Top

ഒമാനിലെ നിരത്തുകൾ കൈയടക്കി ഓൺലൈൻ ടാക്‌സികൾ; പ്രതിസന്ധിയിലായി പ്രവാസി ഡ്രൈവർമാ‍ർ

ആദ്യ കാലങ്ങളിൽ ഇവക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഇപ്പോൾ പുതിയ തലമുറയും സന്ദർശന വിസയില്ലെത്തുന്നവരും ഓൺലൈൻ ടാക്‌സികളെയാണ് കൂടുതലും ആശ്രയിക്കുന്നത്.

30 May 2022 1:08 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനിലെ നിരത്തുകൾ കൈയടക്കി ഓൺലൈൻ ടാക്‌സികൾ; പ്രതിസന്ധിയിലായി പ്രവാസി ഡ്രൈവർമാ‍ർ
X

മസ്‌ക്കറ്റ്: ഒമാനിലെ നിരത്തുകൾ കൈയടക്കി ഓൺലൈൻ ടാക്‌സികൾ. അടുത്ത കാലത്താണ് ഒമാനിൽ ഓൺലൈൻ ടാക്‌സികൾ സേവനം ആരംഭിച്ചത്. ആദ്യ കാലങ്ങളിൽ ഇവക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെങ്കിലും ഇപ്പോൾ പുതിയ തലമുറയും സന്ദർശന വിസയില്ലെത്തുന്നവരും ഓൺലൈൻ ടാക്‌സികളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഓൺലൈൻ ടാക്‌സികൾ മെച്ചപ്പെട്ട സേവനം നൽകുന്നതുകൊണ്ടാണ് പലരും സാധാരണ ടാക്‌സികളെ ആശ്രയിക്കാതെ ഇത്തരം ഓൺലൈൻ ടാക്‌സികൾ ഉപയോഗിക്കുന്നത്.

ഓൺലൈൻ ടാക്‌സികളായ ഒ ടാക്‌സി, ഊബർ എന്നിവക്ക് സ്വീകാര്യത ലഭിച്ചതോടെ രാജ്യത്ത് സാധാരണ ടാക്‌സികളുടെ എണ്ണം കുറയുകയാണ്. ടാക്‌സികളുടെ സർവീസുകളും കാര്യമായി കുറഞ്ഞു. ഷെയറിങ് ടാക്‌സികളുടെ കുറവ് സാധാരണക്കാരായ യാത്രക്കാരെ കാര്യമായി ബാധിച്ചു.

ഇവരുടെ സേവനം മെച്ചപ്പെട്ടതാണെന്നും നിരക്കുകൾ താരതമ്യേന കുറഞ്ഞതാണെന്നുമുള്ള വിലയിരുത്തലുകൾ കൂടി വന്നതോടെ പരാമ്പരാഗതമായി സാധാരണ ടാക്സികളെ ആശ്രയിച്ചവർ പോലും ഓൺലൈൻ ടാക്‌സികളിലേക്ക് തിരിഞ്ഞു.

കൊവിഡിന് ശേഷമാണ് ഒമാനിൽ ഓൺലൈൻ ടാക്‌സികൾ വ്യാപകമാകുന്നത്. ഈ സമയത്ത് പൊതുഗതാഗത സംവിധാനം നിലച്ചതോടെ ടാക്‌സികൾ ഓടിക്കുന്നവരും പ്രതിസന്ധി നേരിടേണ്ടി വന്നു. ഇതോടെയാണ് പലരും ടാക്‌സി സർവീസ് നിർത്തിയത്. റൂവി-മത്ര, കോർണിഷ്, വാദീ കബീർ, അമിറാത്ത് അടക്കമുള്ള നിരവധി റൂട്ടുകളിൽ സാധാരണ ടാക്‌സികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മസ്‌കറ്റിന്റെ പ്രധാന നഗരഭാഗങ്ങളിലേക്കെല്ലാം കൃത്യ നിഷ്ഠയോടെ മെച്ചപ്പെട്ട ബസ് സർവീസുകൾ നടക്കുന്നതും ടാക്‌സികൾക്ക് വെല്ലുവിളിയാണ്.

റൂവി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്ന് വളരെ കൃത്യമായി ബസ് സർവീസുകൾ നടക്കുന്നതിനാൽ സാധാരണക്കാരും ഉയർന്ന വരുമാനമുള്ളവരുമൊക്കെ ഒരുപോലെ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇതും സാധാരണ ടാക്‌സികളെ കാര്യമായി ബാധിച്ചു. ആളുകൾ കൂടുതലായി പൊതുഗതാഗത സംവിധാനത്തെയും ഓൺലൈൻ ടാക്‌സികളെയും ആശ്രയിക്കുമ്പോൾ ഒരു കാലത്ത് എല്ലാവരും ആശ്രയിച്ചിരുന്ന സാധാരണ ടാക്‌സികളാണ് വഴിമാറുന്നത്.

Story highlights: Online taxis take to the streets of Oman; Expatriate driver in crisis

Next Story