‘സര്‍ക്കാര്‍ പരിശോധനയില്ല, തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല’; തെലങ്കാനയിലെ വ്യവസായ അന്തരീക്ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വ്യവസായികളുടെ പറുദീസയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് അവകാശപ്പെടുന്ന തെലുങ്കാനയിലെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ തുറന്ന് പറഞ്ഞ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവാവ്. തെലങ്കാനയിലെ മിക്ക വ്യവസായ സ്ഥാപനങ്ങളിലും നടക്കുന്നത് തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും എന്നാല്‍ രാഷ്ട്രീയസ്വാധീനമുള്ള സമ്പന്നര്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളായത് കൊണ്ടാണ് ഇതൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നതെന്നും യുവാവ് ആരോപിക്കുന്നു. ശക്തമായ സര്‍ക്കാര്‍ സംവിധാനമുള്ള കേരളത്തില്‍ തൊഴിലാളികളെ പട്ടിണിക്കിട്ടു പണിയെടുപ്പിക്കാന്‍ സാബുവിന് പറ്റിയെങ്കില്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കുമെന്നും നല്ല കൈക്കൂലി കൊടുത്താല്‍ വേണമെങ്കില്‍ […]
11 July 2021 6:06 AM GMT
അനുപമ ശ്രീദേവി

വ്യവസായികളുടെ പറുദീസയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ് അവകാശപ്പെടുന്ന തെലുങ്കാനയിലെ തൊഴിലിടങ്ങളിലെ സാഹചര്യങ്ങള്‍ തുറന്ന് പറഞ്ഞ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവാവ്. തെലങ്കാനയിലെ മിക്ക വ്യവസായ സ്ഥാപനങ്ങളിലും നടക്കുന്നത് തൊഴിലാളി വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും എന്നാല്‍ രാഷ്ട്രീയസ്വാധീനമുള്ള സമ്പന്നര്‍ നടത്തുന്ന വ്യവസായ സ്ഥാപനങ്ങളായത് കൊണ്ടാണ് ഇതൊന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്നതെന്നും യുവാവ് ആരോപിക്കുന്നു.
ശക്തമായ സര്‍ക്കാര്‍ സംവിധാനമുള്ള കേരളത്തില്‍ തൊഴിലാളികളെ പട്ടിണിക്കിട്ടു പണിയെടുപ്പിക്കാന്‍ സാബുവിന് പറ്റിയെങ്കില്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കുമെന്നും നല്ല കൈക്കൂലി കൊടുത്താല്‍ വേണമെങ്കില്‍ കൊല വരെ നടത്താന്‍ സാധിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പില്‍ യുവാവ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
