Top

‘പിആര്‍ വേണ്ട, കെസിപി മതി’; കളമശേരിയിലും പോസ്റ്റര്‍ യുദ്ധം; കത്തായും മെയിലായും എകെജി സെന്ററിലേക്ക് പരാതികള്‍

സിപിഐഎം അന്തിമ സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച്ച വരാനിരിക്കെ കളമശ്ശേരിയിലും പോസ്റ്റര്‍ പ്രതിഷേധം. പി രാജീവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന സമിതി നീക്കത്തിനെതിരെ കളമശ്ശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ എംപിയും സിഐടിയു നേതാവുമായ കെ ചന്ദ്രന്‍ പിള്ളയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടും പി രാജീവനെ വേണ്ടെന്നും പറയുന്ന പോസ്റ്ററുകള്‍ നിയോജകമണ്ഡലത്തിലെ ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കളമശേരി മുനിസിപ്പല്‍ ഓഫീസ് പരിസരത്തും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. പോസ്റ്ററിലെ വാക്യങ്ങള്‍ “ചന്ദ്രന്‍ പിള്ളിയെ മാറ്റല്ലേ, ചന്ദ്ര പ്രഭയെ തടയല്ലേപിആര്‍ വേണ്ട, ഞങ്ങള്‍ക്ക് കെസിപി മതിവെട്ടിനിരത്താന്‍ […]

8 March 2021 5:31 AM GMT

‘പിആര്‍ വേണ്ട, കെസിപി മതി’; കളമശേരിയിലും പോസ്റ്റര്‍ യുദ്ധം; കത്തായും മെയിലായും എകെജി സെന്ററിലേക്ക് പരാതികള്‍
X

സിപിഐഎം അന്തിമ സ്ഥാനാര്‍ഥി പട്ടിക ബുധനാഴ്ച്ച വരാനിരിക്കെ കളമശ്ശേരിയിലും പോസ്റ്റര്‍ പ്രതിഷേധം. പി രാജീവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സംസ്ഥാന സമിതി നീക്കത്തിനെതിരെ കളമശ്ശേരി മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുന്‍ എംപിയും സിഐടിയു നേതാവുമായ കെ ചന്ദ്രന്‍ പിള്ളയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ടും പി രാജീവനെ വേണ്ടെന്നും പറയുന്ന പോസ്റ്ററുകള്‍ നിയോജകമണ്ഡലത്തിലെ ഏലൂര്‍, മഞ്ഞുമ്മല്‍ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. കളമശേരി മുനിസിപ്പല്‍ ഓഫീസ് പരിസരത്തും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

പോസ്റ്ററിലെ വാക്യങ്ങള്‍

“ചന്ദ്രന്‍ പിള്ളിയെ മാറ്റല്ലേ, ചന്ദ്ര പ്രഭയെ തടയല്ലേ
പിആര്‍ വേണ്ട, ഞങ്ങള്‍ക്ക് കെസിപി മതി
വെട്ടിനിരത്താന്‍ എളുപ്പമാണ്, വെട്ടിപ്പിടിക്കാനാണ് പാട്
മക്കള്‍ ഭരണത്തേയും കുടുംബവാഴ്ച്ചയേയും കുറ്റം പറഞ്ഞ കമ്മ്യൂണിസ്റ്റുകള്‍ക്ക് മറവിയോ
തുടര്‍ഭരണം വേണമെങ്കില്‍ കടും വെട്ട് വേണ്ടായിരുന്നു
വിതച്ചിട്ടില്ല, കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നു
വെട്ടി നിരത്തി തുടര്‍ഭരണം നേടാനാകുമോ?
തുടര്‍ഭരണം കേരള ജനതയുടെ സ്വപ്‌നം, ചന്ദ്രന്‍ പിള്ള കളമശേരിക്കാരുടെ സ്വപ്നം
തുടര്‍ഭരണമാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി മതി
കെസിപി ഇല്ലാതെ കളമശേരിക്കാര്‍ക്ക് എന്ത് നിയമസഭാ തെരഞ്ഞെടുപ്പ്?
ഇപ്പോള്‍ വെട്ടി, ഇനി നിരത്തുമായിരിക്കും, ഇതിന് ഞങ്ങള്‍ മറുപടി നല്‍കും
പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകള്‍ പ്രതികരിക്കും
ഞങ്ങളുടെ വോട്ട് ചന്ദ്രന്‍ പിള്ളയ്ക്ക്”

തരൂരില്‍ പ്രവര്‍ത്തകരുടേയും പ്രാദേശിക നേതൃത്വത്തിന്റേയും ജില്ലാഘടകത്തിന്റേയും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ പി കെ ജമീലയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ പോസ്റ്ററുകള്‍ ഉയര്‍ന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ പി കെ ജമീലയെ സാധ്യതാ പട്ടികയില്‍ നിന്നൊഴിവാക്കി. പി പി സുമോദാകും സിപിഐഎം സ്ഥാനാര്‍ഥിയായി തരൂരില്‍ മത്സരിക്കുക.

കളമശ്ശേരിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ചന്ദ്രന്‍ പിള്ളയുടെ പേരാണ് എറണാകുളം ജില്ലാ കമ്മിറ്റിയും സെക്രട്ടേറിയേറ്റും നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെ ചന്ദ്രന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ നൂറ് കണക്കിന് കത്തുകളും മെയിലുകളും സംസ്ഥാന നേതൃത്വത്തിലേക്ക് പോയി. പിന്നീട് പി രാജീവ് ഉള്‍പ്പെടെയുള്ളവരുടെ പേര് ഉയര്‍ന്നുവന്നു. രാജീവിനാണ് സാധ്യതയെന്ന വാര്‍ത്തകള്‍ക്ക് ശേഷമാണ് ചന്ദ്രന്‍ പിള്ളയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കളമശ്ശേരി ഏരിയ കമ്മിറ്റിയില്‍ വിഭാഗീയത നിലനില്‍ക്കുന്നതായി പാര്‍ട്ടി വിലയിരുത്തലുണ്ട്.

2011ല്‍ കളമശ്ശേരി മണ്ഡലം രൂപീകരിച്ചപ്പോള്‍ ചന്ദ്രന്‍ പിള്ളയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുസ്ലീം ലീഗ് നേതാവ് വി കെ ഇബ്രാഹിംകുഞ്ഞിനോട് ചന്ദ്രന്‍ പിള്ള 7,789 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടു. ഇബ്രാഹിംകുഞ്ഞ് 62,843 വോട്ടുകളും ചന്ദ്രന്‍ പിള്ള 55,054 വോട്ടുകളും നേടി.

2016ല്‍ എ എം യൂസഫിനെതിരെ ഇബ്രാഹിംകുഞ്ഞ് ഭൂരിപക്ഷമുയര്‍ത്തി. 12,118 വോട്ടുകളാണ് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. ഇബ്രാഹിംകുഞ്ഞ് 68,726 വോട്ടുകളും എ എം യൂസഫ് 56,608 വോട്ടുകളും നേടി.

2011ല്‍ മുന്നാം സ്ഥാനക്കാരായിരുന്ന ബിജെപിയുടെ പി കെ കൃഷ്ണദാസ് മണ്ഡലത്തില്‍ 8438 വോട്ടുകള്‍ നേടിയപ്പോള്‍ 2016ല്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ഥി വി ഗോപകുമാര്‍ 24244 വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. അതിനാല്‍ ഇത്തവണയും എന്‍ഡിഎയില്‍ മണ്ഡലത്തില്‍ ബിഡിജെഎസ് തന്നെയായിരിക്കും മത്സരിക്കുക.

Next Story