ഒമാൻ സുൽത്താന്റെ ഖത്തർ സന്ദർശനം; ഒപ്പിട്ടത് ആറു കരാറുകളിൽ
23 Nov 2021 10:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഖത്തറുമായി ആറ് പ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഒമാൻ. ഒമാൻ സുൽത്താൻ ദ്വിദിന സന്ദർശനത്തിനായി ദോഹയിലെത്തിയ വേളയിലാണ് കരാറുകളിൽ ധാരണയായത്. സൈനിക സഹകരണം, ടൂറിസം, നിക്ഷേപം, ടാക്സേഷൻ, തൊഴിൽ, തുറമുഖം തുടങ്ങി ആറ് മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാറുകളിൽ ഒപ്പു വെച്ചത്. കടബാധ്യത പ്രശ്നങ്ങൾ നേരിടുന്ന ഒമാനെ സംബന്ധിച്ച് ഈ കരാറുകൾ പ്രധാനപ്പെട്ടതാണ്.
രാജ്യത്തെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനായി സുൽത്താൻ ഹൈതിം ബിൻ താരിഖ് അൽ സെയ്ദിന്റെ നേതൃത്വത്തിൽ വിപുലമായ പരിഷ്കാരങ്ങളും ചെലവു ചുരുക്കൽ നടപടികളും നടന്നു വരികയാണ്. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹം ഒമാൻ ഭരണാധികാരിയായി ചുമതലയേറ്റത്.
കരാറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മറ്റ് ഗൾഫ് രാജ്യങ്ങളോട് സഹായമാവശ്യപ്പെട്ട് കൊണ്ടുള്ള ചർച്ചകൾ ഒമാൻ നടത്തുന്നണ്ടായിരുന്നു.