Top

നേമത്ത് കുമ്മനത്തെ ‘പണിഞ്ഞത്’ ഒ രാജഗോപാലോ? ബിജെപി പാളയത്തില്‍ തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: ബിജെപി കേരളത്തിലെ ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഏറെക്കാലം കേരളാ രാഷ്ട്രീയത്തില്‍ സജീവ ഇടപെടല്‍ നടത്തിയ വ്യക്തിയെന്ന നിലയ്ക്കാണ് ഒ രാജഗോപാലിനെ ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ബിജെപിയുടെ അവകാശ വാദങ്ങളായിരുന്നില്ല 2016ലെ വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് രാജഗോപാല്‍ വിജയിച്ചത്. 2016ല്‍ യുഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ രാജഗോപാല്‍ തന്നെ പരാജയപ്പെടുമായിരുന്നു. കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഒ രാജഗോപാല്‍ സ്വീകരിച്ച ചില […]

2 May 2021 8:09 AM GMT
അൻഷിഫ് ആസ്യ മജീദ്

നേമത്ത് കുമ്മനത്തെ ‘പണിഞ്ഞത്’ ഒ രാജഗോപാലോ? ബിജെപി പാളയത്തില്‍ തര്‍ക്കം മുറുകുന്നു
X

തിരുവനന്തപുരം: ബിജെപി കേരളത്തിലെ ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഏറെക്കാലം കേരളാ രാഷ്ട്രീയത്തില്‍ സജീവ ഇടപെടല്‍ നടത്തിയ വ്യക്തിയെന്ന നിലയ്ക്കാണ് ഒ രാജഗോപാലിനെ ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. എന്നാല്‍ ബിജെപിയുടെ അവകാശ വാദങ്ങളായിരുന്നില്ല 2016ലെ വിജയത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് ഇപ്പോള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തിപ്രഭാവം ഒന്നുകൊണ്ട് മാത്രമാണ് രാജഗോപാല്‍ വിജയിച്ചത്. 2016ല്‍ യുഡിഎഫ് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ രാജഗോപാല്‍ തന്നെ പരാജയപ്പെടുമായിരുന്നു.

കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ഒ രാജഗോപാല്‍ സ്വീകരിച്ച ചില നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. കുമ്മനം പിന്‍ഗാമിയാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ബിജെപിയുടെ ഏക എംഎല്‍എ പ്രതികരിച്ചത്. നിഷ്പക്ഷ വോട്ടുകള്‍ ശിവന്‍കുട്ടിയുടെ പോക്കറ്റിലാക്കിയത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയോടെ രാജഗോപാല്‍ സ്വീകരിച്ച വിമുഖതയാണ്. കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ കൂടെ ഇറക്കിയതോടെ കാര്യങ്ങള്‍ എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ന്യൂനപക്ഷ വോട്ടുകളും എല്‍ഡിഎഫിലേക്ക് എത്തിച്ചേര്‍ന്നു.

നിയമസഭയില്‍ രാജഗോപാല്‍ എല്‍ഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചതും തിരിച്ചടി കാരണമാണ്. മുഖ്യമന്ത്രിയുടെ പ്രവൃത്തികളെ കണ്ണടച്ച വിമര്‍ശിക്കുന്നത് ശരിയല്ലെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്. ഇതും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തർക്കം നിലനില്‍ക്കുന്നതായും സൂചനകളുണ്ട്.

നേമം മണ്ഡലത്തിൽ ബിജെപിയുടെ വളർച്ചയുടെ ചരിത്രം

കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി നടത്തിയ നീക്കങ്ങളിലെ മുന്നണി പോരാളിയായിരുന്നു ഒ രാജഗോപാൽ. വ്യക്തിപ്രഭാവം കൊണ്ട് പാർട്ടിയിലെ ഏറ്റവും ജനസമ്മതനായ അദ്ദേഹത്തെ നിയമസഭ-ലോക്‌സഭ തെരഞ്ഞെടുപ്പുകളിലേക്ക് മാറി മാറി പരീക്ഷിച്ചുകൊണ്ടിരുന്ന ബിജെപി അതിൽ തന്നെ മണ്ഡലങ്ങൾ മാറി മാറി ഭാഗ്യാന്വേഷണം നടത്തിക്കൊണ്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകളിൽ എതിർസ്ഥാനാർഥികൾക്ക് വെല്ലുവിളി സൃഷ്ടിക്കാൻ ശേഷിയുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായി എന്നല്ലാതെ അവസരങ്ങളൊന്നും വിജയത്തിലെത്തിയിരുന്നില്ല. പിന്നീട് 2008 ലെ മണ്ഡലപുനർനിർണ്ണയത്തിന് ശേഷം നടന്ന 2011 തെരഞ്ഞെടുപ്പ് മുതലാണ് നേമത്ത് ബിജെപി വിജയസാധ്യതകൾ കണ്ടുതുടങ്ങിയത്.

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷന്റെ 31-39, 48-58, 61-68 വാർഡുകൾ ഉൾപ്പെടുന്നതാണ് മണ്ഡലപുനർനിർണ്ണയത്തിനു ശേഷമുള്ള നേമം മണ്ഡലം. ഈ മണ്ഡലത്തിലേക്ക് 2011-ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ സീറ്റ് എം പി വീരേന്ദ്രകുമാറിന്റെ ജനതാദളിന്‌ നൽകി കോൺഗ്രസ് കോവളത്തേക്ക് മാറി. രണ്ട് തവണ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ ശക്തന്റെ ഈ മാറ്റം 2011- ലെ തെരഞ്ഞെടുപ്പിൽ തന്നെ പ്രതിഫലിച്ചു. വി ശിവൻകുട്ടിയിലൂടെ സിപിഐഎം മണ്ഡലം പിടിച്ചപ്പോൾ ജെഡിയു ബാനറിൽ മത്സരിച്ച ചാരുപാറ രവി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഈ തെരഞ്ഞെടുപ്പിലാണ് ഒ രാജഗോപാൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്.

