KERALA ELECTION 2021

‘നീതി നിഷേധം’; പ്രവാസികള്‍ക്ക് തപാല്‍ വോട്ട് നിഷേധിച്ചതില്‍ പ്രതിഷേധം

കൊച്ചി: പ്രവാസികള്‍ക്ക് തപാല്‍ വോട്ട് നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധം. സമ്പദ്ഘടനയുടെ തെടുംതൂണായ പ്രവാസികളുടെ ജനാധിപത്യ അവകാശം നിഷേധിക്കുകയാണ് നടപടിയെന്ന് സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം തപാല്‍ വോട്ടവകാശം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയുണ്ടാവുകയില്ലെന്നും കമ്മീഷന്‍ എടുത്തു പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാന്‍ അവസരം നിഷേധിക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നാണ് പ്രവാസികളുടെ പ്രതികരണം.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്. കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ് നടക്കുമെന്നും മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആയിരിക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ ഒറ്റഘട്ടമായാണ് കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.

Latest News