കിതപ്പ് അവസാനിപ്പിക്കാന്‍ ചെന്നൈയിന്; കുതിപ്പ് തുടരാന്‍ നോര്‍ത്ത് ഈസ്റ്റ്

ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈയിന് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. തുടര്‍ച്ചയായ മൂന്നാം തോല്‍വി ഒഴിവാക്കി വിജയവഴിയിലേക്ക് തിരിയാനാകും ചെന്നൈയിന് ഇറങ്ങുക. മികച്ച ഫോമിലുള്ള നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. വൈകിട്ട് അഞ്ച് മണിക്ക് തിലക് മൈതാനിലാണ് മത്സരം.
രണ്ട് തവണ കിരീടം നേടിയ ചരിത്രവും പേറി ജയിച്ച് തുടങ്ങിയ ചെന്നൈയിന് പിന്നീട് തിരിച്ചടി നേരിടേണ്ടി വന്നു. താരങ്ങളുടെ പരുക്കാണ് ടീമിന് പ്രധാന വെല്ലുവിളി. അനിരുദ്ധ് ഥാപ്പ, ഇസ്മെല്‍ ഗോണ്‍സാല്‍വസ്, എനസ് സിപ്പോവിച്ച് തുടങ്ങിയ കളിക്കാര്‍ പരുക്കിന്റെ നിഴലിലാണ്. മുന്‍ നിര താരങ്ങളുടെ അഭാവത്തിലും കളിരീതിയില്‍ മാറ്റമില്ലാതെയാകും സാബ ലാസ്ലോയും കൂട്ടരും ഇറങ്ങുക.
കഴിഞ്ഞ സീസണുകള്‍ പൊലെ അല്ല നോര്‍ത്ത് ഈസ്റ്റ്. മികച്ച തുടക്കം കുറിക്കാനായി. ഇതുവരെ ഒരു പരാജയം പോലും ജെറാഡ് നസിന്റ് ടീം വഴങ്ങിയിട്ടില്ല. എഫ്സി ഗോവ, ബംഗലൂരു തുടങ്ങിയ കരുത്തരായ ടീമുകളെ സമനിലയില്‍ തളക്കാനും നോര്‍ത്ത് ഈസ്റ്റിനായി.
നേരിട്ടുള്ള ഏറ്റുമുട്ടലിലും നോര്‍ത്ത് ഈസ്റ്റിനാണ് മുന്‍തൂക്കം.
ഹെഡ് ടു ഹെഡ് – 12
നോര്‍ത്ത് ഈസ്റ്റ് – 6
ചെന്നൈയിന് – 3
സമനില – 3
ഇന്ന് ജയിക്കാനായാല്‍ നോര്‍ത്ത് ഈസ്റ്റിന് പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്താനാകും.