ബഹ്റൈനില്‍ പ്രവാസികള്‍ക്കും കൊവിഡ് വാക്സിന് സൗജന്യം; 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കും
ഫൈസര്‍ കൊവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ബഹ്റൈന്‍. വിദേശി- സ്വദേശി വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യ കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ഹമദ് ഖലീഫയാണ് അറിയിച്ചത്.

ഫൈസര്‍ കൊവിഡ് വാക്സിന് എല്ലാവര്ക്കും സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് ബഹ്റൈന്‍. വിദേശി- സ്വദേശി വ്യത്യാസമില്ലാതെ എല്ലാവര്ക്കും സൗജന്യ കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ഹമദ് ഖലീഫയാണ് അറിയിച്ചത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവണ്മെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയും അംഗീകരിച്ച വാക്സിന് സ്വദേശി – വിദേശി വ്യത്യാസമില്ലാതെ എല്ലാവര്ക്കും നല്കി രാജ്യത്തെ എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവിന്റെ നിര്‍ദേശപ്രകാരം എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കാനാമ് തീരുമാനിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.
സ്വദേശികളും വിദേശികളും ഉള്‍പ്പടെ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കും. രാജ്യത്തെ 27 മെഡിക്കല്‍ സെന്ററുകള്‍ വഴിയായിരിക്കും വാക്സിന് വിതരണം ചെയ്യുക. ഓരോ ദിവസവും 5000 മുതല്‍ 10000 വരെ പേര്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്നത്.
ലോകത്ത് ബ്രിട്ടനുശേഷം ഫൈസര്‍ വാക്സിന് അംഗീകാരം നല്കിയ രണ്ടാമത്തെ രാജ്യമായിരുന്നു ബഹ്റൈന്‍. വിവിധ പരീക്ഷണങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് ബഹ്റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി വാക്സിന് അംഗീകാരം നല്‍കിയത്. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോ എന്ടേകും ചേര്‍ന്നാണ് ഫൈസര്‍ ബയോ എന്‍ടെക് വാക്സിന് വികസിപ്പിച്ചിരിക്കുന്നത്.