പുനർനിർണ്ണയത്തിന് മുൻപ് മണ്ഡലത്തിലെ 1957-ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 1970 തെരഞ്ഞെടുപ്പ് വരെയുള്ള കാലം ഇടത്, സോഷ്യലിസ്റ്റ് പാർട്ടികളാണ് മാറി മാറി വിജയിച്ചിരുന്നത്. പിന്നീട് 1977-ലാണ് ആദ്യമായി കോൺഗ്രസ് സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 1980-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസും കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ കോൺഗ്രസ് എയും തമ്മിലായി പോരാട്ടം. മണ്ഡലത്തിൽ നിന്ന് മുൻപ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇ രമേശൻ നായർ – എസ് വരദരാജൻ നായർ എന്നിവർ നേർക്കുനേരെത്തിയ ആവേശമത്സരത്തിൽ ഇ രമേശൻ നായരാണ് വിജയിച്ചത്.

1982-ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്ന കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ കരുണാകരൻ മാളയ്‌ക്കൊപ്പം നേമത്തും മത്സരിക്കുകയും സിപിഐഎമ്മിന്റെ പി ഫക്കീറിനെ മൂവായിരത്തിൽപരം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം നേമത്തുനിന്ന് കരുണാകരൻ രാജിവെച്ചതിനെ തുടർന്ന് 1983-ൽ നേമം ഉപതെരഞ്ഞെടുപ്പിലേക്ക് കടന്നു. കോൺഗ്രസ് സ്ഥാനാർഥിയായ ഇ രമേശൻ നായരെ തോൽപ്പിച്ചായിരുന്നു മണ്ഡലം ആ തെരഞ്ഞെടുപ്പിനോട് പ്രതികരിച്ചത്. അന്ന് സിപിഐഎമ്മിന്റെ വി ജെ തങ്കപ്പൻ നേമത്ത് അട്ടിമറിവിജയം നേടി. 1987 ൽ ഇരുപതിനായിരത്തിലധികം വോട്ടുകളിലേക്ക് ഭൂരിപക്ഷം വർദ്ധിപ്പിച്ച് അദ്ദേഹം തന്നെ വിജയിച്ചു. 1991-ലും വിജയം ആവർത്തിച്ച അദ്ദേഹം ആ തവണ സിഎംപിയുടെ സ്റ്റാൻലി സത്യനേശനെയായിരുന്നു പരാജയപ്പെടുത്തിയത്.

1996-ലും സിപിഐഎം സ്ഥാനാർഥിക്കുതന്നെയായിരുന്നു മണ്ഡലത്തിൽ വിജയം. എന്നാൽ ആ തവണ വലിയ തോതിൽ ഭൂരിപക്ഷം കുറഞ്ഞു. തുടർന്ന് 2001-ലെ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് മണ്ഡലം നഷ്ടമായി. 96-ൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വെങ്ങാനൂർ പി ഭാസ്‌കരനെ 9357 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കോൺഗ്രസ് നേതാവ് എൻ ശക്തന്റെ വിജയം. 2006-ലെ തെരഞ്ഞെടുപ്പിലും ഇരു സ്ഥാനാർഥികൾ തന്നെ മണ്ഡലത്തിൽ നിന്ന് ഏറ്റുമുട്ടുകയും എൻ ശക്തൻ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

ഈ കാലയളവിൽ മൂന്നാം സ്ഥാനത്ത് വോട്ടുശതമാനം ഉയർന്നും ഇടിഞ്ഞും ബിജെപി സാന്നിധ്യമുണ്ടായിരുന്നു. പൂന്തുറ സോമൻ, കെ എൻ സുന്ദരേശൻ തമ്പി, പി അശോക് കുമാർ, മടവൂർ സുരേഷ്, എം എസ് കുമാർ, മലയിൻകീഴ് രാധാകൃഷ്ണൻ എന്നിവർ ബിജെപിക്ക് വേണ്ടി ഇക്കാലയളിൽ നേമത്ത് മത്സരിച്ചു. എൻ ശക്തൻ അവസാനമായി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 2006ൽ ബിജെപിയുടെ മലയിൻകീഴ് രാധാകൃഷ്ണന് ലഭിച്ചത് 6705 വോട്ടുകളായിരുന്നു.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിൽ 2011 തെരഞ്ഞെടുപ്പിൽ 43661 വോട്ടുകളുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ആ മുന്നേറ്റം നൽകിയ ആത്മവിശ്വാസവുമായാണ് 2016-ൽ ഒ രാജഗോപാൽ വീണ്ടും കളത്തിലിറങ്ങിയത്. 2011 സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടിയുടേതിൽ നിന്ന് 6415 വോട്ടുകൾക്ക് പിന്നിലായിരുന്നു രാജഗോപാലെങ്കിൽ 2016 തെരഞ്ഞെടുപ്പിൽ 67813 വോട്ടുകൾ അദ്ദേഹം മണ്ഡത്തിൽ സ്വന്തമാക്കി. വി ശിവൻകുട്ടിയെ 8671 വോട്ടുകൾക്ക് അന്ന് രാജഗോപാൽ പരാജയപ്പെടുത്തുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്ന ജെഡിയുവിന്റെ വി സുരേന്ദ്രൻ പിള്ള 13860 വോട്ടുകൾ മാത്രമാണ് നേടിയത്.

Popular

    Next Story