‘പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ല’; വടകരയിലേക്കുള്ള മുരളീധരന് ക്ഷണം തള്ളി മുല്ലപ്പള്ളി രാമചന്ദ്രന്
കെ മുരളീധരന്റെ വടകരയിലേക്കുള്ള ക്ഷണം തള്ളി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വടകര ഇപ്പോഴും തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. എക്കാലത്തും വെല്ലുവിളികളേറ്റെടുത്തിട്ടുള്ളയാളാണ് താനെങ്കിലും ഇനിയൊരു പാര്‍ലമെന്ററി വ്യാമോഹമില്ലാത്തതിനാല് മുരളീധരന്റെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ‘തുടര്‍ച്ചയായ അഞ്ചു വര്‍ഷം വര്‍ദ്ധിത ഭൂരിപക്ഷത്തോടെ വിജയിച്ച കണ്ണൂരില്‍ നിന്നാണ് ഞാന്‍ വടകരയില്‍ പോയി മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കണ്ണൂരിനേക്കാള്‍ […]
21 Jun 2021 10:57 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെ മുരളീധരന്റെ വടകരയിലേക്കുള്ള ക്ഷണം തള്ളി മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വടകര ഇപ്പോഴും തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണെങ്കിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. എക്കാലത്തും വെല്ലുവിളികളേറ്റെടുത്തിട്ടുള്ളയാളാണ് താനെങ്കിലും ഇനിയൊരു പാര്‍ലമെന്ററി വ്യാമോഹമില്ലാത്തതിനാല് മുരളീധരന്റെ ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുന്നതായി അദ്ദേഹം അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
‘തുടര്‍ച്ചയായ അഞ്ചു വര്‍ഷം വര്‍ദ്ധിത ഭൂരിപക്ഷത്തോടെ വിജയിച്ച കണ്ണൂരില്‍ നിന്നാണ് ഞാന്‍ വടകരയില്‍ പോയി മത്സരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കണ്ണൂരിനേക്കാള്‍ താത്വിക ബലമുള്ള മണ്ഡലമായിരുന്നു വടകര. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 1,57,000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു അന്ന് വടകരയിലുണ്ടായിരുന്നത്. ആ ഭൂരിപക്ഷത്തെ മറികടന്നാണ് ഞാനവിടെ അമ്പതിനായിരം വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
വടകര മണ്ഡലം ഇപ്പോഴും എനിക്ക് വളക്കൂറുള്ള മണ്ണാണ്. അവിടെയുള്ള ഓരോരുത്തരെയും എനിക്ക് നേരിട്ടറിയാം. എക്കാലത്തും എല്ലാ വെല്ലുവിളിയും സ്വീകരിച്ചിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ എനിക്ക് ഇനിയൊരു പാര്‍ലമെന്റി ജീവിതമില്ലെന്ന് മുന്‍പേ വ്യക്തമാക്കിയിട്ടുള്ളതാണ്. അക്കാര്യം പല വേദികളില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. എനിക്ക് പാര്‍ലമെന്റി വ്യാമോഹമില്ല എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം അതുതന്നെയാണ്. അതിനാല്‍ എനിക്ക് വേണ്ടിയുള്ള മുരളീധരന്റെ ക്ഷണം സ്വീകരിക്കരിക്കാന്‍ സാധ്യമല്ല എന്നുള്ള കാര്യം അറിയിക്കുന്നു.
അഖിലേന്ത്യാ തലത്തില്‍ ഒരു ജനറല്‍ സെക്രട്ടറി പദമൊന്നും തന്റെ ജീവിതാഭിലാഷമല്ലെന്നും അത്തരം പദവികള്‍ക്കുവേണ്ടി താന്‍ ആരുടെയും പിറകെ പോകില്ലെന്നും’- അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ എല്ലാ അര്‍ഥത്തിലും വടകര നിയോജക മണ്ഡലത്തിലേക്ക് തിരിച്ച് സ്വാഗതം ചെയ്യുന്നു എന്നായിരുന്നു കെ മുരളീധരന്റെ പ്രഖ്യാപനം. കെപിസിസി അധ്യക്ഷനായി കെ സുധാകരന് സ്ഥാനമേറ്റ ചടങ്ങിലായിരുന്നു പരസ്യക്ഷണം.
കെ മുരളീധരന്റെ വാക്കുകള്‍:
‘നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ അഭിനന്ദിക്കുന്നു. 2009 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഒരു രക്തസാക്ഷിയെ കണ്ടുപിടിക്കുക എന്നതായിരുന്നു. കാരണം ഉറപ്പായും തോല്‍ക്കുമായിരുന്നു. ആ നിയോജക മണ്ഡലത്തില്‍ 2009 മുതല്‍ 2019 വരെ 10 വര്‍ഷം അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. ആ പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് എനിക്ക് പിന്നീട് 840000 ത്തില്‍ പരം വോട്ടുകള്‍ക്ക് വിജയിക്കാന്‍ അവസരമുണ്ടായത്. അദ്ദേഹം തിരിച്ച് വടകരയിലേക്ക് വരുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എല്ലാ അര്‍ത്ഥത്തിലും ഞാന്‍ അദ്ദേഹത്തിനെ വടകരയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് രണ്ടു പേര്‍ക്കും അഭിനന്ദനം ചൊരിഞ്ഞു കൊണ്ട് ഞാനെന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു,’ കെ മുരളീധരന് പറഞ്ഞു.