മധു, ഞങ്ങളുടെ കമ്മ്യുണിറ്റിയില്‍ വണ്ടി കഴുകാന്‍ വരുന്ന ആളാണ് .അഞ്ചു മണിക്ക് വന്നു ഞങ്ങളുടെ ലെയിനിലെ തന്നെ ഒരു അഞ്ചു കാര്‍ കഴുകി ഇടും. ബക്കറ്റും ബ്രുഷും സ്പോഞ്ചും എല്ലാം അവന് തന്നെ കൊണ്ട് വരും. ഷാംപു മാത്രം നമ്മള് വീടിനു പുറത്തു വെച്ചാല്‍ മതി. അത് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗാര്ഡന് നനയ്ക്കാന്‍ തുടങ്ങും. പിന്നെ ചില വീടുകളില്‍ എല്ലാ വീകെന്റിലും ചെന്ന് ചിലന്തിവല ഒക്കെ അടിക്കും. ടെമ്പററി ഡ്രൈവര്‍ ആകും. എന്റെ അയല്ക്കാരന് മൈക്രോസോഫ്ട് ഉദ്യോഗസ്ഥന് വീക്കെന്‍ഡില്‍ എവിടേലും അടിച്ചു ഓഫാകുമ്പോല് മധു ഓട്ടോ വിളിച്ചു പോയി പുള്ളിയെ ഡ്രൈവ് ചെയ്തു തിരികെ എത്തിക്കും..അങ്ങനെ എന്ത് വേണമെങ്കിലും ചെയ്യുന്ന ഒരു യുവാവ്. പക്ഷെ ഒന്‍പതു മണിക്കും രാത്രി പത്തു മാണിക്കും ഇടയില്‍ ഇവനെ കിട്ടില്ല. ഒരിക്കല്‍ ഒരു ഡ്രൈവറുടെ ആവശ്യം വന്നപ്പോള്‍ ഞാന്‍ വിളിച്ചു. കിട്ടിയില്ല, പിന്നെ ഒരു ഊബര്‍ വിളിച്ചു പോകേണ്ടി വന്നു. പിറ്റേന് രാവിലെ മധുവിനെ കണ്ടപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു. അപ്പോഴാണ് മനസിലായത് ഇവാന് വര്‍ക്ക് ചെയ്യുന്നത് വെങ്കീസ് എന്ന കമ്പനിയില്‍ ആണ്. ഫേമസ് കമ്പനിയാണ്. പ്രൊസസ്ഡ് ഫുഡ് ആണ് അവരുടെ മെയിന്‍. ഇവിടെ അടുത്താണ് ഫാക്ടറി. റിങ് റോഡിലൂടെ പോകുമ്പോള്‍ കാണാം. പതിന്നാലു മണിക്കൂര്‍ ഒക്കെ വര്‍ക്ക് ആണ് മിക്ക ദിവസങ്ങളിലും. രാവിലെ ഒന്‍പതിന് പണിക്കു കേറുന്നവന് രാത്രി പന്ത്രണ്ടിന് ഒക്കെയാണ് വീട്ടില്‍ എത്തുന്നത്. ദിവസം മുന്നൂറ്റന്പത് രൂപയാണ് അവന്റെ ശമ്പളം. ഞെട്ടിപ്പോയി. ഒരു മാസം പതിനോരായിരം. ഞാന്‍ കണക്കു കൂട്ടി നോക്കി. ആധുനിക വാക്സിനുകളും, പ്രോസസ്ഡ് ഫുഡ്ഡും, ഹെല്ത്കെയര് ഉല്പന്നങ്ങളും ഉണ്ടാക്കുന്ന ഒരു വന്‍ കമ്പനി അവരുടെ ഒരു യൂണിറ്റിലെ സ്കില്‍ഡ് ലേബരര്ക്കു കൊടുക്കുന്ന ദിവസക്കൂലി 350 കുണുവയെക്കാള് കൂടുതല്‍ അവനു ഞങ്ങളുടെ ഈ ലെയിനിലെ അഞ്ചു ഫാമിലികള്‍ കൊടുക്കുന്നുണ്ട്. അവന് വേറെ ലെയിനിലും പല വീടുകളിലും വര്‍ക്ക് ചെയ്യുന്നുണ്ട്. ഒരു ആവറേജ് കണക്കു വെച്ച് ഈ കമ്യുണിറ്റിയില്‍ നിന്ന് മാത്രം ഒരു മാസം ഇരുപത്തിനായിരത്തിനു അടുത്ത് അവനു കിട്ടും. കോവിദഃ തുടങ്ങിയ കാലത്തു സ്കൂളൊക്കെ പൂട്ടിയപ്പോള്‍ ഞങ്ങള്‍ അഞ്ചാറ് പേര് ചേര്‍ന്ന് അവന്റെ മകള്‍ക്കു ഒരു ടാബ് വാങ്ങി കൊടുത്തിരുന്നു. വെങ്കീസ് ആകട്ടെ, മൂന്നു മാസത്തേക്ക് പ്രൊഡക്ഷന്‍ കുറഞ്ഞു എന്നതിന്റെ പേരില്‍ മുന്നൂറ്റന്പത് എന്നത് കുറച്ചു ഇരുന്നൂറ്റന്പത് ആക്കുകയും ചെയ്തു. ചുരുക്കം പറഞ്ഞാല്‍ അവന്റെ ബ്രാന്‍ഡഡ് കമ്പനി അവരുടെ തൊഴിലാളിക്ക് വേണ്ടി ചെയ്തതില്‍ കൂടുതല്‍ കുറച്ചു ചെറിയ ഫാമിലികള്‍ ചേര്‍ന്ന് അവനു വേണ്ടി ചെയ്തിട്ടുണ്ട്. പ്ലസ്ടു സയന്‍സ് പാസായവന് ആണ്. പരമ്പരാഗത തൊഴില്‍ പശു വളര്‍ത്തല്‍ ആണ്. ‘ചാണകം വാരിയാല്‍ ഇതിനെക്കാളും അന്തസ്സുണ്ട്, അണ്ണാ’ എന്നാണു അവന് ഒരിക്കല്‍ പറഞ്ഞത്.
