Top

സലാലയിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ഗുരുതര പരിക്ക്

ആലുവ ചെങ്ങമനാട് സ്വദേശി കരിയംപള്ളി വീട്ടിൽ മുഹമ്മദ് അസ്‌ലാമിന് തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്

27 Feb 2022 8:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സലാലയിൽ വാഹനാപകടം; പ്രവാസി മലയാളിക്ക് ഗുരുതര പരിക്ക്
X

സലാല മുഗ്‌സെയിൽ നടന്ന വാഹനാപകടത്തിൽ ആലുവ സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്. ആലുവ ചെങ്ങമനാട് സ്വദേശി കരിയംപള്ളി വീട്ടിൽ മുഹമ്മദ് അസ്‌ലാമിന് (41) തലക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലാണ്.തമിഴ്‌നാട് കോടമ്പാക്കം സ്വദേശി കാളിദാസനാണ് അപകടത്തിൽ പരിക്കേറ്റ മറ്റൊരാൾ.

ഗുരുതര പരിക്കേറ്റ മുഹമ്മദ് അസ്‌ലാം നിലവിൽ വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന് ഇതുവരെ ബോധം തിരികെ വന്നിട്ടില്ല. പരിക്കേറ്റ കാളിദാസനെ അടിയന്തര ശസ്ത്രകിയക്ക് വിധേയനാക്കിയിരുന്നു. ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അപകടം നടന്നത്. നാല് പേർ അടങ്ങിയ സുഹൃത്ത് സംഘം സഞ്ചിരിച്ചിരുന്ന കൊറോള കാറാണ് അപകടത്തിൽപ്പെട്ടത്. മുഗ്‌സൈൽ ബീച്ചിൽ പോയ സംഘം തിരികെ വരുമ്പോൾ റെയ്‌സൂത്തിന് സമീപമാണ് അപകടം നടന്നത്. എതിരെ വന്ന വാഹനം ഇവർ സഞ്ചരിച്ചിരുന്ന വശത്തേക്ക് നിയന്ത്രണം തെറ്റി വന്നതോടെ കൂട്ടിയിടി ഓഴിവാക്കാൻ കാർ വെട്ടിക്കുകയായുരുന്നു. പിന്നാലെ നിയന്ത്രണം തെറ്റിയ കാർ സമീപത്തെ വിളക്കുകാലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ പിൻ സീറ്റിലിരുന്ന അസ്‌ലമും കാളിദാസനും തെറിച്ചു വീഴുകയായിരുന്നു. വടകര സ്വദേശി രാജീവാണ് കാർ ഓടിച്ചിരുന്നത്.

അപകടം നടന്നയുടൻ സ്ഥലത്തെത്തിയ പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മുൻ സീറ്റിലിരുന്ന രാജീവനും വടകര സ്വദേശി ബാലനുംവലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെന്റിലേറ്ററിൽ തുടരുന്ന അസ്‌ലമിന്റെ ആരോഗ്യ നിലയിൽ കാര്യമായി പുരോഗതി ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സ്വകാര്യ ഹൈപ്പർമാർക്കറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അസ്‌ലാം. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു ഇദ്ദേഹം.അസ്‌ലമിന് ഭാര്യയും മൂന്ന് മക്കളമുണ്ട്.

Story highlights: Accident in Salalah Serious injury to NRI

Next Story