Top

സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ രണ്ട് വര്‍ഷമെടുക്കും, ഈ വര്‍ഷം ജിഡിപി നിരക്കുയരും; സാമ്പത്തികസര്‍വ്വേ പറയുന്നതിങ്ങനെ

കൊവിഡിന് ശേഷം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരിക്കും ഇന്ത്യയുടേതെന്ന് സര്‍വ്വേ പറയുന്നു.

29 Jan 2021 5:58 AM GMT

സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കാന്‍ രണ്ട് വര്‍ഷമെടുക്കും, ഈ വര്‍ഷം ജിഡിപി നിരക്കുയരും; സാമ്പത്തികസര്‍വ്വേ പറയുന്നതിങ്ങനെ
X

കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി 2020-21 വര്‍ഷം രാജ്യത്തിന്റെ സാമ്പത്തികരംഗം വിലയിരുത്തുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ സമര്‍പ്പിച്ചു. കൊവിഡ് മഹാമാരിയുടെ വ്യാപനം തടയിടാനായി ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തികരംഗത്തെ പുനരുജ്ജീവിപ്പിക്കാന്‍ രണ്ടുവര്‍ഷമെടുക്കുമെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. ഈ വര്‍ഷത്തെ മൊത്ത ആഭ്യന്തരഉത്പ്പാദനം 7.7 ശതമാനമായി ചുരുങ്ങുമെങ്കിലും 2022ല്‍ സാമ്പത്തിക വളര്‍ച്ച 11 ശതമാനത്തിലേക്കെത്തുമെന്നാണ് സര്‍വ്വേ പറയുന്നത്.

കൊവിഡിന് ശേഷം ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരിക്കും ഇന്ത്യയുടേതെന്ന് സര്‍വ്വേ പറയുന്നു. എത്ര വേഗത്തിലാണ് ഇന്ത്യ കൊവിഡിന് ശേഷം അതിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം വീണ്ടെടുക്കുന്നതെന്ന് അടുത്ത വര്‍ഷത്തെ വളര്‍ച്ചാനിരക്ക് തെളിയിക്കുമെന്നും സര്‍വ്വേ സൂചന നല്‍കുന്നു. വി ഷേപ്പ് സാമ്പത്തിക വളര്‍ച്ചയായിരിക്കും അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രകടമാകുകയെന്നും സാമ്പത്തികസര്‍വ്വേ പ്രവചിക്കുന്നു.

2020 ഡിസംബര്‍ 23ന് തയ്യാറാക്കിയ കണക്ക് പ്രകാരം ഇന്ത്യയില്‍ 41,061 സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ളതായി കണ്ടെത്തിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്. 39000 സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ 470000 ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയതായും സര്‍വ്വേ വിലയിരുത്തി. പാചകവാതകം, വെള്ളം, പാര്‍പ്പിടം മുതലായ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സമയബന്ധിതമായി അടുത്ത സാമ്പത്തികവര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും സര്‍വ്വേയില്‍ സൂചനയുണ്ട്.

മുഖ്യ സാമ്പത്തികഉപദേഷ്ടാവായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനാണ് സാമ്പത്തികസര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നിര്‍മ്മാണ, ഉല്‍പ്പാദന മേഖലകളില്‍ കൊവിഡ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയതായി സര്‍വ്വേ മുഖ്യമായും വിലയിരുത്തുന്നു. ധനകമ്മി വന്‍തോതില്‍ ഉയര്‍ന്നേക്കുമെന്നും സര്‍വ്വേയില്‍പ്പറയുന്നു. സാമ്പത്തികരംഗത്തെ സഹായിക്കാനായി ധനനയം ലഘൂകരിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയക്ക് നിര്‍ദ്ദേശം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ എട്ടുവരെയാണ് നടക്കുക.

Next Story

Popular Stories