ഡിസംബർ 23 : ചൗധരി ചരൺ സിംഗിന്റെ ജന്മദിനം; പ്രക്ഷോഭങ്ങൾക്കും ഉപവാസങ്ങൾക്കും ഘരാവോകൾക്കുമിടയിൽ രാജ്യം ഇന്ന് ‘കിസാൻ ദിവസ് ‘ ആചരിക്കുന്നു

അന്നമൂട്ടുന്ന കർഷകരെ ഓർമിക്കാനും ആദരിക്കാനുമായാണ് ഡിസംബർ ഇരുപത്തിമൂന്ന് രാജ്യം ‘കിസാൻ ദിവസ് ‘ ആയി ആചരിക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയും മികച്ച കർഷക നേതാവുമായിരുന്ന ചൗധരി ചരൺ സിംഗിന്റെ ജന്മദിനമാണ് കിസാൻ ദിവസ് ആയി ആഘോഷിക്കുന്നത്.

1902 ൽ മീററ്റിലെ നൂർപൂരിലെ ഒരു കർഷക കുടുംബത്തിലാണ് ചൗധരി ചരൺ സിംഗ് ജനിച്ചത്. ഇന്ത്യയെ പോലുള്ള രാജ്യത്ത് കാർഷിക സമ്പദ്‌വ്യവസ്ഥയുടെ പ്രാധാന്യവും സമ്പദ്‌വ്യവസ്ഥയിലെ ഒരു കർഷകന്റെ സ്ഥാനവും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ തീരെ കുറഞ്ഞ കാലം മാത്രമാണ് പ്രധാനമന്ത്രി പദത്തിലിരുന്നതെങ്കിൽ പോലും , നിരവധി കർഷക സൗഹൃദ നയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്.

കാർഷികോൽപ്പന്ന വിപണി നയം പോലുള്ള കർഷക അനുകൂല ബില്ലുകൾ അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചു. സമീന്ദാരി സമ്പ്രദായവും അദ്ദേഹത്തിന്റെ കാലത്താണ് നിർത്തലാക്കിയത്. ‘സോഷ്യലിസ്റ്റ് ഭൂമി നയങ്ങളെ’ എന്നും പരസ്യമായി എതിർത്തിട്ടുള്ള ചൗധരി ഇന്ത്യൻ കർഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങൾ രചിക്കുകയും അവക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാലിന്ന് പ്രക്ഷോഭങ്ങൾക്കും ഉപവാസങ്ങൾക്കും ഘരാവോകൾക്കുമിടയിലാണ് രാജ്യം ‘കിസാൻ ദിവസ് ‘ ആചരിക്കുന്നത്. നവംബര്‍ അവസാനം മുതല്‍ ദില്ലി അതിർത്തികളിൽ തുടരുന്ന കർഷകപ്രക്ഷോഭം ഇന്ന് രാജ്യമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പതിനഞ്ചോളം രാഷ്ട്രീയ പാർട്ടികളാണ് കർഷകസമരത്തിന് ഇതുവരെ പിന്തുണ അറിയിച്ചിട്ടുള്ളത്.

കിടങ്ങുകൾ തീർത്ത്, ജലപീരങ്കികൾ ഉപയോഗിച്ച് , കണ്ണീർ വാതകകം പ്രയോഗിച്ചുമൊക്കെ കർഷകസമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുമ്പോൾ തന്നെ, ദില്ലിനിവാസികൾ പോലും ‌ഇന്നുവരെ നേരിടാത്ത കടുത്ത തണുപ്പിനെയും, സർക്കാർ പ്രതിരോധത്തെയും കർഷകർ തികഞ്ഞ ഊർജ്ജത്തോടെയാണ് നേരിടുന്നത്. കൂടാതെ ‘അബ് കി ബാർ കിസാൻ ഓർ മസ്‌ദൂർ’ എന്ന മുദ്രാവാക്യം വിളിയോടെയാണ് ജനങ്ങളും, ഡൽഹി നഗരാതിർത്തികളിൽ തമ്പടിച്ചു സമരം ചെയുന്ന കർഷകർക്ക് പിന്തുണ അറിയിക്കുന്നത്.

സ്വാതന്ത്രാനന്തര ഭാരതത്തിൽ നടക്കുന്ന ഏറ്റവും വലിയ ഒരു കർഷക സമരത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി കർഷകസമൂഹത്തിന്റെ ആവലാതി കേൾക്കാൻ ഇനിയും തയ്യാറായിട്ടില്ല. പുതിയ കാർഷിക നിയമത്തിൽ ചില്ലറ ഭേദഗതികൾ വരുത്താൻ കേന്ദ്രം തയ്യാറാകുന്നുണ്ടെങ്കിലും കർഷകരുടെ യഥാർത്ഥ ആവശ്യങ്ങൾ അംഗീകരിച്ചു ഈ നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം ഇതുവരെയും തയ്യാറായിട്ടില്ല. ഈ കാർഷിക ദിനത്തിലും കടുത്ത ശൈത്യത്തെയും മഹാമാരിയെയും മരണങ്ങളെയും അവഗണിച്ചു കൊണ്ട് കർഷകർ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തിവരികയാണ്.

Latest News