Top

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നേരിടാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി ഒമാന്‍

പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിയമത്തെ പര്യാപ്തമാക്കുകയാണ് ഒമാന്റെ ലക്ഷ്യം.

30 Aug 2022 3:22 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നേരിടാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി ഒമാന്‍
X

മസ്‌കറ്റ്: കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നേരിടാന്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങി ഒമാന്‍. കാലാവസ്ഥാ വ്യതിയാനവും ഓസോണ്‍ പാളി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒമാന്‍ മന്ത്രിതലസമിതിയാണ് നിയമ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുക. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം രാജ്യം നേരിടുന്ന വെല്ലുവിളികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തിനൊരുങ്ങുന്നതെന്ന് ഒമാന്‍ അറിയിച്ചു.

പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിയമത്തെ പര്യാപ്തമാക്കുകയാണ് ഒമാന്റെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന് കര്‍ശന വ്യവസ്ഥകളോടെ പുതിയ നിയമനിര്‍മ്മാണം നടത്താനാണ് ഒമാന്റെ തീരുമാനം. നിയമ നിര്‍മാണത്തിനായി ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ നിയമനിര്‍മ്മാണം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സംബന്ധിച്ച ദേശീയനയത്തിന്റെ കരടുരൂപത്തെ അടിസ്ഥാനമാക്കി ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2030ഓടെ രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ ഏഴുശതമാനമായി കുറയ്ക്കാനുള്ള പദ്ധതികള്‍ക്കും പ്രസ്തുത ദേശീയ നയങ്ങള്‍ തന്നെയായിരിക്കും ആധാരമാക്കുക. വ്യോമയാന അതോറിറ്റി, പരിസ്ഥിതി അതോറിറ്റി എന്നിവയടക്കമുള്ള വിവിധ മേഖലകളിലെ പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും സാങ്കേതിക വിദഗ്ദ്ധരുടെ പങ്കാളിത്തവും ഉറപ്പാക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും പാരമ്പര്യോതരോര്‍ജ്ജവും സംബന്ധിച്ച ഒമാന്‍ വിഷന്‍ 2040 ലേക്കുള്ള നിര്‍ദേശങ്ങളും ദേശീയ നയരേഖയില്‍ ഉള്‍പ്പെടും.

Next Story