അപ്പൊ പറഞ്ഞു വന്നത് ഇതാണ്. കോളേജിലെ കുട്ടികളുടെ കൂടെ വ്യവസായശാലകള്‍ സന്ദര്‍ശിക്കാനുള്ള അനുപമ മുഹൂര്‍ത്തങ്ങള്‍ ഒരുപാടു വീണു കിട്ടിയിട്ടുണ്ട്, അഞ്ചാറ് വര്‍ഷത്തെ കരിയറിനുള്ളില്‍. പലയിടത്തും താഴെത്തട്ടിലെ തൊഴിലാളികളുടെ അവസ്ഥ വളരെ വളരെ മോശമാണ്. എല്ലാവരും ആര്‍ത്തുല്ലസിച്ചു കുടിക്കുന്ന സാധനമാണ് ആര്‍സി കോള. റമ്മിലൊഴിച്ചു കഴിക്കാന്‍ മറ്റു ഏതു സോഡയെക്കാളും നല്ലതാണു. ഹൈദരാബാദില്‍ നല്ല ഡിമാന്‍ഡ് ഉള്ള സാധനം ആണ്. പല ഫേമസ് റെസ്റ്റാറ്റാന്റിലും ബിരിയാണി + ആര്‍സി കോള എന്ന ബോര്‍ഡ് കാണാം. എന്റെ വീടീന്ന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് ഇതിന്റെ ഏക ഫാക്ടറി. പോയി നോക്കിയാല്‍ അറിയാം അവസ്ഥ. തൊഴിലാളികള്‍ക്ക് യൂണിഫോം ഇല്ല, പ്രൊട്ടക്ഷന്‍ ഗീയര്‍ ഇല്ല. മൂത്രമൊഴിക്കാന്‍ ആശ്രയം അടുത്ത പറമ്പ്. ഫുഡ് കഴിക്കുന്നത് റോഡ്സൈഡില്‍. അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഫങ്ഷന് ഹാളിന്റെ പരിസരത്തു. ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഒരു പുരുഷനായ മധുവിന് മുന്നൂറ്റന്പത് രൂപ മാത്രം ദിവസക്കൂലി കൊടുക്കുമ്പോള്‍ ഒരു സ്ത്രീക്ക് അതിലും എത്രയോ താഴെ ആയിരിക്കും വെങ്കീസ് കൊടുക്കുന്നത്.
ഇതൊന്നും അന്വേഷിക്കാന്‍ ഒരുത്തനും വരത്തില്ല. കാരണം ഗോവെര്ന്മേന്റില് തന്നെ ഉള്ള റെഡ്ഡിമാരും റാവുമാരും ഒക്കെയാണ് ഇതൊക്കെ നടത്തുന്നത്. അങ്ങനെയുള്ള സ്ഥലത്തേക്കാണ് കിറ്റെക്സ് സാബു ലുങ്കിയുടുത്തു വരുന്നത്. നല്ലതാ സാബുവേ. ആള്‍ക്കാരെ പിഴിയാന്‍ കേരളത്തിനേക്കാളും നല്ല സ്ഥലമാണ് തെലങ്കാന. ശക്തമായ ഗവണ്മെന്റ് സംവിധാനം ഉള്ള കേരളത്തില്‍ ആള്‍ക്കാരെ പട്ടിണിക്കിട്ടു പണിയെടുപ്പിക്കാന്‍ സാബുവിന് പറ്റിയെങ്കില്‍ ഇവിടത്തെ സ്ഥിതി എന്തായിരിക്കും. നല്ല കൈക്കൂലി കൊടുത്താല്‍ സാബുവിന് വേണമെങ്കില്‍ കൊല വരെ നടത്തവും. ആരും ചോദിച്ചോണ്ടു വരത്തില്ല.
വാല്: സാബുവിന് രണ്ടു കാര്യങ്ങള്‍ സംഭവിക്കാം. ഒന്ന്, കൈക്കൂലി കൊടുത്തു സാബു മെഴുകും. രണ്ടു, ഇവിടെ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ റെഡ്ഡിമാരും, റാവുമാരും നായിഡുമാരും കൂടെ ചേര്‍ന്ന് സാബുവിനെ പൊരിച്ചു തിന്നും.
Also Read:‘കേരളത്തിലേക്ക് ഇനി ഒരു രൂപ ചെലവാക്കില്ല’; തെലുങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമെന്ന് സാബു ജേക്കബ്
ദേശീയ മാധ്യമമായ ദി ന്യൂസ് മിനിറ്റ് തെലങ്കാനയിലെ വ്യവസായ സാഹചര്യങ്ങളില്‍ ഇളവുവരുത്തിയ ഫെബ്രുവരിയിലെ ഒരു സര്‍ക്കാര്‍ ഉത്തരവിനെക്കുറിച്ച് ഈവര്‍ഷം മാര്‍ച്ച് 15 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഈ വിവരങ്ങളെ സാധൂകരിക്കുന്നതാണ്.

