പുതിയ കൊവിഡ് വകഭേദം ഗള്‍ഫിലേക്കും? സംശയം പ്രകടിപ്പിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം

ബ്രിട്ടനില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം ഒമാനിലും എത്തിയതായി സംശയം പ്രകടിപ്പിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. ബ്രിട്ടനില്‍ നിന്നെത്തിയ നാലുപേരില്‍ കൊവിഡിന്റെ പുതിയ വകഭേദം സംശയിക്കുന്നുണ്ടെന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സംശയമുള്ള നാലുകേസുകളില്‍ നിരീക്ഷണം നടത്തി വരികയാണെന്നാണ് ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സൈദി അറിയിച്ചിരിക്കുന്നത്. ഉടന്‍ തന്നെ ഇവരുടെ റിസല്‍ട്ട് പുറത്തുവിടുമെന്നും ഇദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഒമാന്‍ അതിര്‍ത്തികള്‍ അടച്ചിരുന്നു.
ഇതിനിടയില്‍ ഒമാനിലേക്കുള്ള വിമാന സര്‍വീസുകള്‍ യുഎഇ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഡിസംബര്‍ 28 വരെയാണ് ഒമാനിലേക്കും കുവൈത്തിലേക്കുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ നിര്‍ത്തി വെച്ചിരിക്കുന്നത്. അതിര്ത്തികളടച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനും ജോലിസ്ഥലത്തേക്ക് പോവാനുമിരുന്ന മലയാളികളടക്കം നിരവധി പ്രവാസികള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി.
അതിവേഗം പകരുന്ന കൊവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേ ഭാരത് സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ് നിര്‍ത്തിവെച്ചിട്ടുണ്ട്. വിമാന സര്‍വ്വീസുകള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഒരാഴ്ച്ചത്തേക്ക് വന്ദേ ഭാരത് ദൗത്യം നിര്‍ത്തിവെച്ചിരിക്കുന്നത്. സൗദിയിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.