാന്‍ കഴിയുന്ന ഒരു കുന്ന്. ധാതുക്കളുടെ കലവറയായ സ്ഥലമാണ് 'മഗ്നറ്റിക് പോയിന്റ്, നഗരത്തില്‍ നിന്ന് 63 കിലോമീറ്റര്‍ അകലെയാണ് ഈ കാന്തിക പ്രഭാവമുള്ള പ്രദേശം. ശുദ്ധജലവും കടലില്‍ നിന്നുള്ള വെള്ളവും കൂടിച്ചേരുന്ന ഖോര്‍ റോറി കവാടം, ചരിത്രങ്ങളുറങ്ങുന്ന പ്രദേശങ്ങള്‍, ജബല്‍ സംഹാനും താവി അത്തീറും ബൗബാബ് വനവും അങ്ങനെ കാഴ്ചകളൊരുപാടാണ് സലാലയില്‍. ഗ്രാമപ്രദേശമായ മിര്‍ബറ്റും നാട്ടിന്‍ പുറത്തെ ജീവിതവും സലാലയില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയാണ്.
തണുപ്പെത്തിക്കുന്ന ഖരീഫ് കാലത്ത് പ്രത്യേക വിമാന സര്‍വീസുകളും എയര്‍വേസുകള്‍ ഒരുക്കുന്നുണ്ട്. ചൂടിനെ മറന്ന് ആഘോഷിക്കാനെത്തുന്നവര്‍ക്കായി സൗകര്യങ്ങളൊരുക്കി സലാല കാത്തിരിക്കുകയാണ്. പുത്തന്‍ ഉണര്‍വോടെ, ഗള്‍ഫിലെ കേരളം പച്ചവിരിച്ചു തുടങ്ങി.
കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങിയെന്ന് ജോഫാര്‍ മുനിസിപ്പാലിറ്റി റിപ്പോര്‍ട്ട് ചെയ്തതോടെ സന്ദര്‍ശകരും അധികാരികളും ആവേശത്തിലാണ്. കൊവിഡ് മാനദണ്ഡങ്ങളില്ലാതെ നിയന്ത്രണങ്ങളില്ലാതെ ആവേശത്തോടെ ഖരീഫെത്തി. മരുപ്പച്ചയില്‍ പ്രവാസികളെ സ്വീകരിക്കാന്‍ ഈ പിക്‌നിക് സ്‌പോട്ട് തയ്യാറായി. ആഘോഷങ്ങള്‍ക്കായി സ്വദേശികളും വിദേശികളും ഒരുങ്ങുകയാണ്.

STORY HIGHLIGHTS: Salalah Celebrating Khareef Season

Next Story