Top

മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപവരെ ധനസഹായം; ജാതിവിവേചനത്തെ ചെറുക്കാന്‍ ഒഡിഷ സര്‍ക്കാരിന്റെ പദ്ധതി ഇങ്ങനെ

ഹിന്ദുസമുദായത്തിലെ മുന്നോക്ക വിഭാഗക്കാരും ദളിത് സമുദായത്തില്‍പ്പെട്ടവരും തമ്മിലുള്ള വിവാഹങ്ങളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുക.

29 Oct 2020 3:57 AM GMT

മിശ്രവിവാഹം ചെയ്യുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപവരെ ധനസഹായം; ജാതിവിവേചനത്തെ ചെറുക്കാന്‍ ഒഡിഷ സര്‍ക്കാരിന്റെ പദ്ധതി ഇങ്ങനെ
X

ജാതിവിവേചനത്തെ മറികടക്കാനായി മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒഡിഷ സര്‍ക്കാര്‍ ആരംഭിച്ച വെബ്‌പോര്‍ട്ടലിന് മികച്ച സ്വീകരണം. സംസ്ഥാനത്ത് ജാതിവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച്ചയാണ് നവീന്‍ പട്‌നായിക്ക് സര്‍ക്കാര്‍ മിശ്രവിവാഹം ചെയ്യാന്‍ തയ്യാറുള്ളവര്‍ക്കായി വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചത്. സുമംഗള്‍ എന്ന് പേരിട്ട വെബ്‌പോര്‍ട്ടല്‍ ഒഡിഷയിലെ ന്യൂനപക്ഷ വികസന, പട്ടികജാതി ക്ഷേമ വകുപ്പുകള്‍ ചേര്‍ന്നാണ് ആരംഭിച്ചത്. വെബ്‌സൈറ്റുവഴി പങ്കാളിയെക്കണ്ടെത്തി വിവാഹിതരാകുന്നവര്‍ക്ക് രണ്ടര ലക്ഷം രൂപവരെ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.


മിശ്രവിവാഹിതരാകുന്ന ദമ്പതികളുടെ പേരില്‍ ഏതെങ്കിലും ദേശസാല്‍കൃതബാങ്കില്‍ ധനസഹായം നിക്ഷേപിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഒരുലക്ഷം രൂപമുതല്‍ രണ്ടരലക്ഷം രൂപവരെയുള്ള തുക വിവാഹം കഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ ദമ്പതികളുടെ അക്കൗണ്ടിലെത്തും. ഇരുവരുടെയും സാമ്പത്തികസ്ഥിതി പരിഗണിക്കാതെ എല്ലാവര്‍ക്കും തുക ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. ഹിന്ദുസമുദായത്തിലെ മുന്നോക്ക വിഭാഗക്കാരും ദളിത് സമുദായത്തില്‍പ്പെട്ടവരും തമ്മിലുള്ള വിവാഹങ്ങളെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുക. ഇത് ക്രമേണ ജാതിഉന്മൂലനത്തിന് വഴിവെക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.


1995ലെ ഹിന്ദുവിവാഹനിയമപ്രകാരമാണ് വിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യേണ്ടത്. വിധവാ വിവാഹങ്ങളേയും സര്‍ക്കാര്‍ വെബ്‌പോര്‍ട്ടല്‍ വഴി പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും പുനര്‍വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പോര്‍ട്ടല്‍ സൗകര്യം ഉപയോഗിക്കാന്‍ സര്‍ക്കാര്‍വക പ്രോത്സാഹനമുണ്ട്. മിശ്രവിവാഹത്തിനുള്ള സര്‍ക്കാര്‍ ധനസഹായം 2017 ല്‍ ഒഡിഷാസര്‍ക്കാര്‍ 50000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയാക്കി ഉയര്‍ത്തിയിരുന്നു.

Next Story