വ്യവസായ സൗഹൃദ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ലോക ബാങ്ക് പ്രസിദ്ധീകരിക്കുന്ന സൂചികയായ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാനത്തെ വ്യവസായങ്ങളുടെ പാലിക്കല്‍ ഭാരത്തില്‍ ( കംപ്ലയന്‍സ് ബര്‍ഡന്‍ ) ഇളവുവരുത്തി തെലങ്കാന ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് ഈ റിപ്പോര്‍ട്ടു പറയുന്നത്.
ഒരു വ്യവസായത്തിന്റെ പ്രവര്‍ത്തനത്തില്‍ അതത് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെയും ചട്ടങ്ങളെയുമാണ് പാലിക്കല്‍ ഭാരം എന്നു പറയുന്നത്. ബജറ്റുകള്‍, മാനവവിഭവശേഷി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ അടങ്ങുന്ന വ്യവസ്ഥകള്‍ അടങ്ങുന്നതാണ് പാലിക്കല്‍ ഭാരം.
ഇതനുസരിച്ച് സര്‍ക്കാര്‍ മുന്‍പ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരുന്ന 623 ഓളം വ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ഒരു പരാതിയോ അപകടമോ ഉണ്ടാകാത്ത പക്ഷം വ്യവസായ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ഉണ്ടാകില്ലെന്ന ഗുരുതര പ്രഖ്യാപനം ഈ ഉത്തരവിന്റെ പൊതുനിര്ദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തൊഴിലാളികളുടെ അവധിദിവസങ്ങള്‍, മെഡിക്കല്‍ സൗകര്യങ്ങളുടെ ലഭ്യത, ശുചിമുറികള്‍, ഷെല്‍ട്ടറുകള്‍, ഉച്ചഭക്ഷണം, കുടിവെള്ള വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരിശോധിക്കപ്പെടാതെ പോകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
തൊഴിലാളികളുടെ അവകാശവുമായി ബന്ധപ്പെട്ട ഈ വ്യവസ്ഥകള്‍ക്ക് പുറമെ ഫാക്ടറികളിലെ മാലിന്യ സംസ്കരണം, രാസ, വിഷ വസ്തുക്കളുടെ പരിധി, തീ പിടിക്കാതിരിക്കാനും പടരാതിരിക്കാനുമുള്ള സുരക്ഷാ നടപടികള്‍, അഗ്നിശമന ഉപകരണങ്ങളുടെയും പതിവ് അറ്റകുറ്റപ്പണി, മറ്റ് സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിങ്ങനെ വ്യവസായ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ട നിയമങ്ങളിലും ഉത്തരവുപ്രകാരം സര്‍ക്കാര്‍ പരിശോധനകളുണ്ടാകില്ല എന്നതായിരുന്നു ഫലം.
വനിതാ തൊഴിലാളികളുടെ അവകാശങ്ങള്‍, ബാലവേല നിരോധനം, അപകടകരമായ യന്ത്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവയിലെല്ലാം ഉത്തരവു പ്രകാരം നിയമങ്ങളെ കാറ്റില്‍ പറത്തി വ്യവസായികള്‍ക്ക് തെലങ്കാനയില്‍ പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ ഇടപെടില്ല.

‘1984 ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തെത്തുടര്‍ന്ന് കര്‍ശനമാക്കിയ ഫാക്ടറീസ് നിയമത്തിലെ നിയന്ത്രണങ്ങള്‍ക്കെതിരാണ് ഈ വ്യവസ്ഥകളില്‍ പലതും. ഈ വര്‍ഷം ബന്തുപ്പള്ളിയിലെ കെമിക്കല്‍ യൂണിറ്റില്‍ ഉണ്ടായ തീപിടുത്തവും കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ വിശാഖപട്ടണത്ത് എല്‍ജി പോളിമര്സില് ഉണ്ടായ വാതക ചോര്‍ച്ച അപകടവും മറന്നാണ് സര്‍ക്കാര്‍ ഈ ഇളവുകളുമായി വ്യവസായികളെ സ്വീകരിക്കുന്നത് എന്നത് അവിശ്വസനീയമാണ്. അപകടമുണ്ടായി നിരപരാധികളായ പാവപ്പെട്ട തൊഴിലാളികളുടെ ജീവന് നഷ്ടപ്പെടുമ്പോള്‍ മാത്രമേ ഇത്തരം ഗുരുതരമായ വീഴ്ചകള്‍ സര്‍ക്കാര്‍ അറിയുക പോലുമുള്ളൂ എന്ന അവസ്ഥ ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതാണ്’-വിഷയത്തില്‍ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ഇഎഎസ് ശര്‍മ്മ അഭിപ്രായപ്പെടുന്നു.