നിവിൻ പോളി- ആസിഫ് അലി കൂട്ടുകെട്ടിൽ എബ്രിഡ് ഷൈൻ ചിത്രം; ‘മഹാവീര്യറി’ന് രാജസ്ഥാനിൽ തുടക്കം

നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരായെത്തുന്ന പുതിയ ചിത്രം മഹാവീര്യറിന് രാജസ്ഥാനിൽ തുടക്കം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. നിവിൻ പോളിയും സൈഫ് അലിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പൂജ വിശേഷങ്ങൾ അറിയിച്ചത്.

ഞങ്ങളുടെ പുതിയ പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷം. സൂപ്പർ ടാലന്റഡായ എബ്രിഡ് ഷൈനോടൊപ്പം ഒരിക്കൽ കൂടെ ഒന്നിക്കുന്നു. എന്റെ പ്രിയ സഹോദരൻ ആസിഫ് അലിയും സിദ്ദിഖും ചിത്രത്തിന്റെ ഭാഗമാകുന്നു.

നിവിൻ പോളി

‘1983’, ‘ആക്ഷൻ ഹീറോ ബിജു’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് മൂന്നാം തവണയാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സിന്റെയും ഇന്ത്യൻ മൂവി മേക്കേഴ്‌സിന്റെയും ബാനറിൽ നിവിൻ പോളിയും ഷംനാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, കന്നട ചിത്രങ്ങളിലൂടെ പ്രശസ്തയായ ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക. ഷാൻവിയുടെ ആദ്യ മലയാളം സിനിമയാണ് മഹാവീര്യർ. നടൻ സിദ്ദിഖും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാജസ്ഥാന് പുറമെ തൃപ്പൂണിത്തുറയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്.

അതേസമയം നിവിൻ പോളി നായകനായെത്തുന്ന തുറമുഖം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. 1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമ ഒരുങ്ങുന്നത്. ബിജുമേനോന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Latest News